കൊച്ചി: നീണ്ട ഇടവേളക്ക് ശേഷം ആക്ഷന്‍ സിനിമയുമായി സുരേഷ് ഗോപി എത്തിയ ചിത്രമായിരുന്നു കാവല്‍. ഗുഡ്‌വില്‍ സിനിമാസിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിച്ച ചിത്രം സംവിധാനം ചെയ്തത് നിഥിന്‍ രണ്‍ജി പണിക്കരാണ്.
സുരേഷ് ഗോപിയെ മാസ് ഹീറോ ആക്കിയ രണ്‍ജി പണിക്കരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഡയലോഗുകളെ കുറിച്ച് മനസുതുറക്കുകയാണ് താരം.
‘കാവലി’ല്‍ പ്രേക്ഷകര്‍ പ്രതീക്ഷിച്ച ഒരു ഡയലോഗ് ഉണ്ടായിരുന്നെന്നും ആ ഡയലോഗ് നിധിന്‍ രഞ്ജി പണിക്കരോട് പറഞ്ഞിരുന്നുവെന്നുമാണ് സുരേഷ് ഗോപി പറയുന്നത്.
ആ ഡയലോഗ് ഉണ്ടായിരുന്നെങ്കില്‍ ചിത്രം നൂറ് കോടി ക്ലബില്‍ എത്തുമായിരുന്നോ എന്ന് ആഗ്രഹിച്ച് പോയെന്നും താരം പറയുന്നു.
എഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍.
‘ഈ സിനിമയില്‍ ഒന്നുരണ്ടിടത്തെങ്കിലും എന്റെ ഈ സ്ഥിരം ഡയലോഗുകള്‍ വേണമായിരുന്നുവെന്ന് പറയുന്ന ഒരുപാട് അഭിപ്രായ പ്രകടനങ്ങള്‍ വന്നിരുന്നു. ഞാനൊരു ഡയലോഗ് നിധിനോട് പറഞ്ഞിരുന്നു. അത് കൂടി ഉണ്ടായിരുന്നുവെങ്കില്‍ ഒരു നൂറ് കോടി ക്ലബ്ബില്‍ ചിത്രം എത്തുമായിരുന്നോ എന്ന് ഞാന്‍ ആഗ്രഹിച്ച് പോയി എന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്.
തമ്പാന്‍ എന്ന മാസ് കഥാപാത്രത്തെയാണ് സുരേഷ് ഗോപി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിലൊരുങ്ങിയ ചിത്രം ഒരു ആക്ഷന്‍ ഫാമിലി ഡ്രാമയാണ്.
ദേശീയ പുരസ്‌ക്കാര ജേതാവായ നിഖില്‍ എസ്. പ്രവീണ്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ശങ്കര്‍ രാമകൃഷ്ണന്‍, സുരേഷ് കൃഷ്ണ, പത്മരാജ് രതീഷ്, ശ്രീജിത്ത് രവി, സാദിഖ്, രാജേഷ് ശര്‍മ്മ, സന്തോഷ് കീഴാറ്റൂര്‍, കിച്ചു ടെല്ലസ്, ബിനു പപ്പു, രാജേഷ് ശര്‍മ്മ, കണ്ണന്‍ രാജന്‍ പി. ദേവ്, ചാലി പാല, അരിസ്റ്റോ സുരേഷ്, ഇവാന്‍ അനില്‍, റേയ്ച്ചല്‍ ഡേവിഡ്, മുത്തുമണി, അഞ്ജലി നായര്‍, അനിത നായര്‍, പൗളി വത്സന്‍, അംബിക മോഹന്‍, ശാന്ത കുമാരി, ബേബി പാര്‍വ്വതി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ബി.കെ. ഹരി നാരായണന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് മന്‍സൂര്‍ മുത്തൂട്ടി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജയ് പടിയൂര്‍. കലാസംവിധാനം ദിലീപ് നാഥ്. മേക്കപ്പ് പ്രദീപ് രംഗന്‍. വസ്ത്രാലങ്കാരം നിസ്സാര്‍ റഹ്‌മത്ത്. സ്റ്റില്‍സ് മോഹന്‍ സുരഭി.
പരസ്യകല ഓള്‍ഡ് മങ്ക്സ്. ഓഡിയോഗ്രഫി രാജാകൃഷ്ണന്‍. സൗണ്ട് ഡിസൈന്‍ അരുണ്‍ എസ് മണി. ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് സനല്‍ വി. ദേവന്‍, സ്യമന്തക് പ്രദീപ്. ആക്ഷന്‍ സുപ്രീം സുന്ദര്‍, മാഫിയ ശശി, റണ്‍ രവി. വാര്‍ത്താ പ്രചരണം എ.എസ്. ദിനേശ്.