നിങ്ങള്‍ക്ക് പുതിയ ഉടമ വന്നെന്നറിഞ്ഞു; ചോദ്യം ചോദിച്ച എന്‍.ഡി.ടി.വി ലേഖികയോട് രാഹുല്‍ ഗാന്ധി
Kerala News
നിങ്ങള്‍ക്ക് പുതിയ ഉടമ വന്നെന്നറിഞ്ഞു; ചോദ്യം ചോദിച്ച എന്‍.ഡി.ടി.വി ലേഖികയോട് രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd September 2022, 4:55 pm

അങ്കമാലി: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി നടന്ന പത്രസമ്മേളനത്തില്‍ ചോദ്യം ചോദിച്ച എന്‍.ഡി.ടി.വി ലേഖികയോട് നിങ്ങള്‍ക്ക് പുതിയ ഉടമ വന്നതായി അറിഞ്ഞെന്ന് രാഹുല്‍ ഗാന്ധി.

മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് നിങ്ങള്‍ക്ക് പുതിയ ഉടമ വന്നില്ലേ? എന്ന് രാഹുല്‍ ഗാന്ധി മറുപടി ചോദ്യം ചോദിച്ചപ്പോള്‍ അതിന് ഇവിടെ പ്രസക്തിയില്ലെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ അതിന് മറുപടിയായി ‘മാധ്യമങ്ങളുടെ ഉടമസ്ഥാവകാശം പ്രധാനമാണ്, മാധ്യമങ്ങളുടെ ഉടമകളാണ് ആ സ്ഥാപനം എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് തീരുമാനിക്കേണ്ടത്’ എന്ന് രാഹുല്‍ വ്യക്തമാക്കി.

എന്‍.ഐ.എ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നടത്തുന്ന റെയ്ഡിലും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. എല്ലാത്തരം വര്‍ഗീയതയെയും നേരിടണമെന്നും, വര്‍ഗീയതയോട് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും പാടില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്നും, കോണ്‍ഗ്രസില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത് നല്ലതാണെന്നും, തെരഞ്ഞെടുപ്പില്‍ ആര്‍ക്കും മത്സരിക്കാമെന്നും രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.

ചില ഇടതുമുന്നണി പ്രവര്‍ത്തകരും ഭാരത് ജോഡോ യാത്രക്ക് ആശംസകള്‍ നേര്‍ന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. താന്‍ മുന്നോട്ടുവെക്കുന്ന കാര്യങ്ങളെ പരോക്ഷമായി ഇടതുപക്ഷവും പിന്തുണക്കുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണം. ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇടത് സര്‍ക്കാരിനോട് പ്രത്യശാസ്ത്രപരമായ വിയോജിപ്പുണ്ട്. എന്റെ യാത്രക്ക് വിശാലമായ കാഴ്ചപ്പാടുണ്ട്. കേരളത്തിലെ കാര്യങ്ങള്‍ സംസ്ഥാന നേതാക്കള്‍ പറയുന്നുണ്ടെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, കഴിഞ്ഞ മാസമാണ് രാജ്യത്തെ മുന്‍നിര മാധ്യമ കമ്പനിയായ എന്‍.ഡി.ടി.വിയുടെ 29.2 ശതമാനം ഓഹരികള്‍ അദാനി ഗ്രൂപ്പ് സ്വന്തമാക്കിയത്. മാധ്യമ മേഖലയില്‍ അദാനിയുടെ ഉപകമ്പനിയായ എ.എം.ജി മീഡിയ നെറ്റ്‌വര്‍ക്ക് ലിമിറ്റഡാണ് ഓഹരികള്‍ വാങ്ങിയത്.

കമ്പനിയുടെ 26 ശതമാനം ഓഹരി കൂടി സ്വന്തമാക്കാനാണ് ഓപ്പണ്‍ ഓഫര്‍ വഴി ലക്ഷ്യമിടുന്നതെന്ന് അദാനി എന്റര്‍പ്രൈസസിന്റെ ഉടമസ്ഥതയിലുള്ള എ.എം.ജി മീഡിയ നെറ്റ്വര്‍ക്ക് അറിയിച്ചിരുന്നു. മാധ്യമമേഖലയില്‍ ഇടപെടാന്‍ കഴിഞ്ഞ ഏപ്രിലില്‍ പ്രവര്‍ത്തനമാരംഭിച്ച എ.എം.ജി മീഡിയ നെറ്റ്വര്‍ക്ക് പിന്നീട് ക്വിന്റ് ഡിജിറ്റലിന്റെ ഓഹരികളും സ്വന്തമാക്കിയിരുന്നു.

എന്‍.ഡി.ടി.വി 24*7, എന്‍.ഡി.ടി.വി ഇന്ത്യ, എന്‍.ഡി.ടി.വി പ്രോഫിറ്റ് എന്നീ ടി.വി ചാനലുകളാണ് എന്‍.ഡി.ടി.വി ഗ്രൂപ്പിനുള്ളത്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും സാമൂഹിക മാധ്യമങ്ങളിലും എന്‍.ഡി.ടി.വിക്ക് നിരവധി ഫോളോവേഴ്സുണ്ട്.

Content Highlight: I believe you have a new owner?; Rahul Gandhi to NDTV correspondent who asked the question