Champions Trophy
14,000 റണ്‍സടിച്ച വിരാടിന് ഇനിയും സാധിക്കാത്തത്; സച്ചിനും സേവാഗും അടക്കിവാഴുന്ന ലിസ്റ്റില്‍ ഇനി അഫ്ഗാനിസ്ഥാന്റെ സിംഹക്കുട്ടി
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 26, 12:38 pm
Wednesday, 26th February 2025, 6:08 pm

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇംഗ്ലണ്ടിനെതിരെ സെഞ്ച്വറിയുമായി അഫ്ഗാന്‍ സൂപ്പര്‍ താരം ഇബ്രാഹിം സദ്രാന്‍. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിലാണ് സദ്രാന്‍ തിളങ്ങിയത്. ഇതോടെ അഫ്ഗാനിസ്ഥാന്റെ ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തില്‍ സെഞ്ച്വറി നേടുന്ന ആദ്യ അഫ്ഗാന്‍ താരമായും സദ്രാന്‍ മാറി.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത അഫ്ഗാന് പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത്. ടീം സ്‌കോര്‍ 11ല്‍ നില്‍ക്കവെ സൂപ്പര്‍ താരമായ റഹ്‌മാനുള്ള ഗുര്‍ബാസിനെയും 15ല്‍ നില്‍ക്കവെ സെദ്ദിഖുള്ള അടലിനെും അഫ്ഗാനിസ്ഥാന് നഷ്ടമായിരുന്നു. 40 കടക്കും മുമ്പേ മൂന്നാം വിക്കറ്റായി റഹ്‌മത് ഷായും കൂടാരം കയറി.

15 പന്തില്‍ ആറ് റണ്‍സ് നേടിയാണ് ഗുര്‍ബാസ് പുറത്തായത്. സെദ്ദിഖുള്ള അടലും റഹ്‌മത് ഷായും നാല് റണ്‍സ് വീതം നേടിയും മടങ്ങി. സൂപ്പര്‍ പേസര്‍ ജോഫ്രാ ആര്‍ച്ചറാണ് മൂന്ന് പേരെയും മടക്കിയത്.

എന്നാല്‍ നാലാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ഹഷ്മത്തുള്ള ഷാഹിദിയെ ഒപ്പം കൂട്ടി ഓപ്പണര്‍ സദ്രാന്‍ ചെറുത്തുനിന്നു. സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് സദ്രാന്‍ – ഷാഹിദി ദ്വയം ഇംഗ്ലണ്ടിന് മേല്‍ പടര്‍ന്നുകയറിയത്.

ടീം സ്‌കോര്‍ 37ല്‍ ഒന്നിച്ച ഈ കൂട്ടുകെട്ട് പിരിയുന്നത് 140ല്‍ നില്‍ക്കവെയാണ്. ഷാഹിദിയെ പുറത്താക്കി ആദില്‍ റഷീദാണ് കൂട്ടുകെട്ട് പൊളിച്ചത്.

വൈകാതെ സദ്രാന്‍ തന്റെ സെഞ്ച്വറിയും പൂര്‍ത്തിയാക്കി.

ഈ സെഞ്ച്വറിക്ക് പിന്നാലെ ഒരു ഐതിഹാസിക നേട്ടമാണ് സദ്രാനെ തേടിയെത്തിയത്. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളില്‍ ഏകദിന സെഞ്ച്വറി നേടിയ ആദ്യ അഫ്ഗാന്‍ താരമെന്ന നേട്ടമാണ് സദ്രാന്‍ സ്വന്തമാക്കിയത്.

ഇതോടെ സച്ചിന്‍ ടെന്‍ഡുല്‍ക്കറും വിരേന്ദര്‍ സേവാഗും അടങ്ങുന്ന ഇതിഹാസ താരങ്ങളുടെ എലീറ്റ് ലിസ്റ്റില്‍ ഇടം നേടാനും സദ്രാന് സാധിച്ചു. ഈ റെക്കോഡ് നേടുന്ന ഒമ്പതാമത് മാത്രം താരമാണ് സദ്രാന്‍.

ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളില്‍ ഏകദിന സെഞ്ച്വറി നേടിയ താരങ്ങള്‍

(താരം – ടീം എന്നീ ക്രമത്തില്‍)

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ

വിരേന്ദര്‍ സേവാഗ് – ഇന്ത്യ

യുവരാജ് സിങ് – ഇന്ത്യ

സനത് ജയസൂര്യ – ശ്രീലങ്ക

തിലകരത്‌നെ ദില്‍ഷന്‍ – ശ്രീലങ്ക

യൂനിസ് ഖാന്‍ – പാകിസ്ഥാന്‍

മര്‍ലണ്‍ സാമുവല്‍സ് – വെസ്റ്റ് ഇന്‍ഡീസ്

ഷായ് ഹോപ്പ് – വെസ്റ്റ് ഇന്‍ഡീസ്

ഇബ്രാഹിം സദ്രാന്‍ – അഫ്ഗാനിസ്ഥാന്‍*

അതേസമയം, 150 റണ്‍സ് മാര്‍ക്കും പിന്നിട്ട് സദ്രാന്‍ തന്റെ റണ്‍വേട്ട തുടരുകയാണ്. നിലവില്‍ 46 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 276 എന്ന നിലയിലാണ് അഫ്ഗാനിസ്ഥാന്‍. 136 പന്തില്‍ 153 റണ്‍സുമായി സദ്രാനും 14 പന്തില്‍ 19 റണ്‍സുമായി മുഹമ്മദ് നബിയുമാണ് ക്രീസില്‍.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

ബെന്‍ ഡക്കറ്റ്, ഫില്‍ സാള്‍ട്ട്, ജെയ്മി സ്മിത് (വിക്കറ്റ് കീപ്പര്‍), ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്ലര്‍ (ക്യാപ്റ്റന്‍), ലിയാം ലിവിങ്സ്റ്റണ്‍, ജെയ്മി ഓവര്‍ട്ടണ്‍, ജോഫ്രാ ആര്‍ച്ചര്‍, ആദില്‍ റഷീദ്, മാര്‍ക് വുഡ്.

അഫ്ഗാനിസ്ഥാന്‍ പ്ലെയിങ് ഇലവന്‍

റഹ്‌മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ഇബ്രാഹിം സദ്രാന്‍, സെദ്ദിഖുള്ള അടല്‍, റഹ്‌മത് ഷാ, ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റന്‍), അസ്മത്തുള്ള ഒമര്‍സായ്, മുഹമ്മദ് നബി, ഗുല്‍ബദീന്‍ നയീബ്, റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ്, ഫസല്‍ഹഖ് ഫാറൂഖി.

 

Content Highlight: ICC Champions Trophy 2025: AFG vs ENG: Ibrahim Zadran becomes the first ever Afghanistan batter to score ODI century in India, Pakistan, Bangladesh and Sri Lanka