മമ്മൂട്ടിയുടെ മുഖത്ത് വിയര്‍പ്പിന് വേണ്ടിയുള്ള വെള്ളം തളിച്ച് കൊണ്ടായിരുന്നു സിനിമയിലേക്കുള്ള തന്റെ തുടക്കമെന്ന് മേക്കപ്പ് ആര്‍ടിസ്റ്റ് പി.വി. ശങ്കര്‍. കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്കാലത്ത് ഇന്നത്തേത് പോലെ വെള്ളം സ്‌പ്രേ ചെയ്യാനുള്ള സൗകര്യങ്ങളോ ഉപകരണങ്ങളോ ഇല്ലായിരുന്നു എന്നും ഗ്ലാസില്‍ വെള്ളമെടുത്ത് മുഖത്തേക്ക് തളിക്കുകയാണ് ചെയ്യാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.
‘1971ല്‍ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയിലൂടെയാണ് എന്റെ സിനിമ രംഗത്തെ ജീവിതം ആരംഭിച്ചത്. കെ.വി. ഭാസ്‌കരന്റെ അസിസ്റ്റന്റ് ആയിട്ടായിരുന്നു എന്റെ തുടക്കം. അക്കാലത്ത് മുഖത്ത് വിയര്‍പ്പ് തളിക്കാന്‍ ഇന്നത്തെ പോലുള്ള പ്ലാസ്റ്റിക് ബോട്ടില്‍ സ്‌പ്രേകളൊന്നുമുണ്ടായിരുന്നില്ല. ഗ്ലാസില്‍ വെള്ളമെടുത്ത് മുഖത്തേക്ക് കൈകൊണ്ട് തളിക്കുകയും അത് ക്ലിയര്‍ ചെയ്യുകയുമാണ് ചെയ്യാറുള്ളത്.
അനുഭവങ്ങള്‍ പാളിച്ചകള്‍ സിനിമയുടെ സെറ്റിലുണ്ടായിരുന്ന മൂന്ന് ചെറുപ്പക്കാരില്‍ ഒരാളുടെ മുഖത്ത് ഈ തരത്തില്‍ വെള്ളം തളിച്ച് കൊണ്ടാണ് എന്റെ തുടക്കം. ആ ചെറുപ്പക്കാരനാണ് ഇന്നത്തെ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി. മമ്മൂട്ടിയുടെ മുഖത്ത് വിയര്‍പ്പ് തളിച്ച് കൊണ്ടാണ് ഞാന്‍ സിനിമയിലേക്ക് വരുന്നത്.
അന്ന് തന്നെ അടുത്ത വണ്ടിയില്‍ സത്യന്‍ സാറും വന്നിറങ്ങി. ആദ്യമായിട്ടായിരുന്നു സത്യന്‍ സാറിനെ നേരിട്ട് കാണുന്നത്. കണ്ട ഉടനെ ഭയങ്കര അത്ഭുതത്തോടെ ഞാന്‍ അദ്ദേഹത്തെ നോക്കിനിന്നു. അദ്ദേഹം വന്ന് നേരെ മേക്കപ്പ് ചെയ്യുന്ന ഇടത്തേക്ക് പോയി. കൂടെ ഭാസ്‌കരേട്ടനും പോയി. നമ്മളെയൊന്നും അങ്ങോട്ട് വിളിച്ചില്ല. മേക്കപ്പൊക്കെ കഴിഞ്ഞ് വേറൊരു രൂപത്തില്‍ സുന്ദരനായിട്ടാണ് അദ്ദേഹം തിരികെ വന്നത്. അതായിരുന്നു എന്റെ ആദ്യ സിനിമ അനുഭവങ്ങള്‍
അതിന് ശേഷം നാല്‍പതോളം സിനിമകളില്‍ അസിസ്റ്റന്റായി വര്‍ക്ക് ചെയ്തു. അതിന് ശേഷമാണ് സ്വതന്ത്രമായി സിനിമയില്‍ വര്‍ക്ക് ചെയ്യാന്‍ തുടങ്ങി. എന്റെ ബന്ധുകൂടിയായിരുന്നു ടി.കെ. ബാലചന്ദ്രന്റെ കാലം കാത്തുനിന്നില്ല എന്ന സിനിമയായിരുന്നു ഞാന്‍ സ്വതന്ത്രമായി ചെയ്ത ആദ്യ സിനിമ. പ്രേംനസീറും ജയഭാരതിയും ശ്രീലതയും അടൂര്‍ഭാസിയുമൊക്കെയായിരുന്നു അതില്‍ അഭിനയിച്ചിരുന്നത്. ശ്രീലതക്കാണ് ആദ്യം മേക്കപ്പ് ചെയ്തത്,’ പി.വി. ശങ്കര്‍ പറഞ്ഞു.
content highlights: I started by splashing sweat on Mammootty’s face: PV Shankar