വാഷിങ്ടണ്‍: ഉക്രൈന്‍-റഷ്യ യുദ്ധം 24 മണിക്കൂറിനുള്ളില്‍ അവസാനിപ്പിക്കാന്‍ കഴിയുമെന്ന അവകാശവാദവുമായി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സഖ്യചര്‍ച്ചയിലൂടെ തനിക്ക് യുദ്ധം അവസാനിപ്പിക്കാന്‍ സാധിക്കുമെന്നും എന്നാല്‍ അത് എങ്ങനെയാണെന്ന് പറയില്ലെന്നും ട്രംപ് ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
യുദ്ധം അവസാനിച്ചില്ലെങ്കില്‍ 2024ല്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ താന്‍ വിജയിച്ചാല്‍ ഒരു ദിവസം കൊണ്ട് യുദ്ധം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും, ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയും തമ്മില്‍ സംസാരിക്കാന്‍ എനിക്ക് വളരെ എളുപ്പമാണ്. 24 മണിക്കൂറിനുള്ളില്‍ ചര്‍ച്ചയിലൂടെ എനിക്ക് ഇത് പരിഹരിക്കാന്‍ സാധിക്കും.
എന്നാല്‍ അത് എങ്ങനെയാണെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഒന്നര വര്‍ഷത്തിനുള്ളില്‍ ചര്‍ച്ച ആരംഭിക്കില്ല, അതിന് ഒരുപാട് സമയമെടുക്കും. പക്ഷേ അപ്പോഴേക്കും യുദ്ധം വീണ്ടും വഷളാകും,’ ട്രംപ് പറഞ്ഞു.
2020ലും താനാണ് തെരഞ്ഞെടുക്കപ്പെട്ടതെങ്കില്‍ യുദ്ധം നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആണവയുദ്ധമുണ്ടാകുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കിയിട്ടുണ്ട്.
‘വരുന്ന തെരഞ്ഞെടുപ്പോടെ യുദ്ധം അവസാനിച്ചില്ലെങ്കില്‍ പിന്നെയത് സാധ്യമാകില്ല. മാത്രമല്ല, ഈ വിണ്ഡികള്‍ ചെയ്യുന്ന കാര്യങ്ങളിലൂടെ മൂന്നാം ലോക മഹായുദ്ധം സംഭവിക്കാനും സാധ്യതയുണ്ട്,’ അദ്ദേഹം പറഞ്ഞു.
2024ലെ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ട്രംപ് വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്. താന്‍ പുടിനുമായി വളരെ നല്ല രീതിയില്‍ ഇടപഴകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കഴിഞ്ഞ ആഴ്ച ഉക്രൈന്‍- റഷ്യന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ചൈന മുന്നോട്ട് വെച്ച ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പുടിന്‍ പറഞ്ഞിരുന്നു. എന്നാല്‍ യുദ്ധം തുടങ്ങിയിട്ട് ഒരു വര്‍ഷം കഴിഞ്ഞെങ്കിലും സമാധാനപരമായ മാറ്റങ്ങള്‍ ഇതുവരെ ഉണ്ടായിട്ടില്ല.
content highlight: I will end the Ukraine-Russia war in just 24 hours; But it won’t tell how it is: Trump