സൗഹൃദങ്ങളുടെ നിര്‍ബന്ധത്തിന് വഴങ്ങി ചില കഥാപാത്രങ്ങളൊക്കെ സിനിമയില്‍ ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും ഇനിയങ്ങോട്ട് സെലക്ടീവ് ആയി മാത്രമേ കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുകയുള്ളൂവെന്നും നടി മംമ്ത മോഹന്‍ദാസ്. കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്റെ സിനിമാ കരിയറിനെ കുറിച്ച് താരം തുറന്നുപറഞ്ഞത്.
സെലക്ടീവ് ആയി മാറിയോ മംമ്ത എന്ന ചോദ്യത്തിന് അതെ, ഇനിയങ്ങോട്ട് അങ്ങനെ തന്നെയാകുമെന്നായിരുന്നു മംമ്തയുടെ മറുപടി. സൗഹൃദങ്ങളുടെ നിര്‍ബന്ധത്തിന് വഴങ്ങി ചില കഥാപാത്രങ്ങളൊക്കെ ചെയ്യേണ്ടി വന്നിരുന്നു. ആരോടും നോ പറയുന്ന സ്വഭാവം എനിക്കില്ല. പക്ഷേ, നിര്‍മ്മാണ മേഖലയില്‍ കൂടി കടന്നതോടെ തിരക്ക് കൂടിയിട്ടുണ്ട്.
എന്തുകാര്യം ചെയ്താലും നൂറു ശതമാനവും ആത്മാര്‍ത്ഥതയോടെ ആയിരിക്കണം എന്ന നിര്‍ബന്ധം എനിക്കുണ്ട്. അതുകൊണ്ട് സെലക്ടീവ് ആകാതെ വേറെ വഴിയില്ലെന്നും മംമ്ത അഭിമുഖത്തില്‍ പറഞ്ഞു.
മയൂഖത്തിലെ ഇന്ദിരയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചിട്ട് 15 വര്‍ഷം പിന്നിടുകയാണ്, എന്തു തോന്നുന്നു എന്ന ചോദ്യത്തിന് 15 വര്‍ഷം എന്ന് പറയുന്നത് ഒരാളുടെ ജീവിതത്തിലെ സുപ്രധാന കാലഘട്ടമാണെന്നും ഈ സമയത്ത് വ്യക്തിപരമായി എന്തൊക്കെ മാറ്റങ്ങള്‍ തനിക്ക് വന്നിട്ടുണ്ടോ അതെല്ലാം തന്റെ കഥാപാത്രങ്ങളിലും പ്രതിഫലിച്ചിട്ടുണ്ടെന്നുമായിരുന്നു താരത്തിന്റെ മറുപടി.
ഓരോ ദിവസവും പുലരുന്നത് നമ്മളെ പുതിയ കാര്യങ്ങള്‍ പഠിപ്പിച്ചു കൊണ്ടാണല്ലോ. കടന്നുവന്ന കാലഘട്ടത്തെ കുറിച്ചോര്‍ക്കുമ്പോള്‍ സന്തോഷവതിയാണെന്നും താരം പറഞ്ഞു.
ഹരിഹരന്‍ സാര്‍ കാരണമാണ് തനിക്ക് സിനിമയില്‍ എത്താനായതെന്നും സിനിമ എന്ന തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവ് സംഭവിച്ചത് ഹരന്‍ സാറിന്റെ തീരുമാനം കൊണ്ടുതന്നെയാണെന്നും മംമ്ത പറയുന്നു.
സിനിമയില്‍ എത്തിപ്പെടുമെന്നോ അഭിനയിക്കുമെന്നോ ഒരിക്കല്‍പോലും കരുതിയ ആളല്ല ഞാന്‍. സംഗീതത്തിന് പ്രാധാന്യം നല്‍കി നല്ല സിനിമകള്‍ ഒരുക്കുന്ന സംവിധായകന്‍, മയൂഖത്തില്‍ എത്തിപ്പെടുമ്പോള്‍ ഹരന്‍ സാറിനെ കുറിച്ച് ഈ ചിത്രം മാത്രമായിരുന്നു മനസില്‍. പക്ഷെ അവിടെ നിന്നും നല്ല ഒരു മനുഷ്യനെ കൂടി ജീവിതത്തില്‍ പരിചയപ്പെടാന്‍ കഴിയുകയായിരുന്നു. ഹരന്‍ സാറിന്റെ സിനിമയിലൂടെ വന്നതുകൊണ്ടു തന്നെയാണ് പിന്നീടുള്ള ഭാഗ്യങ്ങളെല്ലാം തന്നെ തേടിയെത്തിയതെന്ന് താന്‍ വിശ്വസിക്കുന്നെന്നും മംമ്ത പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക