ക്രിക്കറ്റില്‍ പുതിയ നിയമങ്ങള്‍ക്കും ഭേദഗതികള്‍ക്കും ഒരുങ്ങുകയാണ് ഐ.സി.സി (ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍). ക്രിക്കറ്റിലെ കുറഞ്ഞ ഓവര്‍ നിരക്കിന് തത്സമയം തന്നെ പെനാല്‍ട്ടി വിധിക്കുന്നതാണ് ഭേദഗതി വരുത്തുന്ന പുതിയ നിയമം.
ഐ.സി.സി സംഘടിപ്പിക്കുന്ന ടി-20 മത്സരങ്ങളിലാണ് പുതിയ ഭേദഗതി ആദ്യമായി നടപ്പിലാക്കാനൊരുങ്ങുന്നത്. പുതിയ നിയമത്തിന്റെ ഭാഗമായി ഓവര്‍ നിരക്ക് കുറഞ്ഞാല്‍ മുപ്പത് യാര്‍ഡ് സര്‍ക്കിളിന് പുറത്ത് നിര്‍ത്താവുന്ന ഫീല്‍ഡര്‍മാരില്‍ ഒരാളുടെ കുറവ് വരുത്തും.
പെനാല്‍ട്ടി ലഭിച്ചാല്‍ പിന്നെ ഇന്നിംഗ്‌സ് കഴിയുന്നത് വരെ മുപ്പത് യാര്‍ഡ് സര്‍ക്കിളിന് ഒരു ഫീല്‍ഡറുടെ കുറവോടെ കളിക്കേണ്ടി വരും.
പുതിയ നിയമം നടപ്പിലാക്കുന്നതോടെ കുറഞ്ഞ ഓവര്‍ നിരക്കിനെ കുറിച്ച് ടീം ക്യാപ്റ്റന്‍മാര്‍ ബോധവാന്‍മാരാവും എന്നാണ് ഐ.സി.സിയുടെ കണക്കുകൂട്ടല്‍. പെനാല്‍ട്ടിക്ക് പുറമെ പിഴ ശിക്ഷയും തുടരും.
ഇതിന് മുമ്പേ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ക്യാപ്റ്റന് പിഴ വിധിക്കുകയായിരുന്നു പതിവ്, കളിക്ക് ശേഷം ക്യാപ്റ്റന്‍ മാച്ച് ഫീയുടെ ഒരു ഭാഗം പിഴയായി ഒടുക്കണമായിരുന്നു.
ഇംഗ്ലണ്ടിന്റെ 100 ബോള്‍ ടൂര്‍ണമെന്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഐ.സി.സി പുതിയ നിയമം രൂപീകരിച്ചിരിക്കുന്നത്.
ഇതിന് പുറമെ ഫീല്‍ഡര്‍മാര്‍ക്ക് വെള്ളം കുടിക്കാനുള്ള ഇടവേളയുടെ കാര്യത്തിലും ഭേദഗതി വരുത്തിയിട്ടുണ്ട്. 10ാം ഓവറിലാണ് വെള്ളം കുടിക്കാനുള്ള ഇടവേള. രണ്ട് മിനുട്ടും 30 സെക്കന്‍ഡുമാണ് ഐ.സി.സി നിശ്ചയിച്ചിരിക്കുന്ന വെള്ളം കുടിക്കാനുള്ള ഇടവേള.
ഈ മാസം 16ന് ആരംഭിക്കുന്ന വെസ്റ്റ് ഇന്‍ഡീസ്-അയര്‍ലന്‍ഡ് പരമ്പരയോടെ പുതിയ നിയമം നടപ്പിലാക്കാമാണ് ഐ.സി.സി തീരുമാനിച്ചിരിക്കുന്നത്.
ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റിലേക്കും പുതിയ നിയമം വ്യാപിപ്പിക്കാനുള്ള ചര്‍ച്ചകള്‍ നടത്തണമെന്നും ഐ.സി.സി അറിയിച്ചു.