ലോകകപ്പിൽ നിന്ന് ബെൻസെമയെ ഒഴിവാക്കിയതിന് പിന്നിൽ ലോറിസ്? പ്രതികരിച്ച് താരം
Football
ലോകകപ്പിൽ നിന്ന് ബെൻസെമയെ ഒഴിവാക്കിയതിന് പിന്നിൽ ലോറിസ്? പ്രതികരിച്ച് താരം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 10th January 2023, 7:10 pm

ഖത്തർ ലോകകപ്പ് കിക്കോഫിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് ഫ്രഞ്ച് സൂപ്പർതാരം കരിം ബെൻസെമ പരിക്കിനെ തുടർന്ന് പുറത്തായത്. ലോകകപ്പ് കളിക്കാനില്ലെന്ന് താരം തന്റെ ഒഫീഷ്യൽ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ആരാധകരെ അറിയിക്കുകയായിരുന്നു.

എന്നാൽ താരം പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ പരിക്കിൽ നിന്ന് മോചിതനായെന്നും ലോകകപ്പിലെ തുടർ മത്സരങ്ങളിൽ ഫ്രഞ്ച് ദേശീയ ടീമിനൊപ്പം ചേരുമെന്നുമാണ് പിന്നീട് പുറത്തുവന്ന റിപ്പോർട്ടുകൾ. ആരാധകർ പ്രതീക്ഷയോടെ നോക്കിയിരുന്നെങ്കിലും ബെൻസെമ ടീമിൽ തിരിച്ചെത്തിയിരുന്നില്ല.

ബെൻസെമയെ ഫ്രഞ്ച് ദേശീയ ടീം മനഃപൂർവം ഒഴിവാക്കിയതാണെന്നും അതിന് പിന്നിൽ ക്യാപ്റ്റനായ ഹ്യുഗോ ലോറിസും അന്റോയിൻ ഗ്രീസ്മാനും ആയിരുന്നെന്ന് പിന്നീട് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇപ്പോൾ വിഷയത്തിൽ പ്രതികരണമറിയിച്ച് എത്തിയിരിക്കുകയാണ് ലോറിസ്.

ഈ വിഷയത്തിൽ പ്രചരിക്കുന്നത് മുഴുവൻ അസംബന്ധങ്ങളാണെന്നും ബെൻസെമ തങ്ങളോടൊപ്പം ടീമിൽ ഉണ്ടായിരിക്കണമെന്ന് എല്ലാവരും ആഗ്രഹിച്ചിരുന്നെന്നും ലോറിസ് പ്രതികരിച്ചു. പലതരത്തിലുള്ള പ്രചരണങ്ങൾ പുറത്തുവരുന്നുണ്ടെന്നും അതെല്ലാം വ്യാജവും അവിശ്വസനീയവുമാണെന്നും അദ്ദേഹം പറഞ്ഞു.

‘ബെൻസെമയുടെ അഭാവത്തിലും അല്ലാത്തപ്പോഴും ടീം മികച്ച ഫോമിൽ തന്നെയായിരുന്നു. അദ്ദേഹം ബാലൺ ഡി ഓർ ജേതാവാണ്. ഞങ്ങളെ സംബന്ധിച്ച് അദ്ദേഹം മൂല്യമേറിയ കളിക്കാരനാണ്.

ഫ്രാൻസിനായി നേഷൻസ് ലീഗ് കിരീടം നേടാനും അദ്ദേഹം നിർണായക പങ്കുവഹിച്ചിട്ടുണ്ട്. വേൾഡ് കപ്പിൽ അതുപോലെ മികച്ച താരങ്ങൾ ഉണ്ടായിരിക്കണം എന്നുതന്നെയാണ് ഞങ്ങൾ ആഗ്രഹിച്ചിരുന്നത്,’ ലോറിസ് വ്യക്തമാക്കി.

ഖത്തർ ലോകകപ്പ് അവസാനിച്ചതിന് തൊട്ടുപിന്നാലെ കരിം ബെൻസെമ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ ലോറിസും അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ്.

36കാരനായ താരം 2018ലാണ് ദേശീയ ടീമിൽ അരങ്ങേറ്റം കുറിക്കുന്നത്. ഫ്രാൻസിനായി 145 മത്സരങ്ങളിൽ പങ്കെടുത്ത് ഏറ്റവും കൂടുതൽ ഗെയിം കളിച്ച ഫ്രഞ്ച് താരമെന്ന ഖ്യാതിയും നേടി.

2008 നവംബറിൽ ഉറുഗ്വേയ്‌ക്കെതിരായ ഒരു സൗഹൃദ മത്സരത്തിലാണ് ലോറിസ് തന്റെ സീനിയർ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തിയത്. 2010 ഫിഫ ലോകകപ്പിന് യോഗ്യത നേടാൻ ഫ്രാൻസിനെ സഹായിച്ച ലോറിസ് യോഗ്യതാ പ്ലേഓഫിൽ റിപ്പബ്ലിക് ഓഫ് അയർലൻഡിനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ച് മാധ്യമങ്ങളുടെ പ്രശംസ പിടിച്ചുപറ്റി.

2010ലാണ് അദ്ദേഹം ആദ്യമായി ദേശീയ ടീമിനെ നയിക്കുന്നത്. 2012ൽ ഫസ്റ്റ് ചോയ്‌സ് ക്യാപ്റ്റനായി, യുവേഫ യൂറോ 2012 , 2014 ഫിഫ ലോകകപ്പ് എന്നിവയുടെ ക്വാർട്ടർ ഫൈനലിലേക്ക് ഫ്രാൻസിനെ നയിച്ചു, യുവേഫ യൂറോ 2016ൽ റണ്ണേഴ്‌സ് അപ്പായി.

കൂടാതെ 2022 ഫിഫ ലോകകപ്പ് , റഷ്യയിൽ നടന്ന 2018 ഫിഫ ലോകകപ്പ് എന്നിവയും ഫ്രാൻസിന്റെ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമാണ് ലോറിസ്.

അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും ലോറിസ് തന്റെ ക്ലബ്ബായ ടോട്ടൻഹാം ഹോട്സ്‌പറിൽ തുടരുമെന്നാണ് റിപ്പോർട്ട്.

Content Highlights: Hugo Lloris reacts on Karim Benzema’s issue