national news
'ഇത് ചെയ്തവരില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു'; ബാബറി മസ്ജിദ് തകര്‍ക്കുന്ന ചിത്രം നല്‍കിയ ശിവസേന പരസ്യം വിവാദമാകുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Aug 05, 05:06 am
Wednesday, 5th August 2020, 10:36 am

ന്യൂദല്‍ഹി: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന്റെ തറക്കല്ലിടല്‍ ചടങ്ങ് ഇന്ന് നടക്കാനിരിക്കെ ശിവസേന മുഖപത്രമായ സാമ്‌നയില്‍ വന്ന പരസ്യം വിവാദമാകുന്നു.

ബുധനാഴ്ച രാവിലത്തെ പത്രത്തിന്റെ ആദ്യ പേജിലാണ് ബാബ്‌റി മസ്ജിദ് തകര്‍ക്കുന്നതിന്റെ ചിത്രം നല്‍കികൊണ്ടുള്ള പരസ്യം വന്നിരിക്കുന്നത്.

ബാലാസാഹേബ് താക്കറെയുടെ ചിത്രത്തോടൊപ്പം ‘ഇത് ചെയ്തവരില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു, ജയ് ശ്രീറാം ” എന്ന കുറിപ്പോടെയാണ് രാമക്ഷേത്ര ഭൂമി പൂജയുടെ പരസ്യം നല്‍കിയിരിക്കുന്നത്.

പത്രത്തില്‍ പരസ്യം നല്‍കിയിരിക്കുന്ന ശിവസേന സെക്രട്ടറി മിലിന്ദ് നാവേര്‍ക്കറുടെ ചിത്രവും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറുടെയും മകന്‍ ആദിത്യ താക്കറെയുടെ ചിത്രവും നല്‍കിയിരിക്കുന്നു.

അയോധ്യയിലെ ഭൂമി പൂജയുടെ ചടങ്ങിലേക്ക് ബി.ജെ.പി ശിവസേനയെ ക്ഷണിച്ചിട്ടില്ല. ബാബ്‌റി മസ്ജിദ് തകര്‍ക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്നെന്നും എന്നിട്ടും ചടങ്ങിലേക്ക് ശിവസേനയെ ക്ഷണിച്ചില്ലെന്നും ബുധനാഴ്ചത്തെ സാമന പത്രത്തിലെ ലേഖനങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ട്.

ഉത്തര്‍ പ്രദേശില്‍ കൊവിഡ് നിരക്ക് ഉയരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ആഗസ്റ്റ് അഞ്ചിന് അയോധ്യയില്‍ പങ്കെടുക്കാന്‍ സാധ്യതയില്ലെന്ന് മുതിര്‍ന്ന ശിവസേന നേതാവ് സഞ്ജയ് റാവത്ത് ശനിയാഴ്ച പറഞ്ഞിരുന്നു.

പ്രധാനമന്ത്രിക്ക് രാമക്ഷേത്ര നിര്‍മാണം ആരംഭിക്കാനുള്ള ഏറ്റവും മിച്ച സമയമാണിതെന്ന് കഴിഞ്ഞ ദിവസത്തെ സാമന എഡിറ്റോറിയലില്‍ പറഞ്ഞിരുന്നു. രാമന്റെ അനുഗ്രഹം കൊണ്ട് കൊവിഡ് മാറുമെന്നും പത്രത്തിന്റെ ഒരു മുഖപ്രസംഗത്തില്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ