ബെലേ ഹൊറിസോണ്ട: ഗോള്‍ ബാറിന് കീഴില്‍ കീപ്പര്‍ ജൂലിയസ് സീസര്‍ രക്ഷകനായി അവതരിച്ചപ്പോള്‍ ആതിഥേയരായ ബ്രസീല്‍ ലോകക്കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറില്‍ കടന്നു. ആവേശകരമായ ആദ്യ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പൊരുതിക്കളിച്ച ചിലിക്കെതിരെ പെനാല്‍റ്റി ഷൂട്ടൗട്ടിനൊടുവിലായിരുന്നു കാനറികളുടെ വിജയം. ഷൂട്ടൗട്ടില്‍ 3-2നാണ് ബ്രസീല്‍ ചിലിയെ പരാജയപ്പെടുത്തിയത്.
ചിലിയുടെ ആദ്യ രണ്ട് പെനാല്‍റ്റി കിക്കുകളും തടുത്തിട്ട ഗോളി ജൂലിയസ് സീസറാണ് ബ്രസീലിന്റെ വിജയശില്‍പ്പി. ഷൂട്ടൗട്ടില്‍ ബ്രസീലിനായി ഡേവിഡ് ലൂയിസും, മാര്‍സലോയും, നെയ്മറും ഗോളുകള്‍ നേടിയപ്പോള്‍ ഹള്‍ക്കിന്റെയും വില്യമിന്റെയും കിക്കുകള്‍ പാഴായി. അതേ സമയം ചിലിക്ക് രണ്ട കിക്കുകള്‍ മാത്രമാണ് ഗോളാക്കാന്‍ കഴിഞ്ഞത്.
ആദ്യ കിക്കെടുത്ത മൗറീഷോ പിനാലെയുടെയും രണ്ടാമതെടുത്ത അലക്‌സി സാഞ്ചസിന്റെയും കിക്കുകള്‍ സീസര്‍ തട്ടിയകറ്റിയപ്പോള്‍ അവസാന കിക്കെടുത്ത ഗോള്‍സാലോ യാരക്കും പിഴച്ചു. പന്ത് ഗോള്‍ പോസ്റ്റില്‍ തട്ടി തെറിച്ചു. ബെലേ ഹൊറിസോണ്ടയില്‍ മഞ്ഞക്കടലല തീര്‍ത്ത് തിങ്ങി നിറഞ്ഞ പതിനായിരകണക്കിന് കാണികള്‍ ആര്‍ത്തു വിളിച്ചു. ആതിഥേയരായ ബ്രസീല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍
നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതമടിച്ച് സമനില പാലിക്കുകയായിരുന്നു. ബ്രസീലിനായി പതിനെട്ടാം മിനിറ്റില്‍ ഡോവിഡ് ലൂയിസാണ് മത്സരത്തിലെ ആദ്യ ഗോള്‍ നേടിയത്. നെയ്മറെടുത്ത കോര്‍ണര്‍ കിക്കാണ് ഗോളില്‍ കലാശിച്ചത്. ചിലിയന്‍ പെനാല്‍റ്റി ബോക്‌സില്‍ താണിറങ്ങിയ പന്ത് താഴേക്ക് പതിച്ചപ്പോള്‍ ലൂയിസിന്റെ കാലില്‍ തട്ടി ഗോള്‍ ലൈന്‍ കടക്കുകയായിരുന്നു.
മുപ്പത്തിരണ്ടാം മിനിറ്റില്‍ സൂപ്പര്‍ താരം അലക്‌സി സാഞ്ചസിലൂടെ ചിലി തിരിച്ചടിച്ചു. ബ്രസീലിന്റ പ്രതിരോധത്തിലെ പിഴവുകള്‍ തുറന്ന് കാട്ടുന്നതായിരുന്നു സാഞ്ചസ് നേടിയ ഗോള്‍. ബ്രസീലിന്റെ കോര്‍ണര്‍ കിക്കിനടുത്ത് നിന്ന് അവര്‍ക്കനുകൂലമായ ഒരു ത്രോ ബോള്‍. ത്രോ മാര്‍സലോ ഹള്‍ക്കിന് എറിഞ്ഞു കൊടുത്തു. പന്ത് കാലില്‍ സ്വീകരിച്ച് ഹള്‍ക്ക് ബോള്‍ മാര്‍സലോക്ക് തന്നെ തിരിച്ച് നല്‍കി.
എന്നാല്‍ ബ്രസീല്‍ പ്രതിരോധനിരക്കാരന് കിട്ടും മുമ്പെ ബോള്‍ റാഞ്ചിയ ചിലിയന്‍ താരം അത് പെനാല്‍റ്റി ബോക്‌സില്‍ കാത്തു നിന്ന സാഞ്ചസിന് കൈമാറി. ബാഴ്‌സലോണന്‍ താരത്തിന്റെ അപാര ഫിനിഷിങ്. ചാടി കാല്‍ വച്ച് ക്യാപ്റ്റന്‍ തിയാഗോ ഡിസില്‍വക്കും ഡൈവ് ചെയ്ത ഗോളി ജൂലിയസ് സീസറിനും തടുക്കാനാവാതെ പന്ത് ഗോള്‍ വര കടന്നു.
രണ്ടാം പകുതിയില്‍ ഇരു ടീമിനും ഗോളൊന്നും സ്‌കോര്‍ ചെയ്യാന്‍ സാധിക്കാഞ്ഞതിനാല്‍ മത്സരം അധികസമയത്തേക്കു നീണ്ടു. രണ്ട് ടീമിനും അധിക സമയത്തിന്റെ അവസാന നിമിഷങ്ങളില്‍ ഗോളെന്നുറച്ച അവസരങ്ങള്‍ ഒത്തു വന്നെങ്കിലും മുതലാക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് മത്സരം പെനാല്‍റ്റിയിലേക്ക് നീണ്ടതും ഗോള്‍ കീപ്പര്‍ ജൂലിയസ് സീസര്‍ ബ്രസീലിന്റെ രക്ഷകനായി അവതരിച്ചതും.