1970 -കളുടെ അവസാനപാദം.
ബിഹാറിലെ ഗംഗാനദീ തീരത്തുള്ള ജില്ലയായ ഭഗല്‍പൂരിലെ ഒരു പൊലീസ് സ്റ്റേഷനില്‍ നരക നീതി നടപ്പാക്കപ്പെട്ട കാലം. പിടിച്ചു പറിയും കൊലപാതകവും ബലാത്സംഗവുമടക്കം നിരവധി കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട 33 ഗുണ്ടകളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പലരും സ്ഥിരം ക്രിമിനലുകള്‍ എന്നാണു പോലീസ് പറഞ്ഞത്.
സ്വതന്ത്രഭാരതം കണ്ടതില്‍ വച്ച് ഏറ്റവും ക്രൂരമായ ശിക്ഷയായിരുന്നു അവര്‍ക്കവിടെ വിധിക്കപ്പെട്ടത്. ബലമായി മലര്‍ത്തിക്കിടത്തി കണ്ണുകളില്‍ ലോഹദണ്ഡു കുത്തിയിറക്കി ആ കണ്‍കുഴികളിലേക്ക് ശക്തിയേറിയ ആസിഡ് ഒഴിക്കുക. സൂചികളും കമ്പികളും അടക്കം കയ്യില്‍ കിട്ടിയതു പൊലീസ് ഇതിനായി ഉപയോഗിച്ചു.
ഭോലാ ചൗധരി, ഭലന്ദ്പുര്‍ പൊലീസിന്റെ ആസിഡ് ആക്രമണത്തിലെ ഇര
അന്നും ഇന്നും ക്രൈം റേറ്റില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് ബിഹാര്‍. ആളുകള്‍ പൊലീസ് നീതി നടപ്പാക്കിയ രീതിയെ വാഴ്ത്തിപ്പാടി. ബീഹാറിലെ ക്രിമിനലുകള്‍ നിലയ്ക്ക് നില്‍ക്കണമെങ്കില്‍ ഇത്തരം ശിക്ഷ കൊടുക്കണം എന്ന് ജനങ്ങള്‍ പറഞ്ഞു. പലരെയും പൊലീസില്‍ പിടിച്ചു കൊടുത്തു കണ്ണ് ചൂഴ്‌ന്നെടുത്തു ആസിഡ് ഒഴിക്കാന്‍ ജനങ്ങള്‍ തന്നെ പൊലീസിനോട് ആവശ്യപ്പെട്ടു തുടങ്ങി.
ഏതൊരു ജനാധിപത്യ രാജ്യവും ലജ്ജിക്കുന്ന ക്രൂരതകളായിരുന്നു പിന്നീട് ഭഗല്‍പൂരില്‍ അരങ്ങേറിയത്. പൊലീസ് കാണിച്ചു കൊടുത്ത ശിക്ഷാരീതി ജനങ്ങള്‍ ഏറ്റെടുത്തു.
മേല്ജാതിക്കാരനെ കണ്ടു എഴുന്നേല്‍ക്കാത്ത കീഴ്ജാതിക്കാരനും എതിര്‍ രാഷ്ട്രീയ കക്ഷിയില്‍പ്പെട്ടവര്‍ക്കും ഭൂമി തര്‍ക്കത്തില്‍ എതിര്‍പക്ഷത്തു നില്‍ക്കുന്നവനും ഒരേ ശിക്ഷ തന്നെ കിട്ടി, കണ്ണുകള്‍ ക്രൂരമായി ചൂഴ്‌ന്നെടുത്തു ആ ചോരകുഴികളില്‍ ആസിഡ് ഒഴിക്കല്‍….!
പട്ടാണിക്കടല മോഷ്ടിച്ചു എന്നാരോപിച്ചു ഒരു പത്തു വയസ്സുകാരി പെണ്‍കുട്ടിയുടെ കണ്ണുകളില്‍ പോലും ആസിഡ് ഒഴിച്ച് നീതി നടപ്പാക്കി ബുദ്ധവിഹാരങ്ങളുടെ നിഴലില്‍ വളര്‍ന്ന ജനത.
കണ്ണ് ചൂഴ്ന്നു ആസിഡ് ഒഴിക്കല്‍ ഭഗല്‍പൂരിനു പുറത്തേക്കും അതിവേഗം പടര്‍ന്നു പിടിച്ചു. അന്ധരാക്കപ്പെട്ടവരുടെ ഭീഭത്സമായ ചിത്രങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ മുന്‍പേജില്‍ അച്ചടിച്ച് വന്നു. രാജ്യത്തെ മനുഷ്യാവകാശ സംഘടനകള്‍ ശക്തമായി വിഷയത്തില്‍ ഇടപെട്ടു. ലോകരാജ്യങ്ങള്‍ക്ക് മുന്‍പില്‍ ഇന്ത്യ ഈ ക്രൂരതയുടെ പേരില്‍ തല കുനിക്കേണ്ടി വന്നു.
അധികാരികള്‍ ഉണര്‍ന്നു. കുറെ പൊലീസുകാരെ സസ്‌പെന്റ് ചെയ്തു. കേസ് സി.ബി.ഐ ഏറ്റെടുത്തു. രണ്ടായിരത്തില്‍ അധികം പേരെ അന്വേഷണത്തിന്റെ ഭാഗമായി സി.ബി.ഐ ചോദ്യം ചെയ്തു. കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ പൊലീസുകാര്‍ക്കൊപ്പം തന്നെ നിരവധി പൗരന്മാരെയും പ്രതിക്കൂട്ടിലാക്കി സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു.
ശിക്ഷയില്‍ നിന്ന് രക്ഷപെടാന്‍ പൊലീസും ജനങ്ങളും പരസ്പരം സഹായിച്ചു. അന്നത്തെ ബീഹാര്‍ ഗവണ്മെന്റും കേന്ദ്രസര്‍ക്കാരും ഇരകളാക്കപ്പെട്ടവര്‍ക്കു ധനസഹായം പ്രഖ്യാപിച്ചു. സുപ്രീം കോടതി ആജീവനാന്തം പെന്‍ഷന്‍ നല്‍കാന്‍ ഉത്തരവിട്ടു. എന്നാല്‍ പലരുടെ കയ്യിലും അത് സമയത്തു എത്തിയില്ല.
ഐസ് ഓഫ് ഡാര്‍ക്ക്‌നെസില്‍നിന്ന്
കൊടും ക്രിമിനലുകളെ പോലെ ആയിരുന്നു ആസിഡ് ഒഴിക്കപ്പെട്ടു കാഴ്ച ശക്തി പോയ പലരോടുമുള്ള ജനങ്ങളുടെ പെരുമാറ്റം. പലരും നരകിച്ചു മരണത്തിനു കീഴടങ്ങി. ശേഷിക്കുന്നവര്‍ വിധിയെ പഴിച്ചു ഇന്നും ബീഹാറില്‍ ജീവിക്കുന്നു.
2000-ത്തിനു ശേഷവും ബീഹാറിലെ ഉള്‍നാടുകളില്‍ നിന്ന് ആസിഡ് ഒഴിച്ച് കാഴ്ച നശിപ്പിച്ച കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.’ദ് ഐസ് ഓഫ് ഡാര്‍ക്നെസ്സ്’ എന്ന പേരില്‍ അമിതാഭ് പരാശര്‍ ഈ സംഭവത്തെ പറ്റി ഡോക്യുമെന്റി പുറത്തിറക്കി.
അമിതാഭ് പരാശര്‍
2003 -ല്‍ അജയ് ദേവ്ഗണ്‍ നായകനായി അഭിനയിച്ച ‘ഗംഗാജല്‍ എന്ന സിനിമയും ഈ വിഷയം കൈകാര്യം ചെയ്തു.
നിയമം കയ്യിലെടുത്തു നീതി നടപ്പാക്കുന്നത് നമ്മുടെ ഉള്ളിലെ ധാര്‍മികതയെ താല്‍ക്കാലികമായെങ്കിലും തൃപ്തിപ്പെടുത്തും. വരാനിരിക്കുന്ന വലിയ അധര്‍മ്മങ്ങളുടെ കുളമ്പടിയൊച്ചകള്‍ അപ്പോള്‍ നാം കേള്‍ക്കണമെന്നില്ല.
തിരുത്താനും മാറ്റിയെഴുതാനും ഏറെയുള്ള ബൃഹദ് സംഹിതയാണ് ഭാരതീയ നിയമവ്യവസ്ഥ. അഴിമതിയുടെ പാപക്കറകള്‍ പരമോന്നത വിധികര്‍ത്താക്കളുടെ മേല്‍ക്കുപ്പായത്തിലും വടുക്കള്‍ തീര്‍ത്തിട്ടുമുണ്ട്. പക്ഷെ ഇതൊന്നും കണ്ണ് കെട്ടി അന്ധത സ്വയം വരിച്ച നീതിദേവതയുടെ മുകളിലൂടെ ആയുധമേന്തിയ ഒരു നിയമപാലകന് ഉന്നം പിടിക്കാനുള്ള ന്യായീകരണമാകുന്നില്ല…