കോഴിക്കോട്: ഷെയ്ന്‍ നിഗം ആവശ്യപ്പെട്ടാല്‍ വിലക്കില്‍ ഇടപെടുമെന്ന് അഭിനേതാക്കളുടെ സംഘടനയായ എ.എം.എം.എ ജനറല്‍ സെക്രട്ടറി ഇടവേള ബാബു. അംഗത്തെ സംരക്ഷിക്കുക സംഘടനയുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം തങ്ങള്‍ക്കൊക്കെ അറിയാമെന്നും ആരും അതു പുറത്തു പറയുന്നില്ലെന്നേയുള്ളൂവെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു.
‘ഷെയ്ന്‍ ഇതുവരെ സംഘടനയെ സമീപിച്ചിട്ടില്ല. ഷെയ്‌നിന്റെ ഭാഗത്തു തെറ്റുണ്ടെന്നു മനസ്സിലാക്കുന്നു. ഷെയ്‌നിനു പ്രായത്തിന്റേതായ പ്രശ്‌നങ്ങളുണ്ട്. തൊഴില്‍ ചെയ്യാനുള്ള അവസരം ഇല്ലാതാക്കാന്‍ ശ്രമിക്കില്ല.’- ഇടവേള ബാബു പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
തൊണ്ണൂറു വര്‍ഷത്തെ മലയാള സിനിമാ ചരിത്രത്തില്‍ ഒരു നടനും പെരുമാറാത്ത രീതിയിലാണ് ഷെയ്‌നിന്റെ ഇടപെടലുകളെന്ന് ആരോപിച്ചാണ് നിര്‍മ്മാതാക്കളുടെ സംഘടന ഷെയ്ന്‍ നിഗത്തിന് വിലക്കേര്‍പ്പെടുത്തിയത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഷെയ്ന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന വെയില്‍, കുര്‍ബാനി സിനിമകള്‍ ഉപേക്ഷിക്കാന്‍ അവര്‍ തീരുമാനിച്ചിരുന്നു. ഈ സിനിമകള്‍ക്കു ചെലവായ തുക നല്‍കാതെ ഷെയ്നിനെ ഇനി മലയാള സിനിമകളില്‍ അഭിനയിപ്പിക്കില്ലെന്നും ഇതുവരെ ചെലവായ തുക ഷെയ്‌നില്‍ നിന്ന് ഈടാക്കുമെന്നും അവര്‍ പറഞ്ഞു. രണ്ട് സിനിമകള്‍ക്ക് ചെലവായത് ഏഴുകോടി രൂപയാണ്.