ഇസ്‌ലാമാബാദ്: കൊവിഡ് 19 ന്റെ അപകടകരമായ തരംഗത്തിനെതിരെ പോരാടുന്ന ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.
ഇന്ത്യയില്‍ കൊവിഡ് തരംഗം രൂക്ഷമായ പശ്ചാത്തലത്തിലാണ് ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പം തങ്ങളുണ്ടെന്ന് അറിയിച്ച് പാക്കിസ്ഥാന്‍ രംഗത്തെത്തിയത്.
ഇന്ത്യയിലും ലോകമെമ്പാടും മഹാമാരിയുടെ പിടിയിലകപ്പെട്ട എല്ലാവരും വേഗത്തില്‍ സുഖം പ്രാപിക്കാനായി പ്രാര്‍ത്ഥിക്കുകയാണെന്നും ആ ആഗോളവെല്ലുവിളിക്കെതിരെ മാനവികത ഒന്നിച്ച് പോരാടണമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
‘കൊവിഡ് -19 ന്റെ അപകടകരമായ തരംഗത്തിനെതിരെ പോരാടുന്ന ഇന്ത്യയിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. നമ്മുടെ അയല്‍പ്രദേശത്തും ലോകത്തെമ്പാടും ഈ രോഗം ബാധിച്ച് കഴിയുന്നവര്‍ എത്രയും വേഗത്തില്‍ സുഖം പ്രാപിക്കണമെന്ന് പ്രാര്‍ത്ഥിക്കുകയാണ്. മനുഷ്യരാശി നേരിടുന്ന ഈ ആഗോള വെല്ലുവിളിയ്‌ക്കെതിരെ നാം ഒരുമിച്ച് പോരാടണം’, ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
കൊവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയെ സഹായിക്കാന്‍ തയ്യാറാകണമെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് ആവശ്യപ്പെട്ട് പാക്ക് ജനത രംഗത്തെത്തിയിരുന്നു.
കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായിരിക്കുകയാണെന്നും ഗുരുതരമായി കൊവിഡ് ബാധിച്ചവര്‍ക്ക് പോലും ഓക്‌സിജന്‍ നല്‍കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടെന്നും ഇന്ത്യ നേരിടുന്ന ഓക്‌സിജന്‍ പ്രതിസന്ധിയില്‍ സഹായം നല്‍കണമെന്നും പാക്കിസ്ഥാന്‍ ജനത പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് സോഷ്യല്‍ മീഡിയ വഴിയായിരുന്നു ആവശ്യപ്പെട്ടത്. ട്വിറ്ററില്‍ ഇന്ത്യ നീഡ്‌സ് ഓക്‌സിജന്‍ എന്ന ഹാഷ്ടാഗ് ട്രെന്‍ഡിങ് ആവുകയും ചെയ്തിരുന്നു.
പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ സംഘടനയായ എധി വെല്‍ഫെയര്‍ ട്രസ്റ്റ് 50 ആംബുലന്‍സുകളും മറ്റ് സഹായങ്ങളും ഇന്ത്യയ്ക്ക് നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
ട്രസ്റ്റ് മേധാവി ഫൈസല്‍ എധി ഇക്കാര്യം ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രി മോദിക്ക് കത്തയച്ചു. ഇന്ത്യയിലെ കൊവിഡ് പ്രതിസന്ധിയെക്കുറിച്ച് വ്യക്തമായി അറിയുന്നുണ്ടെന്നും സംഘടന വ്യക്തമാക്കി.
‘കൊവിഡ് മഹാമാരി സൃഷ്ടിച്ച അസാധാരണമായ ആഘാതത്തെ തുടര്‍ന്ന് നിങ്ങളുടെ രാജ്യത്ത് നിരവധി ജനങ്ങള്‍ ദുരിതമനുഭവിക്കുന്നു എന്ന് അറിഞ്ഞപ്പോള്‍ വളരെയധികം ദുഖം തോന്നി.
ആംബുലന്‍സിനൊപ്പം മെഡിക്കല്‍ ടെക്‌നീഷ്യന്‍സ്, ഡ്രൈവര്‍മാര്‍, മറ്റ് ജീവനക്കാര്‍ എന്നിവരുള്‍പ്പെടുന്ന ഒരു സംഘത്തെയും ഇന്ത്യയിലേക്ക് അയക്കാം. ഇന്ത്യയിലെ ജനങ്ങളെ പ്രതിസന്ധി ഘട്ടത്തില്‍ സഹായിക്കുന്നതിനായി എല്ലാ സംവിധാനങ്ങളും ഒരുക്കാമെന്നും ട്രസ്റ്റ് കത്തില്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക