അമേരിക്കയില്‍ ഉയരുന്ന കൊവിഡ് മരണനിരക്ക് ,മരുന്നും കാരണമാവുമ്പോള്‍
രോഷ്‌നി രാജന്‍.എ

കൊവിഡ് 19 നെതിരെ പ്രതിരോധ മരുന്നായി ഉപയോഗിക്കുന്ന ഹൈഡ്രോക്‌സിക്ലോറോക്വിന്‍ അമേരിക്കയില്‍ ആളുകളുടെ മരണത്തിന്റെ എണ്ണം കൂട്ടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. മലേറിയ ചികിത്സക്കായി ഉപയോഗിച്ചു വരുന്ന ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കൊവിഡ് പ്രതിരോധ മരുന്നായി ഉപയോഗിക്കാമെന്നതിന് വലിയ ശാസ്ത്രീയ വിശദീകരണങ്ങളൊന്നും നിലനില്‍ക്കാത്ത സാഹചര്യത്തിലാണ് അമേരിക്ക ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങള്‍ ഇത് വ്യാപകമായി ഉപയോഗിക്കുന്നത്.

അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കൊവിഡിനെതിരെ ഉപയോഗിക്കാന്‍ കഴിയുന്ന മരുന്നാണെന്ന് പലകുറി ആവര്‍ത്തിച്ചു പറയുകയും വിവാദങ്ങളില്‍ ഇടം പിടിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരണനിരക്ക് കൂട്ടുന്നുവെന്ന കണക്കുകള്‍ പുറത്തു വരുന്നത്.

ലോകത്ത് ആറ് ഭുഖണ്ഡങ്ങളില്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കൊവിഡ് പ്രതിരോധ മരുന്നായി ഉപയോഗിക്കുന്നുണ്ടെങ്കിലും കൂടുതലായി ഉപയോഗിക്കുന്നത് അമേരിക്കയിലാണ്. മരണനിരക്ക് കൂടുന്ന സാഹചര്യത്തില്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കൂടുതല്‍ രോഗികളില്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

കൃത്യമായ ശാസ്ത്രീയ പഠനങ്ങള്‍ നടത്താതെ ഇനിയും രോഗികളില്‍ ഈ മരുന്ന് ഉപയോഗിച്ചാല്‍ അത് അപകടത്തിലേക്ക് നയിക്കുമെന്നും ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉപയോഗിച്ചതിന് ശേഷം ആളുകളില്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ കൂടുതലായി കണ്ടുവരുന്നതായും പഠനറിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. മരുന്ന് ഉപയോഗിക്കുന്നവരില്‍ 8 ശതമാനം ആളുകളും ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് അടിമയായെന്ന് പഠനത്തില്‍ പറയുന്നുണ്ട്. അതേ സമയം മരുന്ന് ഉപയോഗിക്കാത്ത ഹൃദയസംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ 0.3 ശതമാനം മാത്രമാണ്.

ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉപയോഗിക്കാത്ത രോഗികളുടെ മരണനിരക്കിനേക്കാള്‍ കൂടുതലാണ് മരുന്ന് ഉപയോഗിക്കുന്നവരുടെ മരണനിരക്കെന്നാണ് അമേരിക്കല്‍ നടത്തിയ പുതിയ പഠനത്തില്‍ തെളി
ഞ്ഞിരിക്കുന്നത്. മരുന്നുമായി ബന്ധപ്പെട്ട് വലിയൊരു വിഭാഗം ആളുകളില്‍ നടത്തുന്ന ആദ്യത്തെ പഠനമാണ് പുറത്തുവന്നിരിക്കുന്നതെന്നും ബോസ്റ്റണിലെ വിദഗ്ധ പ്രൊഫസര്‍ മന്ദീപ് ആര്‍ മെഹ്റ പറഞ്ഞു.

ഹൈഡ്രോക്‌സിക്ലോറോക്വിനുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രസ്താവനകള്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. കൊറോണ വൈറസിനെതിരെ അധിക സുരക്ഷ നല്‍കുന്ന അത്ഭുത മരുന്നാണ് ഇതെന്നായിരുന്നു ട്രംപിന്റെ വാദം. ഇന്ത്യയില്‍ വലിയ അളവില്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ നിര്‍മിക്കുന്നതിനാല്‍ അമേരിക്ക മരുന്നിനായി സമീപിച്ചിരുന്നത് ഇന്ത്യയെയായിരുന്നു. അമേരിക്കയിലേക്കുള്ള കയറ്റുമതിക്ക് ഇന്ത്യ അനുമതി നല്‍കിയില്ലെങ്കില്‍ തിരിച്ചടിക്കുമെന്ന് ട്രംപ് പറഞ്ഞതും വാര്‍ത്തകളില്‍ വലിയ രീതിയില്‍ ഇടം പിടിച്ചിരുന്നു. കയറ്റുമതി നിയമങ്ങളില്‍ വരെ മാറ്റം വരുത്തി ഇന്ത്യ മരുന്ന് നല്‍കുകയും ചെയ്തു.

കൊവിഡ് 19 നെ പ്രതിരോധിക്കുന്നതിനായി താന്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കഴിക്കുന്നുണ്ടെന്ന് ട്രംപ് പറഞ്ഞതും ഇക്കഴിഞ്ഞ ദിവസങ്ങളിലാണ്. എല്ലാ ദിവസവും സിങ്കുമായി കൂട്ടിക്കലര്‍ത്തി ഒരു ഗുളിക കഴിക്കാറുണ്ടെന്നായിരുന്നു ട്രംപ് പറഞ്ഞത്. അതെന്തിനാണെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് നല്ലതാണെന്ന് താന്‍ കരുതുന്നുവെന്നും അത് കൊണ്ട് പല നല്ല അനുഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നുമായിരുന്നു ട്രംപിന്റെ വിശദീകരണം.

ഹൈഡ്രോക്‌സിക്ലോറോക്വിന് നിരവധി പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. കൂടാതെ ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരമല്ലാതെ ഈ മരുന്ന് കഴിക്കരുതെന്നും കൊവിഡ് ചികിത്സക്ക് ഇത് ഉപയോഗിക്കരുതെന്നും എഫ്. ഡി.എയും വ്യക്തമാക്കിയ സാഹചര്യത്തിലാണ് മരുന്ന് കഴിക്കണമെന്ന വാദവുമായി ട്രംപ് രംഗത്തെത്തിയിരുന്നത്. ട്രംപ് അവകാശപ്പെടുന്നതുപോലുള്ള ഫലം ഈ മരുന്നിനുണ്ടോ എന്ന് കണ്ടെത്തുന്നതിന് വേണ്ടി ഓസ്ട്രേലിയയും ഇത് പരീക്ഷിക്കുകയാണിപ്പോള്‍.

ദിനംപ്രതി രോഗികളുടെ എണ്ണം കുത്തനെ കൂടിക്കൊണ്ടിരിക്കുന്ന അമേരിക്കയെ സംബന്ധിച്ച് വലിയ ആശങ്കയാണ് നിലനില്‍ക്കുന്നത്. ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ച രാജ്യമാണ് അമേരിക്ക.

എന്നാല്‍ കാര്യക്ഷമമായ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്താതെയും വ്യാജവാര്‍ത്തകള്‍ക്ക് പിന്നാലെ പോയും അമേരിക്കന്‍ ഭരണകൂടം ലാഘവത്തോടെയാണ് കൊവിഡ് 19 നെ നേരിടുന്നതെന്ന വിമര്‍ശനങ്ങള്‍ ആഗോളപരമായി തന്നെ നിലനില്‍ക്കുന്ന ഒന്നാണ്. ആവശ്യമായ സമയത്ത് വേണ്ടിയിരുന്ന മുന്‍കരുതലുകള്‍ എടുക്കാതിരുന്നതിനാല്‍ രാജ്യത്തെ ജനങ്ങളെ വലിയ ദുരിതത്തിലേക്കാണ് ട്രംപ് എത്തിച്ചതെന്ന വിമര്‍ശനങ്ങളും നിലനില്‍ക്കുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 

രോഷ്‌നി രാജന്‍.എ
മഹാരാജാസ് കോളജില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം, കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസത്തില്‍ നിന്നും പി.ജി ഡിപ്ലോമ. ഇപ്പോള്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി.