നൂറ്റാണ്ടിന്റെ ഫോട്ടോ; ഇനിയില്ലാ ഈ കൂട്ടുക്കെട്ട്; മനസില്‍ തട്ടുന്ന ബ്രോഡ്-ആന്‍ഡേഴ്‌സണ്‍ ചിത്രം
trending
നൂറ്റാണ്ടിന്റെ ഫോട്ടോ; ഇനിയില്ലാ ഈ കൂട്ടുക്കെട്ട്; മനസില്‍ തട്ടുന്ന ബ്രോഡ്-ആന്‍ഡേഴ്‌സണ്‍ ചിത്രം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 31st July 2023, 11:57 pm

ടെസ്റ്റ് ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച പേസ് ബൗളര്‍മാരാണ് ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്‌സണും സ്റ്റുവര്‍ട്ട് ബ്രോഡും. ഇംഗ്ലണ്ടിനെ ഒരുപാട് മത്സരങ്ങളില്‍ വിജയിപ്പിക്കാനും ഒരുപാട് വിക്കറ്റുകള്‍ നേടാനും ഇരുവര്‍ക്കും സാധിച്ചിട്ടുണ്ട്.

15 വര്‍ഷത്തോളം ഇംഗ്ലണ്ടിനായി ഇരുവരും കളിച്ചിട്ടുണ്ട്. ഇരുവരും അവസാനമായി ഒരുമിച്ച് കളിച്ച മത്സരമാണ് കുറച്ചുമുന്നെ സമാപിച്ച ആഷസ് ടെസ്റ്റ്. ബ്രോഡിന്റെ അവസാന മത്സരത്തിനായിരുന്നു ഓവല്‍ ക്രിക്കറ്റ് ഗ്രൗണ്ട് സാക്ഷിയായത്.

മത്സരം വിജയിച്ചതിന് ശേഷം രണ്ട് പേരും കെട്ടിപിടിച്ച് നില്‍ക്കുന്ന ഫോട്ടോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മനോഹരമായ ഫോട്ടോകളില്‍ ഒന്നാണ് അതെന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്.

ഇരുവരും ഒരുമിച്ച് ചേര്‍ന്ന് 1039 വിക്കറ്റുകള്‍ നേടിയിട്ടുണ്ട. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ 600 കരിയര്‍ വിക്കറ്റുകള്‍ സ്വന്തമാക്കിയ പേസ് ബൗളര്‍ ജിമ്മിയും ബ്രോഡുമാണ്. ഇരുവരുടെയും ലെഗസി ക്രിക്കറ്റ് ലോകത്ത് ഏറെ സ്വാധീനമുള്ളതാണ്.

അതേസമയം, ആഷസ് അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ത്രിസിപ്പിക്കുന്ന വിജയം. രണ്ടാം ഇന്നിങ്‌സില്‍ 384 ചെയ്‌സ് ചെയ്യാന്‍ ഇറങ്ങിയ ഓസീസ് 49 റണ്‍സകലെ വീണു. ഇതോടെ പരമ്പര 2-2ന് സമനിലയായി.

മികച്ച ഓപ്പണിങ്ങ് പാര്‍ട്ട്‌നര്‍ഷിപ്പുമായി മുന്നേറിയ ഓസീസിനെ തകര്‍ത്തത് ക്രിസ് വോക്‌സിന്റെ സ്‌പെല്ലായിരുന്നു.

ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണര്‍, ഉസ്മാന്‍ ഖവാജ, സ്റ്റീവ് സമിത്ത് എന്നീ വമ്പന്‍മാരെയടക്കം നാല് വിക്കറ്റുകളാണ് അദ്ദേഹം നേടിയത്. മൊയീന്‍ അലി മൂന്ന് വിക്കറ്റും വീഴ്ത്തി. ഓസീസിനായി വാര്‍ണര്‍ 60 ഖവാജ 72 സ്റ്റീവ് സമിത് 54 എന്നിവര്‍ തിളങ്ങി. ട്രാവിസ് ഹെഡ് 43 റണ്‍സ് നേടിയിരുന്നു.

രണ്ടാം ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റാണ് ബ്രോഡ് നേടിയത്. അത് അവസാനത്തെ രണ്ട് വിക്കറ്റുകളായിരുന്നു. വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിയെയും ടോഡ് മര്‍ഫിയെയും ബെയര്‍‌സ്റ്റോയുടെ കയ്യിലെത്തിച്ചായിരുന്നു ബ്രോഡ് മത്സരം തീര്‍ത്തത്.

മാര്‍ക്ക് വുഡ് ഒരു വിക്കറ്റ് നേടിയപ്പോള്‍ ആന്‍ഡേഴ്‌സണും റൂട്ടിനും വിക്കറ്റൊന്നും നേടാന്‍ സാധിച്ചില്ല. നേരത്തെ ആദ്യ ഇന്നിങ്‌സില്‍ ഹാരി ബ്രൂക്കിന്റെ 85 റണ്‍സിന്റെ ബലത്തില്‍ ഇംഗ്ലണ്ട് 283 റണ്‍സ് നേടിയിരുന്നു. ഓസീസ് 295 റണ്‍സ് നേടി 12 റണ്‍സിന്റെ ലീഡ് സ്വന്തമാക്കി.

രണ്ടാം ഇന്നിങ്സില്‍ 12 റണ്‍സിന്റെ ട്രയലുമായി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് ജോ റൂട്ടിന്റെ 91 റണ്‍സിന്റെയും സാക്ക് ക്രൗളിയുടെ 73 റണ്‍സിന്റെയും ബലത്തില്‍ 395 റണ്‍സ് നേടിയിരുന്നു. ഓസീസിനായി രണ്ടാം ഇന്നിങ്സില്‍ മിച്ചല്‍ സ്റ്റാര്‍ക്കും ടോഡ് മര്‍ഫിയും നാല് വിക്കറ്റ് വീതം നേടിയിരുന്നു.

മത്സരം നടന്ന ഓവല്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഹോം ഗ്രൗണ്ടാണ് എന്നുള്ളതും അദ്ദേഹത്തിന് ഈ വിജയം മധുരം കൂട്ടുന്നു. ആഷസ് എന്നും ആസ്വദിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു. 600 ടെസ്റ്റ് വിക്കറ്റുകള്‍ സ്വന്തമാക്കുന്ന രണ്ടാമത്തെ മാത്രം പേസ് ബൗളറാണ് ബ്രോഡ്.

പരമ്പര സമനിലയായെങ്കിലും മുമ്പ് നടന്ന ആഷസ് ജയിച്ചതിന്റെ പേരില്‍ ഓസീസ് ആഷസ് നിലനിര്‍ത്തും.

Content Highlight: Broad And Anderson Hugs After winning the last match of Broad