ISL
ഇടഞ്ഞകൊമ്പനെ തളച്ചുകെട്ടി ഹൈദരാബാദ്; കന്നിക്കിരീടം നേടി ഹൈദരാബാദ്
സ്പോര്‍ട്സ് ഡെസ്‌ക്
2022 Mar 20, 04:48 pm
Sunday, 20th March 2022, 10:18 pm

ആദ്യ കിരീടം സ്വപ്‌നം കണ്ടിറങ്ങിയ കൊമ്പന്‍മാരെ തളച്ച് ഹൈദരാബാദ് എഫ്.സി. തങ്ങളുടെ ആദ്യ ഫൈനലില്‍ തന്നെ കന്നിക്കിരീടം സ്വന്തമാക്കിയാണ് ഹൈദരാബാദ് ഐ.എസ്.എല്ലിന്റെ നെറുകയിലെത്തിയത്.

മൂന്നാം ഫൈനലില്‍ തങ്ങളുടെ ആദ്യ കിരീടം കിരീടം നേടാനുറച്ച് കളത്തിലിറങ്ങിയ ബ്ലാസ്റ്റേഴ്‌സിനെ തളച്ചാണ് ഹൈദരാബാദ് തങ്ങളുടെ ആദ്യ കിരീടം സ്വന്തമാക്കിയത്.

കടം വിട്ടാനും കപ്പടിക്കാനും ഈ സീസണിലും കഴിയാത്തതിന്റെ നിരാശയിലാണ് ബ്ലാസ്റ്റേഴ്‌സ് സീസണിനോട് വിട പറയുന്നത്. രണ്ട് തവണയും കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടപ്പെട്ട കിരീടം മൂന്നാം തവണയും കൈയെത്തും ദൂരത്ത് നിന്നായിരുന്നു ബ്ലാസ്റ്റേഴ്‌സിന് നഷ്ടമായത്.

ആദ്യ കിരീടം നേടാനുറച്ച് കളത്തിലിറങ്ങിയ ബ്ലാസ്‌റ്റേഴ്‌സിനെ തകര്‍ത്താണ് ഹൈദരാബാദ് കപ്പടിച്ചിരിക്കുന്നത്. നിശ്ചിത സമയത്തില്‍ 1-1 എന്ന നിലയില്‍ ഇരുവരും സമനിലയില്‍ പിരിഞ്ഞിരുന്നു.

ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമായിരുന്ന കേരളം പിന്നിലേക്ക് പോയത്.

68ാം മിനിറ്റില്‍ മലയാളി താരം രാഹുല്‍ കെ.പിയുടെ തകര്‍പ്പന്‍ ഷോട്ടിലൂടെയാണ് കേരളം മുന്നിലെത്തിയത്. ഒരു ഗോളിന് പിന്നിലായതോടെ ഹൈദരാബാദ് ഉണര്‍ന്നുകളിച്ചു. ഇതോടെയാണ് കൂട്ടപ്പൊരിച്ചിലുകള്‍ക്ക് പിന്നാലെയുള്ള സമനില ഗോള്‍ പിറന്നത്. 88ാം മിനിററിലായിരുന്നു ഹൈദരാബാദ് കേരളത്തിന്റെ വല കുലുക്കിയത്.

നിശ്ചിത സമയത്തില്‍ 1-1 എന്ന നിലയില്‍ സമനിലയായതോടെയാണ് മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടത്. എക്‌സ്ട്രാ ടൈമിലും ഇരുടീമുകളും തുല്യത പാലിച്ചതോടെ മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.

3-1 എന്ന സ്‌കോറിനാണ് ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിച്ച് ഹൈദരാബാദ് പെനാല്‍ട്ടിയിലൂടെ കിരീടം നേടിയത്.

ആര്‍ത്തിരമ്പുന്ന കാണികള്‍ക്ക് മുമ്പിലായിരുന്നു ടീമുകള്‍ കളത്തിലിറങ്ങിയത്. ടീമുകളുടെ ഓരോ പാസിലും ഓരോ മുന്നേറ്റത്തിലും ഗാലറി അക്ഷരാര്‍ത്ഥത്തില്‍ ആര്‍ത്തിരമ്പുകയായിരുന്നു.

4-4-2 എന്ന ഫോര്‍മേഷനിലായിരുന്നു കോച്ച് ഇവാന്‍ വുകോമനോവിച്ച് ടീമിനെ വിന്യസിച്ചത്. തുടക്കത്തില്‍ തന്നെ ആക്രമിച്ചു കളിക്കുന്ന ശൈലിയായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് പുറത്തെടുത്തത്.

നിരവധി തവണ ഗോള്‍മുഖത്തിലേക്ക് ആക്രണമഴിച്ചുവിട്ട് ഹൈദരാബാദ് ഗോള്‍കീപ്പര്‍ കട്ടിമണിയെ പ്രതിരോധത്തിലാഴ്ത്തിയിരുന്നു. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടതല്‍ സേവുകള്‍ നടത്തിയ കട്ടിമണിയെ നിരന്തരമായി പരീക്ഷിക്കുന്ന പ്രകടനമായിരുന്നു കേരളം നടത്തിയത്. എങ്കിലും ഷൂട്ടൗട്ടില്‍ കട്ടിമണിയെ തളയ്ക്കാന്‍ പറ്റാതെ പോയതോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് തോല്‍വിയറിഞ്ഞത്.

 

 

 

Content Highlight: Hyderabad FC  wins Hero ISL by defeating Kerala Blasters