മലേഷ്യയിലേക്ക് വീണ്ടും കേരളത്തില്‍ നിന്ന് മനുഷ്യക്കടത്ത്
human trafficking
മലേഷ്യയിലേക്ക് വീണ്ടും കേരളത്തില്‍ നിന്ന് മനുഷ്യക്കടത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 20th October 2019, 8:42 pm

പാലക്കാട്:  മലേഷ്യയിലേക്ക് കേരളത്തില്‍ നിന്ന് വീണ്ടും മനുഷ്യക്കടത്ത് നടന്നതായി ’24ന്യൂസ് ‘ റിപ്പോര്‍ട്ട്.പാലക്കാട് സ്വദേശികളാണ് കബളിക്കപ്പെട്ടത്. പണംകൈക്കലാക്കി തങ്ങളെ മറ്റൊരു ഏജന്റിന് വില്‍ക്കുകയായിരുന്നുവെന്നാണ് ഇരയായവര്‍ പറയുന്നത്. ഷൊര്‍ണൂര്‍ സ്വദേശിയായ കബീര്‍ എന്ന ആളാണ് പണം തട്ടിയെടുത്ത് തങ്ങളെ തട്ടിപ്പിന് ഇരയാക്കിയതെന്നും പണംകൈക്കലാക്കിയ ശേഷം തങ്ങളെ മറ്റൊരു ഏജന്റിന് വില്‍ക്കുകയായിരുന്നുവെന്നും ഇരയായവര്‍ ആരോപിക്കുന്നു.

മലേഷ്യയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ശരിയാക്കി നല്‍കാം എന്നു പറഞ്ഞ് 35000 മുതല്‍ 45000 വരെ ശമ്പളം വാഗ്ദാനം ചെയ്താണ് ഇവരെ കൊച്ചിയില്‍ നിന്ന് മലേഷ്യയില്‍ എത്തിച്ചത്. അവിടെ എത്തിയതിന് ശേഷം മറ്റൊരു ഏജന്റിന് വില്‍ക്കുകയായിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്.

ജോലി ചെയ്ത ശമ്പളം ചോദിച്ചതിന് തങ്ങളെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും ഗ്യാസിന്റെ പൈപ്പുകൊണ്ടടിച്ചുവെന്നും പണം നല്‍കിയില്ലെങ്കില്‍ പാസ്‌പോര്‍ട്ട് കത്തിച്ചു കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും മനുഷ്യക്കടത്തിനിരയായവര്‍ പറഞ്ഞു.

ഭക്ഷണം കഴിക്കാന്‍ പണം ചോദിച്ചാല്‍ ആദ്യം മര്‍ദ്ദിക്കുമെന്നും പിന്നീട് എന്തെങ്കിലും കൊടുക്കുമെന്നും ഇവര്‍ പറയുന്നു.ഒരു മാസം ജോലിചെയ്ത് ഏതാണ്ട് പകുതിയോളം ശമ്പളം മാത്രമാണ് ഇവര്‍ക്ക് ആദ്യ ഘട്ടത്തില്‍ നല്‍കിയത്. പിന്നീട് ശമ്പളം ചേദിച്ചപ്പോള്‍ ക്രൂരമായി മര്‍ദ്ദിക്കാന്‍ തുടങ്ങി. അവിടത്തെ പണമായ രണ്ടായിരം റിങ്കറ്റുമുതല്‍ നാലായിരം റിങ്കറ്റു വരെ നല്‍കിയാല്‍ മാത്രമെ പാസ്‌പോര്‍ട്ട് വിട്ടു നല്‍കുകയുള്ളുവെന്നാണ് പറഞ്ഞത് .

ഏതാണ്ട് ഒന്നരമാസത്തോളം ഇവരെ ഒരു കേന്ദ്രത്തില്‍ ഇട്ട് ക്രൂരമായി മര്‍ദ്ദിച്ചുവെന്നുംപറയുന്നു.മലേഷ്യയിലെ കെ.എം.സി.സി ഇവരുടെ സഹായത്തിനെത്തിയിട്ടുണ്ട്. സാമൂഹ്യപ്രവര്‍ത്തകനായ
നസീര്‍ പൊന്നാനിയുടെ അടുത്താണ് തട്ടിപ്പിനിരയായവര്‍ ഉള്ളത്. താല്‍ക്കാലികമായി വൈറ്റ് പാസ്‌പോര്‍ട്ട് തരപ്പെടുത്താനുള്ള നീക്കത്തിലാണ്. ഒമ്പതുപേരാണ് തട്ടിപ്പിനിരയായത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കേരളത്തില്‍ നിന്ന് തുടര്‍ച്ചയായി മലേഷ്യയിലേക്ക് മനുഷ്യക്കടത്ത് നടക്കുന്നതായാണ് വിവരം. വിസിറ്റിങ് വിസയില്‍ മലേഷ്യയില്‍ക്കൊണ്ടുപോകുകയും . പിന്നീട് പെര്‍മനന്റ് ശരിയാക്കാമെന്ന് പറഞ്ഞ് പണം വാങ്ങിക്കുകയും ചെയ്യുന്നു. പിന്നീട് പണവും പൈസയും കിട്ടാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു.

മുന്‍പ് കോയമ്പത്തൂര്‍ കേന്ദ്രീകരിച്ചുകൊണ്ടാണ് മനുഷ്യക്കടത്ത് നടന്നിരുന്നത്. തമിഴ്‌നാട് കോയമ്പത്തൂര്‍ സ്വദേശികളായ ആനന്ദ്, വിനോദ് എന്നീ ആളുകളെ കേന്ദ്രീകരിച്ച് അന്വേഷണം ഉണ്ടായിരുന്നത്. മുഖ്യമന്ത്രിക്കടക്കം ഈ വിഷയത്തില്‍ പരാതി നല്‍കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും പൊലീസിന്റെ ഭാഗത്തു നിന്നും ഈ വിഷയത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. ആ സാഹചര്യത്തിലാണ് വീണ്ടും മനുഷ്യക്കടത്ത് നടന്നതായുള്ള വെളിപ്പെടുത്തല്‍. തട്ടിപ്പിനിരയായ 9 പേരും പട്ടാമ്പി ആലത്തൂര്‍ സ്വദേശികളാണ്.ഇവരെ നാട്ടിലേക്കെത്തിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ