മണിയെ അറസ്റ്റു ചെയ്യാന്‍ അധികാരമുണ്ടെന്ന് ഐ.ജി
Kerala
മണിയെ അറസ്റ്റു ചെയ്യാന്‍ അധികാരമുണ്ടെന്ന് ഐ.ജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd July 2012, 12:35 pm

തിരുവനന്തപുരം: സി.പി.ഐ.എം ഇടുക്കി മുന്‍ ജില്ലാസെക്രട്ടറി എം.എം മണിയെ അറസ്റ്റു ചെയ്യാന്‍ അധികാരമുണ്ടെന്ന് ഐ.ജി പത്മകുമാര്‍. അന്വേഷണ സംഘത്തോട് മണി സഹകരിക്കണമെന്നും ഐ.ജി പറഞ്ഞു. കോട്ടയത്ത് നടന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു പ്രതിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇതില്‍ കൂടുതല്‍ സമയം അനുവദിക്കാനാവില്ലെന്ന് ഐ.ജി പറഞ്ഞു. കൂടാതെ കോടതിയില്‍ പോകുന്നു എന്നതിന്റെ പേരില്‍ പ്രതിക്ക് സമയം അനുവദിക്കാനുള്ള നിയമവ്യവസ്ഥയില്ല. കോടതിയില്‍ ആര്‍ക്കുവേണമെങ്കിലും പോകാം. എന്നാല്‍ അതിന്റെ പേരില്‍ അന്വേഷണം അനിശ്ചിതമായി വൈകിപ്പിക്കാന്‍ കഴിയില്ല. പോലീസിന് നിയമവ്യവസ്ഥയില്‍ ചില പ്രത്യേക അധികാരമുണ്ട്. ഈ അധികാരങ്ങള്‍ അതിന്റെ സമയത്തും രീതിയിലും പോലീസ് സ്വീകരിച്ച് അന്വേഷണം മുന്നോട്ടു കൊണ്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിവാദ പ്രസംഗത്തിന്റെ പേരില്‍ അന്വേഷണം നേരിടുന്ന എം.എം മണി ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം നോട്ടീസ് അയച്ചിരുന്നു.  ഇന്ന് ഹാജാരാകാനായിരുന്നു നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ ഹാജരാകാന്‍ 10 ദിവസത്തെ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് മണി അന്വേഷണ സംഘത്തെ സമീപിക്കുകയായിരുന്നു. കേസില്‍ തനിക്കെതിരായ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാന്‍ മണി തീരുമാനിച്ച സാഹചര്യത്തിലാണിത്. മണിയുടെ മറുപടിയ്ക്കുശേഷമാണ് അന്വേഷണ സംഘം ഐജിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്.

അന്വേഷണ സംഘത്തിന് മുന്‍പാകെ ഹാജരാകണമെന്നാവശ്യപ്പെട്ട് നേരത്തെയും മണിക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ മണി ഹാജരായിരുന്നില്ല. പ്രസംഗത്തിന്റെ പേരില്‍ തനിക്കെതിരെ കേസെടുത്ത നിയമനടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയ സാഹചര്യത്തിലായിരുന്നു മണി നേരത്തെ ഹാജരാകാതിരുന്നത്. എന്നാല്‍ ഹരജി തള്ളിയ ഹൈക്കോടതി മണിയ്‌ക്കെതിരെ അന്വേഷണം നടത്താന്‍ നിര്‍ദേശിക്കുകയായിരുന്നു.

രാഷ്ട്രീയ ഏതിരാളികളെ പാര്‍ട്ടി വകവരുത്തിയിട്ടുണ്ടെന്ന മണിയുടെ പ്രസംഗമാണ് വിവാദമായത്. ഇടുക്കിയില്‍ നടന്ന മൂന്ന് കൊലപാതകങ്ങള്‍ അക്കമിട്ട് പറഞ്ഞായിരുന്നു മണിയുടെ പ്രസംഗം. ഇതേ തുടര്‍ന്ന് പാര്‍ട്ടി ജില്ലാസെക്രട്ടറി സ്ഥാനത്ത് നിന്ന് മണിയെ പുറത്താക്കിയിരുന്നു.