ഷട്ടറിന് മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്‌കാരം
Movie Day
ഷട്ടറിന് മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്‌കാരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 14th December 2012, 4:56 pm

തിരുവനന്തപുരം: പതിനേഴാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്‌കാരം മലയാള ചിത്രം ഷട്ടറിന്. ജോയ് മാത്യുവാണ് ചിത്രം സംവിധാനം ചെയ്തത്.[]

നിതിന്‍ കക്കറിന്റെ ഫിലിമിസ്ഥാനെയും മലയാളിയായ കെ.എം കമലിന്റെ ഐ.ഡി യേയും പിന്തള്ളിയാണ് ഷട്ടര്‍ പ്രേക്ഷകരുടെ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. രണ്ടു രാത്രിയിലും ഒരു പകലിലും നടക്കുന്ന കഥയാണ് ഷട്ടര്‍ പറയുന്നത്.

കോഴിക്കോട്ടെ ഓട്ടോ തൊഴിലാളിയായ സുരന്‍, സിനിമ മോഹവുമായി ഇറങ്ങിപ്പുറപ്പെടുന്ന മനോഹരന്‍, പ്രവാസ ജീവിതം അവസാനിപ്പിച്ചെത്തുന്ന റഷീദ്, വേശ്യയായ എന്നിവരിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്.

ജോണ്‍ എബ്രാഹാമിന്റെ “അമ്മ അറിയാന്‍” എന്ന സിനിമയില്‍ നായകനായി അഭിനയിച്ചിട്ടുള്ള ജോയ് മാത്യു സംവിധാനം ചെയ്ത പ്രഥമച്ചിത്രമാണ് ഷട്ടര്‍. ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരി താഴുകയാണ്.

അബ്ര ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ സത്യന്‍ ബുക്ലറ്റ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് . ചിത്രത്തിന്റെ ശബ്ദസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് റസൂല്‍ പൂക്കുട്ടിയാണ്. ഷഹബാസ് അമനാണ് സംഗീതം നല്‍കിയിരിക്കുന്നത്.

ശ്രീനിവാസന്‍, ലാല്‍, സജിതാ മഠത്തില്‍, വിനയ് ഫോര്‍ട്ട്, 22 ഫീമെയില്‍ കോട്ടയം ഫെയിം റിയ സൈറ (ടിസ്സ എബ്രഹാം) എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു. ഇവരെ കൂടാതെ നിരവധി നാടക പ്രവര്‍ത്തകരും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.