തുടര്‍ച്ചയായ മൂന്നാം തവണയാണ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പ്രവേശിക്കുന്നത്. ഒരിക്കല്‍ നേടിയതും ശേഷം നഷ്ടപ്പെടുത്തിയതുമായ കിരീടം വീണ്ടും ശിരസിലണിയാനുറച്ചാണ് രോഹിത്തും സംഘവും കലാശപ്പോരാട്ടത്തിനിറങ്ങുന്നത്.
ന്യൂസിലാന്‍ഡാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ സൗത്ത് ആഫ്രിക്കയ്ക്കെതിരായ സെമി ഫൈനല്‍ മത്സരത്തില്‍ ഗംഭീര വിജയം സ്വന്തമാക്കിയാണ് കിവികള്‍ ഫൈനലിലേക്ക് ‘പറന്നെത്തിയിരിക്കുന്നത്’.
ഇത് രണ്ടാം തവണയാണ് ഇന്ത്യ ന്യൂസിലാന്‍ഡിനെ ചാമ്പ്യന്‍സ് ട്രോഫിയുടെ ഫൈനലില്‍ നേരിടുന്നത്. 2000ലായിരുന്നു ഇരുവരുടെയും ആദ്യ എന്‍കൗണ്ടര്‍. അന്ന് ഇന്ത്യയെ പരാജയപ്പെടുത്തി കിവീസ് കിരീടമണിഞ്ഞിരുന്നു. ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസിലാന്‍ഡിന്റെ ആദ്യ കിരീടവും ഏക കിരീടവുമാണത്.
ആവേശകരമായ കലാശപ്പോരാട്ടത്തിന്റെ താരമായി ഒരു ഓള്‍ റൗണ്ടര്‍ വരുമെന്ന് പ്രവചിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും പരിശീലകനും കമന്റേറ്ററുമായ രവി ശാസ്ത്രി. വിരാട് കോഹ്‌ലി, ശുഭ്മന്‍ ഗില്‍, രചിന്‍ കവീന്ദ്ര, കെയ്ന്‍ വില്യംസണ്‍ തുടങ്ങിയ ബാറ്റര്‍മാരെക്കാളും മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, മാറ്റ് ഹെന്‌റി തുടങ്ങിയ ബൗളര്‍മാരേക്കാളും ഓള്‍ റൗണ്ടര്‍മാരായിരിക്കും ഫൈനലില്‍ നിര്‍ണായകമാവുക എന്നാണ് ശാസ്ത്രി അഭിപ്രായപ്പെടുന്നത്.
ഇന്ത്യന്‍ നിരയില്‍ നിന്നും രവീന്ദ്ര ജഡേജയോ അക്‌സര്‍ പട്ടേലോ ഈ പുരസ്‌കാരത്തിന് അര്‍ഹനായേക്കുമെന്നും അതല്ല ന്യൂസിലാന്‍ഡ് നിരയില്‍ നിന്നാണെങ്കില്‍ ഫൈവ് സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ ഫിലിപ്‌സിനെ തെരഞ്ഞെടുക്കുമെന്നും ശാസ്ത്രി പറഞ്ഞു. ഐ.സി.സി റിവ്യൂവില്‍ സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ പരിശീലകന്‍.
‘പ്ലെയര്‍ ഓഫ് ദി മാച്ച്, ഞാന്‍ ഒരു ഓള്‍ റൗണ്ടറെയാണ് തെരഞ്ഞെടുക്കുന്നത്. ഇന്ത്യന്‍ നിരയില്‍ നിന്നും അക്‌സര്‍ പട്ടേല്‍ അല്ലെങ്കില്‍ രവീന്ദ്ര ജഡേജ. ഇവരിലൊരാള്‍.
ന്യൂസിലാന്‍ഡിലേക്ക് വരികയാണെങ്കില്‍, എനിക്ക് തോന്നുന്നത് ഗ്ലെന്‍ ഫിലിപ്‌സിന് സാധ്യതയുണ്ടെന്നാണ്. ഫീല്‍ഡിങ്ങില്‍ അവന്‍ തന്റെ മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്തേക്കും. ബാറ്റിങ്ങില്‍ ക്യാമിയോ ആയി ഇറങ്ങി ചിലപ്പോള്‍ 40ഓ 50ഓ റണ്‍സടിച്ചേക്കും. ചിലപ്പോള്‍ ഒന്നോ രണ്ടോ വിക്കറ്റ് വീഴ്ത്തിയും അവന് ഇന്ത്യയെ ഞെട്ടിക്കാന്‍ സാധിക്കും,’ ശാസ്ത്രി പറഞ്ഞു.
ഫൈനലില്‍ ഇംപാക്ട് ഉണ്ടാക്കാന്‍ സാധിക്കുന്ന രണ്ട് ടീമിലെയും ബാറ്റര്‍മാരെ കുറിച്ചും ശാസ്ത്രി സംസാരിച്ചു.
‘നിലവിലെ ഫോം പരിശോധിക്കുകയാണെങ്കില്‍ കോഹ്‌ലിയുടെ പേര് തന്നെ പറയും. ഇവര്‍ റെഡ് ഹോട്ട് ഫോമില്‍ നില്‍ക്കുന്ന സമയത്ത് ആദ്യ പത്ത് റണ്‍സ് നേടാന്‍ ഈ ബാറ്റര്‍മാരെ അനുവദിച്ചാല്‍ ഇറപ്പിച്ചോളൂ നിങ്ങള്‍ വലിയ കുഴപ്പത്തിലാകും. അത് കോഹ്‌ലിയാകട്ടെ കെയ്ന്‍ വില്യംസണാകട്ടെ, ഈ കാര്യത്തില്‍ മാറ്റമില്ല.
ന്യൂസിലാന്‍ഡ് നിരയില്‍ നിന്നും ഞാന്‍ കെയ്ന്‍ വില്യംസണെയാണ് തെരഞ്ഞെടുക്കുക. ഒരു പരിധി വരെ രചിന്‍ രവീന്ദ്രയെയും. വളരെ മികച്ച യുവതാരമാണ് അവന്‍. ഇവരെ നിലയുറപ്പിക്കാന്‍ അനുവദിച്ചാല്‍, അവര്‍ പത്തോ പതിനഞ്ചോ റണ്‍സ് നേടിയാല്‍ അത് കൂടുതല്‍ അപകടകരമായിരിക്കും,’ ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.
Content highlight: ICC Champions Trophy: Ravi Shastri about player of the match in the final