ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തി ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്‍മാരായിരുന്നു. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 44 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ച മൂന്ന് മത്സരത്തിലും വിജയിക്കുകയും ആറ് പോയിന്റ് നേടുകയും ചെയ്യുന്ന ഏക ടീമായും ഇന്ത്യ മാറിയിരുന്നു.
ഇന്ത്യ ഉയര്‍ത്തിയ 249 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ന്യൂസിലാന്‍ഡിന് 205 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ശ്രേയസ് അയ്യരുടെ അര്‍ധ സെഞ്ച്വറിയും സൂപ്പര്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയുടെ അഞ്ച് വിക്കറ്റ് നേട്ടവുമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.
3/3 ✅ #TeamIndia will face Australia in the first Semi Final
Scoreboard ▶️ https://t.co/Ba4AY30p5i#NZvIND | #ChampionsTrophy pic.twitter.com/QxG9ZWeVMN
— BCCI (@BCCI) March 2, 2025
ഈ വിജയത്തോടെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ പേരില്‍ ഒരു റെക്കോഡ് നേട്ടവും കുറിക്കപ്പെട്ടു. ഐ.സി.സി ഇവന്റുകളില്‍ തുടര്‍ച്ചയായി ഏറ്റവുമധികം വിജയം സ്വന്തമാക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍മാരുടെ പട്ടികയില്‍ സ്വന്തം റെക്കോഡ് തിരുത്തി രണ്ടാം സ്ഥാനത്തേക്കുയര്‍ന്നാണ് രോഹിത് റെക്കോഡിട്ടത്.
2023 ഏകദിന ലോകകപ്പിലെ തുടര്‍ച്ചയായ പത്ത് വിജയങ്ങളുടെ റെക്കോഡാണ് രോഹിത് കഴിഞ്ഞ ദിവസം മറികടന്നത്. 2024 ടി-20 ലോകകപ്പിലെ വിജയങ്ങളും ചാമ്പ്യന്‍സ് ട്രോഫിയിലെ വിജയങ്ങളും ചേര്‍ന്നാണ് രോഹിത് സ്വന്തം റെക്കോഡ് തന്നെ തകര്‍ത്തത്.
2012-2014 കാലയളവില്‍ സ്വന്തമാക്കിയ 12 വിജയങ്ങളുമായി മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണിയാണ് ഒന്നാം സ്ഥാനത്തുള്ളത്.
തുടര്‍ച്ചയായി ഏറ്റവുമധികം ഐ.സി.സി മത്സരങ്ങളില്‍ വിജയിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍മാര്‍
(താരം – വിജയം – സ്പാന്‍ എന്നീ ക്രമത്തില്‍)
എം.എസ്. ധോണി – 12 – 2012-2014
രോഹിത് ശര്‍മ – 11* – 2024-25
രോഹിത് ശര്‍മ – 10 – 2023
സൗരവ് ഗാംഗുലി – 8 – 2023
എം. എസ്. ധോണി – 7 – 2015
2023 ഏകദിന ലോകകപ്പില്‍ ഒറ്റ മത്സരം പോലും പരാജയപ്പെടാതെയാണ് ഇന്ത്യ ഫൈനലിനെത്തിയത്. ആദ്യ ഘട്ടത്തിലെ ഒമ്പത് മത്സരങ്ങളിലും ഇന്ത്യ ആധികാരികമായി വിജയിച്ചിരുന്നു.
ഓസ്‌ട്രേലിയ, സൗത്ത് ആഫ്രിക്ക, ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ശ്രീലങ്ക, നെതര്‍ലന്‍ഡ്‌സ് ടീമുകളെയാണ് ഇന്ത്യ ആദ്യ ഘട്ടത്തില്‍ പരാജയപ്പെടുത്തിയത്. സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെ ഒരിക്കല്‍ക്കൂടി തോല്‍പ്പിച്ചെങ്കിലും കലാശപ്പോരാട്ടത്തില്‍ കങ്കാരുക്കളോട് പരാജയപ്പെട്ടു.
2024 ടി-20 ലോകകപ്പിലെ പ്രകടനത്തിന് പിന്നാലെയാണ് ഈ സ്ട്രീക് വീണ്ടും പിറവിയെടുത്തത്. ലോകകപ്പിലെ ഒറ്റ മത്സരം പോലും ഇന്ത്യ പരാജയപ്പെട്ടിരുന്നില്ല. ഫൈനല്‍ അടക്കം കളിച്ച എട്ട് മത്സരത്തില്‍ എട്ടിലും വിജയിച്ചു.
ഇതിന് ശേഷം ഇന്ത്യ അടുത്ത ഐ.സി.സി മത്സരം കളിക്കുന്നത് ചാമ്പ്യന്‍സ് ട്രോഫിയിലാണ്. ആദ്യ രണ്ട് മത്സരത്തിലും ടീമിനെ വിജയത്തിലേക്ക് നയിച്ച രോഹിത് ന്യൂസിലാന്‍ഡിനെതിരെ വിജയിച്ച് സ്വന്തം റെക്കോഡ് തകര്‍ത്തിരിക്കുകയാണ്.
അതേസമയം, റെക്കോഡ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള എം.എസ്. ധോണിയുടെ റെക്കോഡ് തകര്‍ക്കാനുള്ള അവസരവും രോഹിത്തിന് മുമ്പിലുണ്ട്. സെമി ഫൈനലില്‍ ഇന്ത്യ കങ്കാരുക്കളെ തോല്‍പ്പിച്ചാല്‍ ഹിറ്റ്മാന് ധോണിക്കൊപ്പമെത്താനും ഫൈനല്‍ സ്വന്തമാക്കിയാല്‍ ധോണിയെ മറികടക്കാനും സാധിക്കും.
മാര്‍ച്ച് നാലിനാണ് ഇന്ത്യ സെമി ഫൈനലിനിറങ്ങുന്നത്. ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഓസ്‌ട്രേലിയയാണ് എതിരാളികള്‍.
Content Highlight: ICC Champions Trophy 2025: After winning against New Zealand, Rohit Sharma shattered his own record of most consecutive wins by an Indian captain in ICC matches