ഫെബ്രുവരി 19ന് ആരംഭിക്കുന്ന ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ജേതാക്കള്‍ക്കുള്ള സമ്മാനത്തുക ഐ.സി.സി പ്രഖ്യാപിച്ചു. 6.9 മില്യണ്‍ ഡോളറാണ് (ഏകദേശം 60 കോടിയോളം) രൂപയാണ് സമ്മാനത്തുകയായി നല്‍കുക. 2017ല്‍ നടന്ന അവസാന ചാമ്പ്യന്‍സ് ട്രോഫിയിലെ സമ്മാനത്തുകയേക്കാള്‍ ഇത് 53 ശതമാനം വര്‍ധിച്ചിട്ടുണ്ട്.
ഇത്തവണ ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടുന്ന ടീമിന് 2.24 മില്യണ്‍ ഡോളര്‍ (ഏകദേശം 19.5 കോടി ഇന്ത്യന്‍ രൂപ) സമ്മാനമായി ലഭിക്കും. രണ്ടാം സ്ഥാനക്കാര്‍ക്ക് 1.12 മില്യണ്‍ ഡോളര്‍ (ഏകദേശം 10.4 കോടി) ലഭിക്കുമ്പോള്‍ സെമി ഫൈനലിലെത്തുന്ന ടീമുകള്‍ക്ക് 5,60,000 ഡോളറാണ് (ഏകദേശം 5.0 കോടി വീതം) ലഭിക്കും.
A substantial prize pot revealed for the upcoming #ChampionsTrophy 👀https://t.co/i8GlkkMV00
— ICC (@ICC) February 14, 2025
അഞ്ച്, ആറ് സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ക്ക് 3,50,000 ഡോളര്‍ ലഭിക്കുമ്പോള്‍ ഏഴ്, എട്ട് സ്ഥാനങ്ങളില്‍ ഇടം നേടുന്നവര്‍ക്ക് 1,40,000 ഡോളറും ലഭിക്കും.
ഇതിന് പുറമെ ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കുന്ന ഓരോ ടീമുകള്‍ക്കും 1,25,000 ഡോളറും ഐ.സി.സി സമ്മാനമായി നല്‍കുന്നുണ്ട്.
ടൂര്‍ണമെന്റിലെ ഓരോ വിജയത്തിനും സമ്മാനമുണ്ട്. ഗ്രൂപ്പ് ഘട്ടത്തിലെ ഓരോ വിജയത്തിനും ടീമുകള്‍ക്ക് 34,000 ഡോളര്‍ സമ്മാനമായി നല്‍കും.
അതായത് ടൂര്‍ണമെന്റിലെ ഒറ്റ മത്സരം പോലും പരാജയപ്പെടാതെ കരീടം നേടുന്ന ടീമുകള്‍ക്ക് 22 കോടിയോളം രൂപയായിരിക്കും സമ്മാനമായി ലഭിക്കുക. പാര്‍ട്ടിസിപ്പേഷന്‍ പ്രൈസ്, ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലെ വിജയം, വിന്നേഴ്‌സ് പ്രൈസ് മണി എന്നിയടക്കമാകും ഈ തുക.
എന്നിരുന്നാലും പല ഇന്ത്യന്‍ താരങ്ങളെയും സംബന്ധിച്ച് ഈ തുക തങ്ങളുടെ ഐ.പി.എല്‍ സാലറി പേഴ്‌സിനേക്കാള്‍ ചെറുതാണ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് 27 കോടി രൂപ മുടക്കി സ്വന്തമാക്കിയ റിഷബ് പന്തും പഞ്ചാബ് കിങ്‌സിന്റെ 26.75 കോടിക്കാരന്‍ ശ്രേയസ് അയ്യരും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 23.75 കോടി നല്‍കിയ വെങ്കിടേഷ് അയ്യരുമാണ് ചാമ്പ്യന്‍സ് ട്രോഫി പ്രൈസ് മണിയേക്കാള്‍ മൂല്യമുള്ള താരങ്ങള്‍.
ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫിക്ക് മറ്റുചില പ്രത്യേകതകളുമുണ്ട്. 1996 ഏകദിന ലോകകപ്പില്‍ ശ്രീലങ്കക്കും ഇന്ത്യക്കുമൊപ്പം സഹ ആതിഥേയത്വം വഹിച്ച പാകിസ്ഥാന്‍, മൂന്ന് പതിറ്റാണ്ടോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ് മറ്റൊരു ഐ.സി.സി ടൂര്‍ണമെന്റിന് വേദിയാകുന്നത്.
ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് ഒമ്പത് വരെയാണ് ടൂര്‍ണമെന്റ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. 2023 ഏകദിന ലോകകപ്പിന്റെ പോയിന്റ് പട്ടികയിലെ ആദ്യ എട്ട് സ്ഥാനക്കാരാണ് ചാമ്പ്യന്‍സ് ട്രോഫി കിരീടത്തിനായി ഏറ്റുമുട്ടുന്നത്.
നാല് ടീമുകളടങ്ങിയ രണ്ട് ഗ്രൂപ്പുകളിലായാണ് മത്സരം. ഓരോ ടീമിനും ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് മത്സരം വീതം കളിക്കാനുണ്ടാകും. ഓരോ ഗ്രൂപ്പില്‍ നിന്നും ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ സെമി ഫൈനലിന് യോഗ്യത നേടും.
Content Highlight: ICC Champions Trophy winner’s prize money announced