ഫ്രാൻസിന്റെ സൂപ്പർ താരനിരയിലേക്ക് ഉയർന്നിരിക്കുകയാണ് ഫ്രഞ്ച് യുവതാരമായ കിലിയൻ എംബാപ്പെ. പാരിസ് ക്ലബ്ബായ പി.എസ്.ജിക്കും ഫ്രാൻസിന്റെ ദേശീയ ടീമിനും വേണ്ടി മികച്ച പ്രകടനമാണ് എംബാപ്പെ കാഴ്ചവെക്കുന്നത്.
എന്നാൽ താരം വളരെ സെൽഫിഷായ പ്ലെയറാണെന്നും വ്യക്തിഗത നേട്ടങ്ങൾക്ക് വലിയ പ്രാധാന്യം കൊടുക്കുന്ന വ്യക്തിയാണെന്നുമുള്ള തരത്തിൽ നിരവധി വിമർശനങ്ങളാണ് എംബാപ്പെക്കെതിരെ ഉയർന്ന് കേട്ടുകൊണ്ടിരുന്നത്. കൂടാതെ സഹ താരങ്ങൾക്ക് പന്ത് കൊടുക്കാതെ ഒറ്റക്ക് മുന്നേറുമെന്ന തരത്തിലും രൂക്ഷമായ വിമർശനങ്ങൾ എംബാപ്പെക്കെതിരെ ഉയർന്നിരുന്നു.
എന്നാലിപ്പോൾ തനിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഫ്രഞ്ച് യുവതാരമായ കിലിയൻ എംബാപ്പെ.
താൻ സെൽഫിഷായി തന്നെയാണ് കളിക്കുന്നതെന്നും വിജയത്തിൽ കുറഞ്ഞതൊന്നും തന്റെ ലക്ഷ്യമല്ലെന്നും കൂടാതെ ഒരാൾക്ക് ഒറ്റക്ക് വിജയം സ്വന്തമാക്കാൻ സാധിക്കില്ലെന്നുമാണ് തനിക്ക് നേരെ ഉയരുന്ന വിമർശനങ്ങളോട് പ്രതികരിച്ചത്.
“ഞാൻ വ്യക്തി കേന്ദ്രീക്രിതമായിട്ടാണ് കളിക്കുന്നതെന്നോ? എനിക്ക് അത് ശരിക്കും മനസിലായിട്ടില്ല, എന്നിരുന്നാലും ഞാൻ അതിനെ അംഗീകരിക്കുന്നു. ഒരു മികച്ച പ്ലെയറെ തേടി ഇത്തരം വിമർശനങ്ങൾ വന്ന് കൊണ്ടിരിക്കും. ആളുകൾ നമ്മെ ജഡ്ജ് ചെയ്യുകയും ചെയ്തെന്നിരിക്കും.
വിജയിക്കുക എന്നതാണ് എന്നെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യം. എന്നാൽ നമുക്ക് ഒറ്റക്ക് ഒരിക്കലും വിജയം സ്വന്തമാക്കുക സാധ്യമല്ല.
ഒരു ഗ്രൂപ്പിൽ ഞാൻ എങ്ങനെ ഇടപെടുന്നു എന്നത് എന്നെ വിമർശിക്കുന്നവർക്ക് അറിയേണ്ട കാര്യമില്ലല്ലോ,’ എംബാപ്പെ പറഞ്ഞു.
നിലവിലെ സീസണിൽ 33 മത്സരങ്ങളിൽ നിന്നും 31 ഗോളുകളാണ് എംബാപ്പെ സ്വന്തമാക്കിയിരിക്കുന്നത്. കൂടാതെ എട്ട് അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്.
അതേസമയം നിലവിലെ ഫ്രഞ്ച് ദേശീയ ടീം ക്യാപ്റ്റൻ ഹ്യൂഗോ ലോറിസ് വിരമിക്കുന്നതോടെ എംബാപ്പെ അടുത്ത ക്യാപ്റ്റനായി മാറും എന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.