അപ്പുക്കുട്ടന്‍മാരേ.., രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ അന്ന് ഞാന്‍ ദല്‍ഹിയിലുണ്ടായിരുന്നില്ല: അടൂര്‍ പ്രകാശ്
Kerala News
അപ്പുക്കുട്ടന്‍മാരേ.., രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ അന്ന് ഞാന്‍ ദല്‍ഹിയിലുണ്ടായിരുന്നില്ല: അടൂര്‍ പ്രകാശ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 26th March 2023, 10:53 pm

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ എം.പി സ്ഥാനത്തില്‍ നിന്ന് അയോഗ്യനാക്കുന്ന നടപടി വരുന്ന അന്ന് താന്‍ ദല്‍ഹിയില്‍ ഇല്ലെന്ന് ആറ്റിങ്ങല്‍ എം.പിയും കോണ്‍ഗ്രസ് നേതാവുമായ അടൂര്‍ പ്രകാശ്. താന്‍ ആലപ്പുഴയിലായിരുന്നുവെന്നും അതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

‘രാഹുല്‍ജിയെ അയോഗ്യനാക്കിയ ഇന്ത്യന്‍ ജനാധിപത്യത്തിലെ ആ കറുത്ത ദിനത്തില്‍ ഞാന്‍ ദല്‍ഹിയില്‍ ഉണ്ടായിരുന്നില്ല.

അതിനും രണ്ട് ദിവസം മുമ്പേ മുതല്‍ ആലപ്പുഴയില്‍ പാര്‍ട്ടി എനിക്ക് ചുമതല നല്‍കിയ വിവിധ യോഗങ്ങളില്‍ പ്രസംഗിക്കുന്ന ചിത്രങ്ങളും രാഹുല്‍ജിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് നടത്തിയ യോഗത്തില്‍ പങ്കെടുത്തതും എന്റെ ഇതേ പേജിലും കൂടാതെ ചിത്രങ്ങള്‍ അടക്കം വിവിധ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തത് ദേശാഭിമാനിയും കൈരളിയും മാത്രം ലോകമെന്ന് കരുതുന്ന സഖാവ് അപ്പുക്കുട്ടന്മാര്‍ (കോന്നിയിലെ മാത്രം) അറിയാതെ പോയതില്‍ എനിക്ക് ഒട്ടും അതിശയമില്ല,’ അദ്ദേഹം പറഞ്ഞു.

തുടര്‍ന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പങ്കെടുത്ത പരിപാടികളുടെ വിവരങ്ങളും പങ്കുവെച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അപ്പുക്കുട്ടന്മാരോടാണ്,
രാഹുല്‍ജിയെ അയോഗ്യനാക്കിയ ഇന്ത്യന്‍ ജനാധിപത്യത്തിലെ ആ കറുത്ത ദിനത്തില്‍ ഞാന്‍ ദല്‍ഹിയില്‍ ഉണ്ടായിരുന്നില്ല.

അതിനും രണ്ട് ദിവസം മുമ്പേ മുതല്‍ ആലപ്പുഴയില്‍ പാര്‍ട്ടി എനിക്ക് ചുമതല നല്‍കിയ വിവിധ യോഗങ്ങളില്‍ പ്രസംഗിക്കുന്ന ചിത്രങ്ങളും രാഹുല്‍ജിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് നടത്തിയ യോഗത്തില്‍ പങ്കെടുത്തതും എന്റെ ഇതേ പേജിലും കൂടാതെ ചിത്രങ്ങള്‍ അടക്കം വിവിധ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തത് ദേശാഭിമാനിയും കൈരളിയും മാത്രം ലോകമെന്ന് കരുതുന്ന സഖാവ് അപ്പുക്കുട്ടന്മാര്‍ (കോന്നിയിലെ മാത്രം) അറിയാതെ പോയതില്‍ എനിക്ക് ഒട്ടും അതിശയമില്ല.

എന്നാല്‍ ഒരു ജനപ്രതിനിധി ഇത്രയും തരംതാണ കപട പ്രസ്താവന സമൂഹ മാധ്യമങ്ങളിലൂടെ അറിയിക്കുന്നത് കോന്നിയുടെ മഹിമക്ക് മങ്ങല്‍ ഏല്‍പ്പിക്കുന്നതാണ്.

പ്രിയപ്പെട്ടവരെ,
വൈക്കം സത്യാഗ്രഹം ശതാബ്ദി ആഘോഷങ്ങളോട് അനുബന്ധിച്ച് കെ.പി.സി.സി സംഘടിപ്പിക്കുന്ന അയിത്തോച്ചാടന ജ്വാല പദയാത്ര സാമൂഹിക പരിഷ്‌കര്‍ത്താവും സമുദായ സംഘടനാ നേതാവും വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം നല്‍കിയ നവോത്ഥാന നായകനും ക്ഷേത്ര പ്രവേശന പ്രസ്ഥാനങ്ങളുടെ പിതാവുമായ ദേശാഭിമാനി ടി.കെ,. മാധവന്റെ ചെട്ടികുളങ്ങരയിലെ സ്മൃതി മണ്ഡപത്തില്‍ നിന്നും വൈക്കം വരെ 80കിലോമീറ്റര്‍ പദയാത്ര നയിക്കുവാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി എനിക്ക് ചുമതല നല്‍കിയത് പ്രകാരം അതിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ച് ദിവസങ്ങളായി ഞാന്‍ ആലപ്പുഴയിലെ വിവിധ യോഗങ്ങളില്‍ പങ്കെടുക്കുക ആയിരുന്നു.

ഇന്നലെ അയിത്തോച്ചാടന ജ്വാല പദയാത്ര ബഹു. കെ.പി.സി.സി പ്രസിഡന്റ് ശ്രീ.കെ. സുധാകരന്‍ ഉദ്ഘാടനം ചെയ്തു. യാത്ര ഇന്നലെ രാത്രി കായംകുളത്ത് സമാപിച്ചു.

നാളെ രാവിലെ രാമപുരത്ത് നിന്നും ആരംഭിച്ച് വൈകുന്നേരം അമ്പലപ്പുഴയില്‍ സമാപിക്കും.
30 ന് പദയാത്ര വൈക്കത്ത് എത്തിച്ചേരും.

ജനാധിപത്യത്തിന്റെ മരണ മണി മുഴങ്ങുന്ന ഈ വേളയില്‍ ഈ ചരിത്ര യാത്രയില്‍ പങ്കെടുക്കുവാന്‍ നിങ്ങളും എന്നോടൊപ്പം ഉണ്ടാവണം.. ??

content highlight:  I was not in Delhi the day Rahul Gandhi was disqualified: Adoor Prakash