ലഖ്നൗ: യു.പിയില്‍ മതചടങ്ങിനിടയിലുണ്ടായ തിക്കിലും തിരക്കിലും പെട്ടുള്ള അപകടത്തില്‍ മരണസംഖ്യ ഉയരുന്നു. അപകടത്തില്‍ ഇതുവരെ 121 പേര്‍ മരണപ്പെട്ടുവെന്നും നിരവധി ആളുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്നുമാണ് റിപ്പോര്‍ട്ട്. ഭോലേ ബാബ എന്നറിയപ്പെടുന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവം നടത്തിയ മതചടങ്ങിലാണ് അപകടമുണ്ടായത്.
ആളുകള്‍ സംഘമായെത്തി പ്രാര്‍ത്ഥന നടത്തുന്ന ‘സത്സങ്’ എന്ന് ചടങ്ങിലാണ് നിയന്ത്രിക്കാന്‍ കഴിയാത്ത വിധത്തില്‍ തിരക്കുണ്ടായത്. കുട്ടികളും സ്ത്രീകളും അടക്കമാണ് തിരക്കില്‍ പെട്ട് മരിച്ചത്.
ഉത്തര്‍പ്രദേശില്‍ സത്സങ് എന്ന പേരില്‍ മതചടങ്ങ് നടക്കുന്നത് ഇത് ആദ്യമായല്ല. ഹത്രാസിലെ ചടങ്ങിന് നേതൃത്വം നല്‍കിയ ഭോലേ ബാബ എന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവം ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥന്‍ എന്നാണ് അവകാശപ്പെടുന്നത്. സാകര്‍ വിശ്വഹരിയെന്നും ഇയാള്‍ അറിയപ്പെടുന്നു.
യു.പിയ്ക്ക് പുറമെ ഉത്തരാഖണ്ഡ്, ദല്‍ഹി, രാജസ്ഥാന്‍, ഹരിയാന എന്നീ സംസ്ഥാനങ്ങളിലും ഇയാള്‍ സത്സങ് നടത്തിവന്നിരുന്നു. 26 വര്‍ഷം മുമ്പ് സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച് താന്‍ മത പ്രഭാഷണത്തിലേക്ക് തിരിഞ്ഞുവെന്ന് ഭോലെ ബാബ അവകാശപ്പെടുന്നതായാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍.
അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ സ്ഥലത്തെത്തിയത് അപകടത്തിന് കാരണമായെന്ന് അധികൃതര്‍ പറഞ്ഞു. ആയിരക്കണക്കിന് ആളുകളാണ് മതചടങ്ങില്‍ എത്തിയത്. പരിപാടി നടന്ന സദസില്‍ നിന്ന് പുറത്തേക്ക് കടക്കാന്‍ ഒരൊറ്റ വാതില്‍ മാത്രമാണ് ഉണ്ടായിരുന്നത്. സംസ്ഥാനത്ത് ആഴ്ചകളായി തുടരുന്ന കനത്ത ചൂടും അപകടത്തിന്റെ തോത് വര്‍ധിപ്പിച്ചുവെന്നും അധികൃതര്‍ പറഞ്ഞു.
അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും അനുശോചിച്ചു. അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു.
Content Highlight: Hundreds of people were killed in a religious ceremony in UP; Bhole Baba is a self-proclaimed godman