Champions Trophy
2023 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ പരാജയപ്പെട്ടപ്പോഴുള്ള അതേ അമ്പയര്‍; ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ നിയന്ത്രിക്കുക ഇവര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2025 Mar 07, 01:52 am
Friday, 7th March 2025, 7:22 am

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ഫൈനലിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മാര്‍ച്ച് ഒമ്പതിന് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്. കലാശപ്പോരാട്ടത്തില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനെ നേരിടും. ഇത് രണ്ടാം തവണയാണ് ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യ – ന്യൂസിലാന്‍ഡ് മത്സരത്തിന് കളമൊരുങ്ങുന്നത്.

സെമി ഫൈനലില്‍ ഓസ്‌ട്രേലിയയെ തോല്‍പിച്ചാണ് ഇന്ത്യ കിരീടപ്പോരാട്ടത്തിന് ടിക്കറ്റെടുത്തത്. രണ്ടാം സെമിയില്‍ സൗത്ത് ആഫ്രിക്കയെ തകര്‍ത്താണ് ന്യൂസിലാന്‍ഡ് ഫൈനലില്‍ പ്രവേശിച്ചത്. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 50 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് കിവീസ് സ്വന്തമാക്കിയത്.

ഇപ്പോള്‍ ഐ.സി.സി കലാശപ്പോരാട്ടത്തിനുള്ള അമ്പയര്‍മാരുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ്. റിച്ചാര്‍ഡ് ഇല്ലിങ്‌വര്‍ത്തും പോള്‍ റൈഫലുമാണ് മത്സരം നിയന്ത്രിക്കുക. തേര്‍ഡ് അമ്പയറായി ജോയല്‍ വില്‍സണും നാലാം അമ്പയറായി കുമാര്‍ ധര്‍മസേനയും പ്രവര്‍ത്തിക്കും. രഞ്ജന്‍ മധുഗല്ലെയാണ് മാച്ച് റഫറി.

ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ ഒഫീഷ്യല്‍സ്

ഓണ്‍ ഫീല്‍ഡ് അമ്പയര്‍: പോള്‍ റൈഫല്‍ (ഓസ്‌ട്രേലിയ), റിച്ചാര്‍ഡ് ഇല്ലിങ്‌വര്‍ത് (ഇംഗ്ലണ്ട്)

ടി.വി അമ്പയര്‍: (ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ/ വെസ്റ്റ് ഇന്‍ഡീസ്)

ഫോര്‍ത്ത് അമ്പയര്‍: കുമാര്‍ ധര്‍മസേന (ശ്രീലങ്ക)

മാച്ച് റഫറി: രഞ്ജന്‍ മധുഗല്ലെ (ശ്രീലങ്ക)

നേരത്തെ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നടന്ന 2023 ഐ.സി.സി ഏകദിന ലോകകപ്പിന്റെ ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാരില്‍ ഒരാളായിരുന്നു റിച്ചാര്‍ഡ് ഇല്ലിങ്‌വര്‍ത്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തി ഓസ്‌ട്രേലിയ ആറാം കിരീടം സ്വന്തമാക്കിയിരുന്നു.

റിച്ചാര്‍ഡ് ഇല്ലിങ്‌വര്‍ത്

11 വര്‍ഷത്തെ കിരീട വരള്‍ച്ച അവസാനിപ്പിച്ച് ഇന്ത്യ ഐ.സി.സി ട്രോഫി സ്വന്തമാക്കിയ 2024 ടി-20 ലോകകപ്പിന്റെ ഫൈനലിലെ അമ്പയറിങ് പാനലിലും ഇല്ലിങ്‌വര്‍ത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു.

2007ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ടി-20 ലോകകപ്പായിരുന്നു അത്. ഫൈനലില്‍ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തി വിശ്വവിജയികളായതോടെ ഒന്നിലേറെ തവണ ടി-20 ലോകകപ്പ് സ്വന്തമാക്കുന്ന മൂന്നാമത് ടീം എന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കിയിരുന്നു.

ചാമ്പ്യന്‍സ് ട്രോഫിയുടെ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ നടന്ന ഇന്ത്യ – ന്യൂസിലാന്‍ഡ് മത്സരത്തിലും ഇന്ത്യ – ഓസ്‌ട്രേലിയ സെമി ഫൈനല്‍ മത്സരത്തിലും ഇംഗ്ലീഷ് അമ്പയര്‍ മാച്ച് ഒഫീഷ്യേറ്റ് ചെയ്തിരുന്നു.

തങ്ങളുടെ ക്രിക്കറ്റ് ചരിത്രത്തിലെ മൂന്നാം ചാമ്പ്യന്‍സ് ട്രോഫി കിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. 2002ല്‍ ശ്രീലങ്കയ്‌ക്കൊപ്പം കിരിടം പങ്കുവെച്ച ഇന്ത്യ 2013ല്‍ ഇന്ത്യയെ പരാജയപ്പെടുത്തി രണ്ടാം കിരീടവും സ്വന്തമാക്കി. 2017ലും ഫൈനലില്‍ പ്രവേശിച്ചെങ്കിലും പാകിസ്ഥാനെതിരെ തോല്‍വി വഴങ്ങാനായിരുന്നു ഇന്ത്യയുടെ വിധി.

ഇത് രണ്ടാം കിരീടമാണ് കിവികള്‍ ലക്ഷ്യമിടുന്നത്. 2000ല്‍ സൗരവ് ഗാംഗുലിയെയും സംഘത്തെയും പരാജയപ്പെടുത്തിയാണ് ബ്ലാക് ക്യാപ്‌സ് തങ്ങളുടെ ആദ്യ കിരീടം സ്വന്തമാക്കിയത്. ഇത്തവണ ഇന്ത്യയെ പരാജയപ്പെടുത്താന്‍ സാധിച്ചാല്‍ ഓസ്‌ട്രേലിയക്കും ഇന്ത്യയ്ക്കുമൊപ്പം രണ്ട് തവണ ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയ ടീം എന്ന നേട്ടത്തിലെത്താനും കിവീസിന് സാധിക്കും.

 

Content Highlight: ICC Champions Trophy 2025: ICC announced umpires for Final between India and New Zealand