മോദിയുടെ ജി.എസ്.ടി തകർക്കുന്ന കണ്ണൂരിലെ കൈത്തറി
ഷാരോണ്‍ പ്രദീപ്‌

കേരളത്തിന്റെ പരമ്പാരഗത തൊഴിലാണ് കൈത്തറി വ്യവസായം. എന്നാല്‍ ഇന്ന് സാമ്പത്തികമായും തൊഴില്‍ പരമായും എറ്റവും കൂടുതല്‍ പ്രതിസന്ധികള്‍ നേരിടുന്നതും, അസമത്വങ്ങള്‍ നിലനില്‍ക്കുന്നതും ഈ മേഖലയിലാണ്. കേന്ദ്രസര്‍ക്കാര്‍ ജി.എസ്.ടി കൂടെ നടപ്പാക്കിയതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പ്കുത്തിയിരിക്കുകയാണ് ഈ മേഖല.

5% മുതല്‍ 10% വരെയാണ് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ജി.എസ്.ടി. ഇത് കൂനിന്‍ മേല്‍ കുരു എന്ന പോലെ വ്യവസായത്തെ ആകെ ബാധിച്ചിരിക്കുന്നു എന്ന് പറയുന്നു സംസ്ഥാന കൈത്തറി ക്ഷേമ ബോര്‍ഡ് ചെയര്‍മാനായ അറക്കന്‍ ബാലന്‍.

നിലവില്‍ തന്നെ മറ്റ് വസ്ത്രങ്ങളേക്കാള്‍ വിലകൂടുതല്‍ ഉള്ള കൈത്തറി വസ്ത്രങ്ങള്‍ക്ക് ഈ അധികനികുതി കൂടെ വരുന്നതോടെ ആവശ്യക്കാര്‍ ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. 1000 രൂപ വരെയുള്ള വസ്ത്രങ്ങള്‍ക്ക് 5 ശതമാനവും, അതിന് മുകളിലുള്ള വസ്ത്രങ്ങള്‍ക്ക് 12 ശതമാനവുമാണ് കേന്ദ്രം ചുമത്തുന്ന നികുതി.

കൈത്തറി ഉല്പന്നങ്ങളെ ജി.എസ്.ടി പരിധിയില്‍ നിന്ന് ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് സംസ്ഥാന കൈത്തറി ക്ഷേമ ബോര്‍ഡ് കേരളത്തില്‍ നിന്നുള്ള എല്ലാ എം.പിമാര്‍ക്കും, കേണ്ട്ര മന്ത്രിമാര്‍ക്കും കത്ത് നല്‍കിയിട്ടുണ്ട്. ഇത് കൂടാതെ കേരളത്തിന്റെ വ്യവസായ മന്ത്രിയും ധനകാര്യമന്ത്രിയും കേന്ദ്രത്തോട് ഇത് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ അനുകൂലമായ ഒരു മറുപടി കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.

ഇപ്പോള്‍ ഈ മേഖല പിടിച്ച് നില്‍ ക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ യൂണിഫോം ഉല്പാദന ചുമതലയിലൂടെയാണ്. എന്നാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം കൃത്യമായി വേതനം ലഭിക്കുന്നില്ലെന്ന പരാതി തൊഴിലാളികള്‍ക്കുണ്ട്.

മാര്‍ക്കറ്റ് ഇന്‍സന്റീവ് നല്‍ കുന്നത് സര്‍ക്കാര്‍ അവസാനിപ്പിച്ചതും തൊഴിലാളികള്‍ക്ക് തിരിച്ചടിയായി. 30 ലക്ഷത്തിന് മുകളില്‍ വരുമാനം ഉള്ള സൊസൈറ്റികള്‍ക്ക് മാര്‍ക്കറ്റ് ഇന്‍സന്റീവ് നല്‍കണ്ട എന്ന കേന്ദ്ര സര്‍ക്കാര്‍ 2017 ഏപ്രില്‍ മുതല്‍ സ്വീകരിച്ച നിലപാട് കാരണം നിത്യചെലവിന് പോലും തൊഴിലാളികള്‍ക്ക് വരുമാനം കണ്ടെത്താന്‍ സാധിക്കുന്നില്ല.

കുടിശ്ശികകള്‍ പലതും കിട്ടാനുണ്ടെന്ന് പറയുന്നു കണ്ണൂരിലെ കൈത്തറി തൊഴിലാളികളായ ബേബിയും പുഷ്പയും. “”ഞങ്ങള്‍ പരമ്പരാഗതമായി ചെയ്ത് വരുന്ന തൊഴിലാണ്. മറ്റൊരു തൊഴിലും ഞങ്ങള്‍ക്കറിയില്ല. എന്നാല്‍ മക്കളെ ഒന്നും ഇപ്പോള്‍ ഈ മേഖലയിലേക്ക് വിടില്ല. വരുമാനമില്ലാത്ത മേഖലയിലേക്ക് നിങ്ങളുടെ മക്കളെ വിടുമോ”” പുഷ്പ ചോദിക്കുന്നു.

20% റിബേറ്റ് ഉള്ളതായിരുന്നു മേഖലയുടെ വലിയ ഒരാശ്വാസം. ഇതില്‍ 10% കേന്ദ്രവും 10% സംസ്ഥാനവും ആയിരുന്നു നല്‍കിയിരുന്നത്. കേന്ദ്രം ഈ 10% നിര്‍ത്തലാക്കിയിട്ട് വര്‍ഷങ്ങളായി. ഇതും വിപണിയില്‍ കൈത്തറി വസ്ത്രങ്ങളെ പിറകോട്ടടിക്കുകയാണ്.

സര്‍ക്കാര്‍ അടിയന്തരമായി കൈത്തറി തൊഴിലാളികളുടെ പ്രശ്‌നത്തില്‍ ഇടപെട്ടില്ലെങ്കില്‍ ഇല്ലാതാവുക കേരളത്തില്‍ പരമ്പരാഗതമായ ഒരു വ്യവസായം ആയിരിക്കും. പട്ടിണി ആവുക കേരളത്തില്‍ കൈത്തറി തൊഴിലാളികളും.

ഷാരോണ്‍ പ്രദീപ്‌
സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍