ന്യൂദല്‍ഹി: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയെ വീട്ടിലേക്ക് ക്ഷണിച്ചതുപോലെ സമരം നടത്തുന്ന കര്‍ഷകരെ സ്വന്തം വീട്ടിലേക്ക് ക്ഷണിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ധൈര്യമുണ്ടോയെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദിന്‍ ഉവൈസി. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഗുജറാത്തില്‍ നടത്തിയ റാലിക്കിടെയായിരുന്നു ഉവൈസിയുടെ പരാമര്‍ശം.
‘കര്‍ഷക സമരത്തെ മോദി സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന രീതി ശരിയല്ല. സമരം ചെയ്യുന്ന കര്‍ഷകരെ മോദി സ്വന്തം വീട്ടിലേക്ക് ക്ഷണിക്കണം. മുമ്പ് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയെ വീട്ടിലേക്ക് ക്ഷണിച്ചതുപോലെ. കര്‍ഷകരെ വീട്ടിലേക്ക് ക്ഷണിച്ച് ഒരു ചായസല്‍ക്കാരം നടത്തി ഈ ബില്ലുകള്‍ നിരോധിക്കുമെന്ന് അവരോട് പറയാന്‍ മോദിയ്ക്ക് ധൈര്യമുണ്ടോ? , ഉവൈസി പറഞ്ഞു.
കര്‍ഷകസമരം മോദിയുടെ ഉറക്കം കെടുത്തിയെന്നും നിയമങ്ങള്‍ പിന്‍വലിക്കുകയല്ലാതെ മോദിയ്ക്ക് മുന്നില്‍ മറ്റു വഴികളില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കര്‍ഷക നിയമങ്ങള്‍ പൂര്‍ണ്ണമായി പിന്‍വലിക്കുന്നതുവരെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍.ഖാസിപ്പൂരില്‍ കര്‍ഷകര്‍ നടത്തുന്ന സമരം ഒക്ടോബര്‍ രണ്ട് വരെ തുടരാനാണ് തങ്ങളുടെ തീരുമാനമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത് പറഞ്ഞു. സമരം അക്രമാസക്തമാകില്ലെന്നും സമാധാനപരമായി തന്നെ മുന്നോട്ടുപോകുമെന്നും ടികായത് പറഞ്ഞു.
‘ഖാസിപ്പൂരിലെ പാടങ്ങള്‍ ഞങ്ങള്‍ ഉഴുതുമറിച്ച് കൃഷി ആരംഭിക്കും. പ്രദേശത്തെ കര്‍ഷകരെയും ഒപ്പം കൂട്ടും’, ടികായത് പറഞ്ഞു.
അതേസമയം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം കര്‍ഷകര്‍ രാജ്യവ്യാപകമായി ദേശീയ-സംസ്ഥാന പാതകള്‍ ഉപരോധിച്ചിരുന്നു. മൂന്നു മണിക്കൂര്‍ നേരത്തേക്കായിരുന്നു ഉപരോധം.