Entertainment news
ആ സിനിമക്ക് ശേഷം ഞാന്‍ ഒരു സിനിമയും അത്രയും സന്തോഷത്തോടെ ചെയ്തിട്ടില്ല: ബേസില്‍ ജോസഫ്

കുഞ്ഞിരാമായണം, ഗോദ, മിന്നല്‍ മുരളി എന്നിങ്ങനെ മൂന്ന് ചിത്രങ്ങള്‍ കൊണ്ടു തന്നെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത സംവിധായകന്‍ ആണ് ബേസില്‍ ജോസഫ്. മിന്നല്‍ മുരളി പാന്‍ ഇന്ത്യന്‍ ആയതോടെ അന്യഭാഷകളിലും അദ്ദേഹത്തിന് ഏറെ ജനശ്രദ്ധ ലഭിച്ചു.

ജയ ജയ ജയ ജയ ഹേ, സൂക്ഷ്മദര്‍ശിനി, ഫാലിമി, പൊന്‍മാന്‍ എന്നീ സിനിമകളിലൂടെ അഭിനയരംഗത്തും ഇപ്പോള്‍ അദ്ദേഹം ജനശ്രദ്ധ നേടി കഴിഞ്ഞു. തിര എന്ന വിനീത് ശ്രീനിവാസന്‍ സിനിമയിലൂടെ സഹ സംവിധായകനായാണ് ബേസില്‍ സിനിമ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ഇപ്പോള്‍ ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ ഭാഗമായ അഭിമുഖത്തില്‍ സംസാരിക്കുകയാണ് ബേസില്‍ ജോസഫ്.

തന്നെ സംബന്ധിച്ചിടത്തോളം ആദ്യ സിനിമയില്‍ വെല്ലുവിളികള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും താന്‍ ഏറ്റവും കൂടുതല്‍ എളുപ്പത്തില്‍ സന്തോഷത്തോടെ ചെയ്ത ചിത്രം ആദ്യ സിനിമയായ കുഞ്ഞിരാമായണമാണെന്നും അദ്ദേഹം പറയുന്നു. ആദ്യത്തേ സിനിമ ചെയ്യാന്‍ ബുദ്ധിമുട്ടുകള്‍ ഇല്ലെന്നും കാരണം നഷ്ടപ്പെടാന്‍ നമ്മുക്കൊന്നുമില്ല എന്നും സിനിമയില്‍ പിടിച്ചു നില്‍ക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി എന്നും ബേസില്‍ പറയുന്നു.

‘ ഒട്ടും വെല്ലുവിളികള്‍ ഇല്ലാതിരുന്ന സിനിമ ഞാന്‍ ആദ്യം ചെയ്ത സിനിമ തന്നെയാണ്. ആദ്യത്തെ സിനിമ ചെയ്യാന്‍ ഒരു ബുദ്ധിമുട്ടുമില്ലായിരുന്നു. കാരണം നമ്മുക്ക് ഒന്നും നഷ്ടപ്പെടാന്‍ ഇല്ല. നമ്മള്‍ ഒരു കഥ എഴുതുക, അത് എടുക്കുക എന്ന് മാത്രമേ ഉള്ളു. പിന്നീട് ഇവിടെ ഇന്റസ്ട്രിയില്‍ പിടിച്ച് നില്‍ക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.

വരാന്‍ പോകുന്ന സിനിമയായിരിക്കും നമ്മുക്ക് ഇനി ഏറ്റവും വലിയ വെല്ലുവിളി എന്നാണ് എനിക്ക് തോന്നുന്നത്. ആദ്യ സിനിമയുടെ വെല്ലുവിളികളെ പറ്റി എനിക്ക് പ്രത്യേകിച്ച ഒന്നും പറയാന്‍ ഇല്ല. ഞാന്‍ ഏറ്റവും കൂടുതല്‍ എളുപ്പത്തോടെയും, സന്തോഷത്തോടെയും ഷൂട്ട് ചെയ്ത ചിത്രം ആദ്യത്തേതാണ്. പിന്നീടൊരിക്കലും അത്രയും സന്തോഷത്തോടെ ഒരു സിനിമയും ഷൂട്ട് ചെയ്യാന്‍ പറ്റിയിട്ടില്ല. അതിന്റേതായ ചില റെസ്പോണ്‍സിബിലിറ്റിയും ടെന്‍ഷനുമൊക്കെ പിന്നീട് സിനിമകള്‍ ചെയ്യുമ്പോള്‍ ഉണ്ടാകും,’ ബേസില്‍ ജോസഫ് പറഞ്ഞു.

CONTENT HIGHLIGHTS: I haven’t done a movie so happily since the first one: Basil Joseph