ചണ്ഡീഗഡ്: ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. അഞ്ചു മാസമായി ഇന്ത്യന്‍ മണ്ണിലുള്ള ചൈനീസ് സാന്നിധ്യത്തെ പറ്റി മോദി നിശബ്ദനാണെന്നു പറഞ്ഞ രാഹുല്‍ പ്രധാനമന്ത്രി ഒരു ഭീരുവാണെന്നും അഭിപ്രായപ്പെട്ടു.
ഹരിയാനയില്‍ നടന്ന കര്‍ഷക റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. കോണ്‍ഗ്രസ് ആയിരുന്നു അധികാരത്തിലെങ്കില്‍ അതിര്‍ത്തിയില്‍ നിന്നും 100 കിലോമീറ്റര്‍ ദൂരത്ത് ചൈനയെ നിര്‍ത്തിയേനെയെന്നും രാഹുല്‍ പറഞ്ഞു.
‘ നമ്മുടെ ഭൂമി ആരും എടുത്തിട്ടില്ലെന്ന് ഭീരുവായ പ്രധാനമന്ത്രി പറയുന്നു. എന്നാല്‍ ഇന്ന് സ്വന്തം ഭൂമി മറ്റൊരു രാജ്യം ഏറ്റെടുത്ത ഒരു രാജ്യമേ ലോകത്തുള്ളൂ. പ്രധാനമന്ത്രി എന്നിട്ട് സ്വയം ദേശഭക്തന്‍ എന്നു വിളിക്കുന്നു. ഞങ്ങള്‍ അധികാരത്തിലുന്നെങ്കില്‍ അതിര്‍ത്തിയില്‍ നിന്ന് 100 കിലോ മീറ്റര്‍ അകലേക്ക് 15 മിനുട്ടിനുള്ളില്‍ ചൈനയെ പുറത്താക്കുമായിരുന്നു,’ രാഹുല്‍ഗാന്ധി പ്രസംഗത്തില്‍ പറഞ്ഞു.
നേരത്തെ പഞ്ചാബില്‍ നടന്ന റാലിയിലും മോദിക്കെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു. രാജ്യത്ത് നടക്കുന്ന സംഭവവികാസങ്ങളെ പ്രധാനമന്ത്രി കാര്യമാക്കുന്നില്ലെന്നും സ്വന്തം പ്രതിഛായ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നുമായിരുന്നു രാഹുലിന്റെ വിമര്‍ശനം. കാര്‍ഷിക ബില്ലിനെതിരെ നടക്കുന്ന ഖേതി ബച്ചാവോ റാലി നിലവില്‍ പഞ്ചാബില്‍ നിന്നും ഹരിയാനയിലെത്തിയിട്ടുണ്ട്.
പഞ്ചാബ്-ഹരിയാന അതിര്‍ത്തി പാലത്തില്‍ വെച്ച് ഹരിയാന പൊലീസ് റാലി തടഞ്ഞെങ്കിലും പിന്നീട് പ്രവേശനാനുമതി ലഭിക്കുകയായിരുന്നു. ഹരിയാനയിലേക്ക് പ്രവേശിക്കാന്‍ എത്ര സമയം വരെ കാത്തിരിക്കാന്‍ തയ്യാറാണെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക