തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാര്‍ക്ക് ഓണറേറിയം നല്‍കുന്നതിനായുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. ആശാ വര്‍ക്കര്‍മാര്‍ സമരത്തിലുന്നയിച്ച ആവശ്യങ്ങളിലൊന്നാണ് സര്‍ക്കാര്‍ അംഗീകരിച്ചത്.
ഓണറേറിയം നല്‍കുമ്പോള്‍ പാലിക്കേണ്ട പത്ത് മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. നിശ്ചിത പ്രവര്‍ത്തന മേഖല, ഇന്‍സെന്റീവ്, വീടുകള്‍ സന്ദര്‍ശിക്കല്‍ തുടങ്ങിയ മാനദണ്ഡങ്ങളാണ് പിന്‍വലിച്ചത്.
ഇക്കാര്യങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ഇന്‍സെന്റീവ് പൂര്‍ണമായും ലഭിക്കുകയുള്ളൂവെന്ന മാനദണ്ഡമാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്.
ഫെബ്രുവരി 19 ന് ആരോഗ്യമന്ത്രിയുമായി ചേര്‍ന്ന യോഗത്തില്‍ ആശമാരുടെ ഇന്‍സെന്റീവ്, ഹോണറേറിയം എന്നിവയുടെ മാനദണ്ഡങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും അവയെ കുറിച്ച് പഠിക്കുന്നതിനായി ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലെയും നാഷണല്‍ ഹെല്‍ത്ത് മിഷനിലെയും ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി രൂപീകരിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനക്കായി സമര്‍പ്പിക്കുന്നതിന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
നിലവില്‍ പ്രതിമാസം 7,000 രൂപ ആശമാര്‍ക്ക് ഹോണറേറിയമായി നിശ്ചയിച്ചിരിക്കുന്നത്. 10 മാനദണ്ഡങ്ങളില്‍ 5 എണ്ണം പൂര്‍ത്തീകരിച്ചാല്‍ ഹോണറേറിയമായ 7000 രൂപ ലഭിച്ചിരുന്നത്.
എന്നാല്‍ ഇനിമുതല്‍ ഈ തുക ആശമാര്‍ക്ക് ഹോണറേറിയമായി അനുവദിക്കുന്നതിന് മേല്‍പ്പറഞ്ഞ പ്രകാരം നിശ്ചയിച്ചിരുന്ന മാനദണ്ഡങ്ങള്‍ ഒഴിവാക്കുന്നതായി യോഗത്തില്‍ തീരുമാനിച്ചിരുന്നു.
Content Highlight: Asha workers’ strike; Government accepts one of their demands; withdraws criteria for paying honorarium