Champions Trophy
ബുംറ മാത്രമല്ല, ചാമ്പ്യന്‍സ് ട്രോഫിയില്‍ ഈ 11 പേരുമില്ല; മുംബൈ സ്വന്തമാക്കിയ വജ്രായുധവും പുറത്ത്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 12, 09:38 am
Wednesday, 12th February 2025, 3:08 pm

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്ക് ഇനി ഒരാഴ്ചയുടെ മാത്രം കാത്തിരിപ്പാണുള്ളത്. ഏകദിന ക്രിക്കറ്റിലെ ഏറ്റവും പ്രസ്റ്റീജ്യസായ ട്രോഫിക്ക് വേണ്ടി ലോകത്തിലെ ഏറ്റവും കരുത്തരായ എട്ട് ക്രിക്കറ്റ് ശക്തികള്‍ പോരാടും. 2023 ഏകദിന ലോകകപ്പ് പോയിന്റ് പട്ടികയില്‍ ആദ്യ എട്ട് സ്ഥാനങ്ങളിലെത്തിയ ടീമുകളാണ് ചാമ്പ്യന്‍സ് ട്രോഫിക്ക് യോഗ്യത നേടിയിരിക്കുന്നത്.

സൂപ്പര്‍ താരങ്ങളുടെ പരിക്കാണ് പല ടീമുകള്‍ക്കും തിരിച്ചടിയായിരിക്കുന്നത്. ഇന്ത്യയും ഓസ്‌ട്രേലിയയും അഫ്ഗാനിസ്ഥാനും തുടങ്ങി മിക്ക ടീമുകളെയും പരിക്ക് പിടികൂടിയിട്ടുണ്ട്.

 

സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് പരിക്ക് മൂലം ചാമ്പ്യന്‍സ് ട്രോഫി നഷ്ടപ്പെട്ടവരില്‍ പ്രധാനി. ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ് ബുംറയ്ക്ക് പരിക്കേല്‍ക്കുന്നത്. ഈ പരിക്കിന് പിന്നാലെ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും താരത്തിന് സ്ഥാനം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

നേരത്തെ ഇന്ത്യ പ്രഖ്യാപിച്ച ചാമ്പ്യന്‍സ് ട്രോഫി സ്‌ക്വാഡില്‍ ജസ്പ്രീത് ബുംറ ഇടം നേടിയിരുന്നു. എന്നാല്‍ പരിക്കില്‍ നിന്നും പൂര്‍ണമായി മുക്തനാകാത്തതിന് പിന്നാലെയാണ് ഇന്ത്യയുടെ സൂപ്പര്‍ പേസര്‍ക്ക് ടൂര്‍ണമെന്റ് നഷ്ടമായത്.

ഇന്ത്യയെക്കാളേറെ തിരിച്ചടിയേറ്റിരിക്കുന്നത് മുന്‍ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയക്കാണ്. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും സൂപ്പര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കും അടക്കമുള്ളവരുടെ സേവനം ഓസീസിന് ചാമ്പ്യന്‍സ് ട്രോഫിയില്‍ ലഭ്യമാകില്ല.

ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനെ കണങ്കാലിലേറ്റ പരിക്ക് വലച്ചപ്പോള്‍ ജോഷ് ഹെയ്‌സല്‍വുഡിന് ഹിപ്പ് ഇന്‍ജുറിയും മിച്ചല്‍ മാര്‍ഷിന് ബാക്ക് ഇന്‍ജുറിയും തിരിച്ചടിയായി. സൂപ്പര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക് വ്യക്തിപരമായ കാരണങ്ങളാല്‍ ടൂര്‍ണമെന്റില്‍ നിന്നും പിന്മാറിയപ്പോള്‍ ടൂര്‍ണമെന്റിന് മുമ്പ് മാര്‍കസ് സ്‌റ്റോയ്‌നിസ് ഏകദിനത്തില്‍ നിന്ന് വിരമിക്കുകയും ചെയ്തു.

പരിക്കേറ്റ കാമറൂണ്‍ ഗ്രീനിന് ടൂര്‍ണമെന്റ് നഷ്ടമാകുമെന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നു. ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയടക്കമുള്ള ടൂര്‍ണമെന്റുകളിലും താരത്തിന് കളിക്കാന്‍ സാധിച്ചിരുന്നില്ല.

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിനിടെ ഇംഗ്ലീഷ് യുവതാരം ജേകബ് ബേഥലിനും പരിക്കേറ്റിരുന്നു. ഹാംസ്ട്രിങ് ഇന്‍ജുറി മൂലം ടൂര്‍ണമെന്റ് നഷ്ടപ്പെട്ട ബേഥലിന് പകരക്കാരനായി ടോം ബാന്റണെ ഇംഗ്ലണ്ട് ടിമിന്റെ ഭാഗമാക്കിയിട്ടുണ്ട്.

സൗത്ത് ആഫ്രിക്കയുടെ സൂപ്പര്‍ പേസര്‍മാരായ ജെറാള്‍ഡ് കോട്‌സിയ, ആന്‌റിക് നോര്‍ക്യ എന്നിവര്‍ക്കും ടൂര്‍ണമെന്റ് നഷ്ടപ്പെടും.

ആതിഥേയരായ പാകിസ്ഥാന്റെ സൂപ്പര്‍ ബാറ്ററായ സയീം അയ്യൂബും പരിക്കിന്റെ പിടിയിലാണ്. ഫീല്‍ഡിങ്ങിനിടെയാണ് താരത്തിന്റെ കണങ്കാലിന് പരിക്കേല്‍ക്കുന്നത്.

 

അഫ്ഗാനിസ്ഥാന്‍ അള്ളാ ഘന്‍സഫറിനും ടൂര്‍ണമെന്റ് പൂര്‍ണമായും നഷ്ടപ്പെട്ടിരിക്കുകയാണ്. നട്ടെല്ലിനേറ്റ പരിക്കാണ് താരത്തെ വലച്ചിരിക്കുന്നത്. ഈ വര്‍ഷത്തെ ഐ.പി.എല്ലും താരത്തിന് പൂര്‍ണമായും നഷ്ടമാകും.

4,80,00,000 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സാണ് താരത്തെ മെഗാ ലേലത്തില്‍ സ്വന്തമാക്കിയിരുന്നത്. മുംബൈയുടെ സ്പിന്‍ നിരയെ കൂടുതല്‍ കരുത്തുറ്റതാക്കിയ ഘന്‍സഫറിന്റെ പരിക്ക് അഫ്ഗാനിസ്ഥാന് പുറമെ ഐ.പി.എല്‍ സൂപ്പര്‍ ടീമിനും തിരിച്ചടിയാണ്.

 

Content highlight: ICC Champions Trophy 2025: Key Players Ruled Out Due to Injury