ഇടുക്കി: ഇടുക്കി ഡാം തുറന്നു. ഒരു ഷട്ടര്‍ തുറന്ന് 50 ക്യൂമെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ ഇന്നു 11മണിക്ക് തുറക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചിരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 132 അടിയായി ഉയര്‍ന്നിട്ടുണ്ട്. 3474ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്
2387.64 അടിയാണ് ഇടുക്കി അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. പരമാവധി സംഭരണ ശേഷിയായ 2403 അടിയില്‍ എത്തണമെങ്കില്‍ 15അടി വെള്ളം കൂടി വേണം.
ഇടുക്കി പാംബ്ല ഡാമില്‍ നിന്നും ഇന്ന് 150 ക്യുമെക്‌സ് വെള്ളം തുറന്നു വിടും. പാംബ്ല ജലസംഭരണിയിലെ ജലവിതാനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ലോവര്‍ പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ രാവിലെ 10 മണി മുതല്‍ ഘട്ടം ഘട്ടമായി തുറന്ന് 150ക്യുമെക്‌സ് വരെ ജലം പെരിയാറിലേക്ക് തുറന്നു വിടും. പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ അറിയിച്ചു.
ആനത്തോട്, കൊച്ചുപമ്പ, മൂഴിയാര്‍, ബാണാസുരരാഗര്‍ , മീങ്കര, വാളയാര്‍, ചുളളിയാര്‍, പോത്തുണ്ടി, മംഗലം ഡാമുകളും ഇന്നലെ തുറന്നു. വെള്ളം കുടുതല്‍ എത്താനുള്ള സാഹചര്യം കണക്കിലെടുത്ത് പമ്പ ത്രിവേണിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചു. തെന്മല പരപ്പാര്‍, ചിമ്മിനി ഡാമുകളുടെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി.
അതേസമയം കോഴിക്കോട് കക്കയം ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഒരടിവരെ ഉയര്‍ത്തി. ഒന്നര അടിവരെ ഉയര്‍ത്തുമെന്ന് മുന്നറിയിപ്പുണ്ട്. താമരശേരി കണ്ണപ്പന്‍കുണ്ടിനോട് ചേര്‍ന്നുള്ള വനമേഖലയില്‍ ഉരുള്‍പൊട്ടലിനെത്തുടര്‍ന്നുണ്ടായ പുഴയിലെ നീരൊഴുക്ക് കുറഞ്ഞു.
കലക്ട്രേറ്റില്‍ ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്. . മല്‍സ്യബന്ധനത്തിനായി ബേപ്പൂര്‍, പുതിയാപ്പ, കൊയിലാണ്ടി എന്നിവിടങ്ങളില്‍ നിന്ന് പോയിരുന്ന തൊഴിലാളികളില്‍ ഭൂരിഭാഗവും തിരിച്ചെത്തിയതായി തുറമുഖവകുപ്പ് അറിയിച്ചു.