പാലക്കാട്: അട്ടപ്പാടിയിലെ കൃഷിയിടങ്ങളില്‍ നിന്നും ഹോര്‍ട്ടികോര്‍പ്പ് വഴി സീസണുകളില്‍ ചക്കയും മാങ്ങയും സംഭരിക്കാന്‍ തീരുമാനമെടുത്ത് പാലക്കാട് ജില്ലാ വികസന സമിതി യോഗം. കൃഷിയിടങ്ങളില്‍ ആനശല്യം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. പാലക്കാട് ജില്ല കളക്ടര്‍ മൃണ്‍മയി ജോഷി യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
പഴുപ്പെത്തിയ മാമ്പഴത്തിന്റേയും ചക്കയുടേയും മണമാണ് കൃഷിയിടങ്ങളിലേക്ക് ആനകളെ ആകര്‍ഷിക്കുകയെന്നും പഴുക്കുന്നതിന് മുമ്പേ ഇവ ശേഖരിക്കുന്നത് ആന ശല്യത്തിന്റെ സാഹചര്യം ഒരു പരിധി വരെ ഒഴിവാക്കുമെന്നുമാണ് യോഗത്തില്‍ പറഞ്ഞത്.
ആനകള്‍ ഭക്ഷണം തേടി കൃഷിയിടങ്ങളിലേക്ക് എത്തുന്നത് കുറയ്ക്കാനാണ് തീരുമാനം. ആനശല്യമുള്ള കാഞ്ഞിരപ്പുഴ-തച്ചമ്പാറ പ്രദേശങ്ങളില്‍ സോളാര്‍ വേലി സ്ഥാപിക്കുന്നത് വേഗത്തിലാക്കാനും യോഗം നിര്‍ദേശിച്ചു.