national news
കാണ്ഡഹാര്‍ വിമാനം റാഞ്ചിയ ഭീകരനെ അജ്ഞാതര്‍ വെടിവെച്ചുകൊന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Mar 09, 05:53 am
Wednesday, 9th March 2022, 11:23 am

കറാച്ചി: കാണ്ഡഹാര്‍ വിമാനറാഞ്ചലിലെ പ്രതികളിലൊരാള്‍ പാകിസ്ഥാനിലെ കറാച്ചിയില്‍ വെടിയേറ്റ് മരിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍.

ജെയ്‌ഷെ മുഹമ്മദ് ഭീകരനായ മിസ്ത്രി സഹൂര്‍ ഇബ്രാഹിമാണ് കൊല്ലപ്പെട്ടത്. പാകിസ്ഥാനിലെ കറാച്ചിയില്‍ മാര്‍ച്ച് ഒന്നിനാണ് ഇയാള്‍ കൊല ചെയ്യപ്പെട്ടത്.

ഐ.എസ്.ഐയുടെ സംരക്ഷണത്തിലാണ് ഇയാള്‍ കഴിഞ്ഞിരുന്നത്. ഇയാളുടെ ഉടമസ്ഥതയിലുള്ള ക്രസന്റ് ഫര്‍ണിച്ചര്‍ എന്ന സ്ഥാപനത്തിന് സമീപമാണ് കൊലപാതകമുണ്ടായത്. മുഖം മറച്ചെത്തിയ രണ്ട് പേര്‍ സഹൂര്‍ മിസ്ത്രിക്ക് നേരെ പോയന്റ് ബ്ലാങ്കില്‍ വെടിയുതിര്‍ക്കുകയായിരുന്നു.

കാണ്ഡഹാര്‍ വിമാനം റാഞ്ചാനെത്തിയ അഞ്ച് പേരില്‍ ഒരാളായിരുന്നു ഇയാള്‍. വിമാന റാഞ്ചലിനിടെ ഒരു യാത്രക്കാരനെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തിയ ശേഷം കൊലപ്പെടുത്തിയത് ഇയാളായിരുന്നു. പിന്നീട് ഇയാള്‍ക്ക് വേണ്ടി വലിയ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും പിടികൂടാനായിരുന്നില്ല.

1999-ല്‍ 180 യാത്രികരുമായി നേപ്പാളിലെ കാഠ്മണ്ഡു ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ദല്‍ഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വരികയായിരുന്ന എയര്‍ ഇന്ത്യ വിമാനമാണ് തീവ്രവാദികള്‍ റാഞ്ചിയത്. പാകിസ്ഥാനിലെ തീവ്രവാദി സംഘടനയായ ഹര്‍ക്കത്തുല്‍ മുജാഹിദ്ദീനായിരുന്നു പിന്നില്‍.

വിമാനം ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചതിനു ശേഷമായിരുന്നു റാഞ്ചല്‍. റാഞ്ചിയ വിമാനം ലാഹോര്‍, അമൃത്സര്‍, ദുബായ് എന്നിവിടങ്ങളില്‍ ഇറക്കിയ ശേഷം കാണ്ഡഹാര്‍ വിമാനത്താവളത്തില്‍ ഇറക്കി. ഇന്ത്യന്‍ ജയിലില്‍ കഴിയുന്ന മൂന്ന് തീവ്രവാദികളെ വിട്ടയക്കാന്‍ വേണ്ടിയായിരുന്നു വിമാനം റാഞ്ചിയത്.

 

Content Highlights: IC-814 Hijacker Mistry Zahoor Ibrahim Shot Dead In Karachi: Government Sources