'എന്റെ മകനായതുകൊണ്ടല്ല ഈ വേഷം വിഷ്ണുവിനെ ഏല്‍പ്പിച്ചത്'; പത്തൊമ്പതാം നൂറ്റാണ്ടിലെ 'കണ്ണന്‍ കുറുപ്പിനെ' പരിചയപ്പെടുത്തി വിനയന്‍
Entertainment news
'എന്റെ മകനായതുകൊണ്ടല്ല ഈ വേഷം വിഷ്ണുവിനെ ഏല്‍പ്പിച്ചത്'; പത്തൊമ്പതാം നൂറ്റാണ്ടിലെ 'കണ്ണന്‍ കുറുപ്പിനെ' പരിചയപ്പെടുത്തി വിനയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 18th December 2021, 8:25 am

കൊച്ചി: പത്തൊമ്പതാം നൂറ്റാണ്ടിലെ തിരുവിതാംകൂര്‍ ചരിത്രം പറയുന്ന വിനയന്‍ ചിത്രം ‘പത്തൊമ്പതാം നുറ്റാണ്ടി’ലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ട് സംവിധായകന്‍ വിനയന്‍.

വിനയന്റെ മകന്‍ കൂടിയായ വിഷ്ണു വിനയന്‍ അവതരിപ്പിക്കുന്ന കണ്ണന്‍ കുറുപ്പ് എന്ന യുവ പൊലീസ് ഇന്‍സ്‌പെക്ടറുടെ കഥാപാത്രത്തെയാണ് വിനയന്‍ അവതരിപ്പിച്ചിരിക്കുന്നത്.

അധസ്ഥിതര്‍ക്കു വേണ്ടി പൊരുതിയ ധീരനായ പോരാളി ആറാട്ടുപുഴ വേലായുധ പണിക്കര്‍ ഒരു വശത്തും അയാളെ ഉന്‍മൂലനം ചെയ്യാന്‍ സര്‍വ്വസന്നാഹത്തോടെ പടയൊരുക്കിയ നാടുവാഴികള്‍ മറു ഭാഗത്തും അണിനിരന്നപ്പോള്‍ കണ്ണന്‍ കുറുപ്പ് സ്വീകരിച്ച നിലപാട് ആരെയും അമ്പരപ്പിക്കുന്നതായിരുന്നെന്ന് വിനയന്‍ പറഞ്ഞു.

വിഷ്ണു ആ കഥാപാത്രത്തോടു നീതി പുലര്‍ത്തിയിട്ടുണ്ട്. തന്റെ മകനായതുകൊണ്ടല്ല ഈ വേഷം വിഷ്ണുവിന് നല്‍കിയതെന്നും ഈ വേഷം ഭംഗിയാക്കും എന്ന് തനിക്കു തോന്നിയതു കൊണ്ടുമാത്രമാണെന്നും വിനയന്‍ പറഞ്ഞു.

ചിത്രം 2022 ഏപ്രിലില്‍ റിലീസ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. നവോത്ഥാന നായകന്‍ ആറാട്ടുപുഴ വേലായുധ പണിക്കര്‍, കായംകുളം കൊച്ചുണ്ണി, തുടങ്ങി നിരവധി കഥാപാത്രങ്ങള്‍ ചിത്രത്തിലുണ്ട്.

ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന പത്തൊമ്പതാം നൂറ്റാണ്ടില്‍ കന്നഡ ചിത്രം മുകില്‍ പെട്ട എന്ന ചിത്രത്തിലൂടെ പ്രശസ്തയായ കയാദു ലോഹറാണ് നായികയാവുന്നത്. നവോത്ഥാന നായകന്‍ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കേന്ദ്ര കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് സിജു വില്‍സണ്‍ ആണ്.

ചെമ്പന്‍ വിനോദ്, അനൂപ് മേനോന്‍, സുധീര്‍ കരമന, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, ശ്രീജിത്ത് രവി, അശ്വിന്‍, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, സെന്തില്‍ കൃഷ്ണ, മണിക്കുട്ടന്‍, വിഷ്ണു വിനയ്, സ്ഫടികം ജോര്‍ജ്, സുനില്‍ സുഖദ, ചേര്‍ത്തല ജയന്‍, കൃഷ്ണ, ബിജു പപ്പന്‍, ബൈജു എഴുപുന്ന, ഗോകുലന്‍, വി കെ ബൈജു, ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര രാധാകൃഷ്ണന്‍, സലിം ബാവ, ജയകുമാര്‍, നസീര്‍ സംക്രാന്തി, കൂട്ടിക്കല്‍ ജയചന്ദ്രന്‍, പത്മകുമാര്‍, മുന്‍ഷി രഞ്ജിത്ത്, ഹരീഷ് പെന്‍ഗന്‍, ഉണ്ണി നായര്‍, ബിട്ടു തോമസ്, മധു പുന്നപ്ര, മീന, ദുര്‍ഗ കൃഷ്ണ, സുരഭി സന്തോഷ്, ശരണ്യ ആനന്ദ് തുടങ്ങി നിരവധി പേരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വിഷ്ണു വിനയ്‌ന്റെ കഥാപാത്രത്തെ കുറിച്ച് വിനയന്‍ പറയുന്നു.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ പതിനെട്ടാമത്തെ ക്യാരക്റ്റര്‍ പോസ്റ്റര്‍ ഇന്ന് റിലീസ് ചെയ്യുന്നു. തിരുവിതാംകൂറിന്റെ മുന്‍ പടനായകന്‍മാരില്‍ ശ്രദ്ധേയനായിരുന്ന പപ്പുക്കുറുപ്പിന്റെ പുത്രന്‍ കണ്ണന്‍ കുറുപ്പ് എന്ന പൊലീസ് ഇന്‍സ്‌പെക്ടറെ ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്.

ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ അധിനിവേശത്തോടെ പുത്തന്‍ ഉണര്‍വ്വ് നേടിയ തിരുവിതാംകൂര്‍ പൊലീസിലെ വ്യത്യസ്ത വ്യക്തിത്വമായ ഈ ഇന്‍സ്‌പെക്ടറെ വിഷ്ണു വിനയ് എന്ന യുവ നടനാണ് അവതരിപ്പിക്കുന്നത്. അധസ്ഥിതര്‍ക്കു വേണ്ടി പൊരുതിയ ധീരനായ പോരാളി ആറാട്ടുപുഴ വേലായുധ പണിക്കര്‍ ഒരു വശത്തും അയാളെ ഉന്‍മൂലനം ചെയ്യാന്‍ സര്‍വ്വസന്നാഹത്തോടെ പടയൊരുക്കിയ നാടുവാഴികള്‍ മറു ഭാഗത്തും അണിനിരന്നപ്പോള്‍ കണ്ണന്‍ കുറുപ്പ് സ്വീകരിച്ച നിലപാട് ആരെയും അമ്പരപ്പിക്കുന്നതായിരുന്നു.

വിഷ്ണു ആ കഥാപാത്രത്തോടു നീതി പുലര്‍ത്തിയിട്ടുണ്ട്. എന്റെ മകനായതുകൊണ്ട് വിഷ്ണുവിന് ആ വേഷം കൊടുത്തതല്ല, മറിച്ച് അയാള്‍ ആ വേഷം ഭംഗിയാക്കും എന്ന് എനിക്കു തോന്നിയതു കൊണ്ടു മാത്രമാണ്. ഇനി ചിത്രം കണ്ടുകഴിഞ്ഞ് നിങ്ങള്‍ വിലയിരുത്തുക. ശ്രീ ഗോകുലം മൂവീസിനു വേണ്ടി ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന പത്തൊമ്പതാം നൂറ്റാണ്ട് ഷൂട്ടിംഗ് പൂര്‍ത്തിയായെങ്കിലും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ക്കായി ഇനിയും നാലുമാസമെങ്കിലും എടുക്കും. 2022 ഏപ്രിലില്‍ ചിത്രം തിയറ്ററില്‍ എത്തിക്കാനാണ് ശ്രമിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

‘I did not give this role to Vishnu because he is my son’; Vinayan introduced the Pathombatham noottandu ‘Kannan Kurup’