Entertainment news
'ഏറ്റവും ശക്തനായ മനുഷ്യന്‍ പാലിച്ച ശക്തമായ വാഗ്ദാനം'; പ്രേക്ഷകര്‍ക്ക്‌ മൂന്നാം ഭാഗത്തിന്റെ സൂചനയുമായി ഹോംബാലെ ഫിലിംസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Apr 14, 06:07 am
Friday, 14th April 2023, 11:37 am

ഇന്ത്യയൊട്ടാകെ ആരാധകരെ സ്വന്തമാക്കി ആഗോള ശ്രദ്ധ നേടിയ മാസ് എന്റര്‍ടെയ്‌നര്‍ കെ.ജി.എഫ് ചാപ്റ്റര്‍ 2വിന്റെ ഒന്നാം വാര്‍ഷികത്തില്‍ പ്രേക്ഷകരോട് നന്ദി പറഞ്ഞ് നിര്‍മാതാക്കള്‍.

ഹോംബാലെ ഫിലിംസിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് സിനിമയെ വിജയിപ്പിച്ച കാണികള്‍ക്ക് നന്ദി അറിയിച്ച് നിര്‍മാതാക്കള്‍ ട്വീറ്റ് പങ്കുവെച്ചത്.

ബോളിവുഡിന്റെ വാണിജ്യ വിജയങ്ങളെ മറികടന്ന ടോളിവുഡിന് പിന്നാലെ കന്നഡ സിനിമയ്ക്കും രാജ്യമൊട്ടാകെ ആരാധകരെ നേടിക്കൊടുക്കാന്‍ കെ.ജി.എഫിനായിരുന്നു. പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ചിത്രം ഇന്ത്യയില്‍ മാത്രം 1000 കോടിയോടടുത്ത് കളക്ഷനാണ് ബോക്‌സ് ഓഫീസില്‍ സ്വന്തമാക്കിയത്.

കെ.ജി.എഫ് യാത്ര ഒരിക്കലും മറക്കാനാകുന്നതല്ലെന്നും എറ്റവും മികച്ച പ്രതികരണങ്ങള്‍ക്കും സിനിമയെ ഇത്രയും വിജയമാക്കിയതിലും തങ്ങള്‍ കടപ്പെട്ടിരിക്കുന്നുവെന്നും ഹോംബാലെ പോസ്റ്റില്‍ കുറിച്ചു.

‘ഏറ്റവും ശക്തനായ മനുഷ്യന്‍ പാലിച്ച ഏറ്റവും ശക്തമായ വാഗ്ദാനം. അവിസ്മരണീയമായ കഥാപാത്രങ്ങളും ആക്ഷനുമായി കെ.ജി.എഫ് 2 നമ്മെ ഒരു ഇതിഹാസ യാത്രയിലേക്ക് നയിച്ചു. സിനിമ റെക്കോര്‍ഡുകള്‍ തകര്‍ത്തു, ഹൃദയങ്ങള്‍ കീഴടക്കി. മികച്ച കഥപറച്ചിലിന്റെ മറ്റൊരു വര്‍ഷമിതാ’, ട്വീറ്റ് ചെയ്തു.

പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന കെ.ജി.എഫ് 3യെക്കുറിച്ചുള്ള സൂചനയും ഹോംബാലെ നല്‍കിയിട്ടുണ്ട്.

പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ യഷിനൊപ്പം നിരവധി താരങ്ങള്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. പ്രകാശ് രാജ്, സഞ്ജയ് ദത്ത്, ശ്രീനിധി ഷെട്ടി, രമേഷ് റാവു തുടങ്ങി മികച്ച താരനിര തന്നെ ചിത്രത്തിന്റെ ഭാഗമായിരുന്നു.

content highlight: hombale shares a tweet about one year of kgf2