ചെന്നൈയെ ബാറ്റിംഗ് പഠിപ്പിക്കാന്‍ ഹസിയെത്തും
IPL
ചെന്നൈയെ ബാറ്റിംഗ് പഠിപ്പിക്കാന്‍ ഹസിയെത്തും
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 9th January 2018, 6:00 pm

ചെന്നൈ: ഐ.പി.എല്‍ വരാനിരിക്കുന്ന സീസണില്‍ താരലേലവും താരകൈമാറ്റവും നടക്കാനിരിക്കെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സീസണിന് മുമ്പേ പോരാട്ടത്തിന് തയ്യാറെടുക്കുകയാണ്. കളിക്കാരനായി മുമ്പ് ടീമിലുണ്ടായിരുന്ന ഓസ്‌ട്രേലിയന്‍ താരം മൈക് ഹസി ഇനി പരിശീലകനായി ചെന്നൈയുടെ കുപ്പായത്തിലുണ്ടാകും.

ചെന്നൈയുടെ ബാറ്റിംഗ് കോച്ചായാണ് ഹസി എത്തുന്നത്. ചെന്നൈയ്ക്കു വേണ്ടി അഞ്ച് സീസണില്‍ കളിച്ചിട്ടുള്ള ഹസി ടീം രണ്ട് തവണ കിരീടം നേടിയപ്പോഴും ടീമിലുണ്ടായിരുന്നു.

ഐ.പി.എല്ലില്‍ 1700 റണ്‍സ് നേടിയിട്ടുണ്ട് ഹസി. നേരത്തെ ചെന്നൈ ധോണിയേയും റെയ്‌നയേയും നിലനിര്‍ത്തിയിരുന്നു. ചെന്നൈയ്ക്കു വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ മൂന്നാമതാണ് ഹസി.

റെയ്‌നയും ധോണിയുമാണ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ചെന്നൈ ടീമില്‍ ചെലവഴിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഹസി പ്രതികരിച്ചു.

“സി.എസ്.കെയില്‍ എനിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ട്. നല്ല ഓര്‍മകളാണ് ടീം എനിക്ക് സമ്മാനിച്ചത്. മികച്ച പ്രകടനം നടത്താനാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.”

ധോണിയേയും റെയ്‌നയേയും കൂടാതെ ജഡേജയേയും സി.എസ്.കെ നിലനിര്‍ത്തിയിട്ടുണ്ട്.