അന്തരിച്ച ഇന്ത്യന്‍ നടന്‍ ഇര്‍ഫാന്‍ ഖാനെ ഓര്‍ത്ത് ഹോളിവുഡ് സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍. ഇര്‍ഫാന്‍ ഖാന്‍ മികച്ച നടനാണെന്നും അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യാനായി കാത്തിരിക്കുകയായിരുന്നെന്നും നോളന്‍ അറിയിച്ചു. തന്റെ പുതിയ ചിത്രമായ ടെനറ്റിന്റെ പശ്ചാത്തലത്തില്‍ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇര്‍ഫാന്‍ ഖാനെക്കുറിച്ച് നോളന്‍ സംസാരിച്ചത്.
‘ഇന്റര്‍സ്‌റ്റെലാറിന് വേണ്ടി ഞാന്‍ ഇര്‍ഫാന്‍ ഖാനെ സമീപിച്ചിരുന്നു. അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യാനായി ഞാന്‍ കാത്തിരിക്കുകയായിരുന്നു. പക്ഷെ നിര്‍ഭാഗ്യവശാല്‍ അത് നടന്നില്ല. അദ്ദേഹം മികച്ച ഒരു അഭിനേതാവായിരുന്നു.’ നോളന്‍ പറഞ്ഞു.
ഇന്റര്‍സ്റ്റെല്ലാറില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടും നടക്കാതെ പോയതിനെ കുറിച്ച് ഒരു അഭിമുഖത്തില്‍ ഇര്‍ഫാന്‍ ഖാന്‍ ഒരിക്കല്‍ പറഞ്ഞിരുന്നു. ചെയ്തുപോയ കാര്യങ്ങളെക്കുറിച്ച് പിന്നീട് ഓര്‍ത്ത് താന്‍ ദുഖിക്കാറില്ലെന്നും എന്നാല്‍ നോളനൊപ്പം സിനിമ ചെയ്യാനാകാതെ പോയത് ഇന്നും ഒരു ദുഖമാണെന്നായിരുന്നു 2013ല്‍ നല്‍കിയ അഭിമുഖത്തില്‍ ഇര്‍ഫാന്‍ ഖാന്‍ പറഞ്ഞത്.
വിഷയത്തിലെയും മേക്കിംഗിലെയും സങ്കീര്‍ണ്ണതകള്‍ക്കൊണ്ട് ശ്രദ്ധേയനാണ് ഹോളിവുഡ് സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍. അടുത്ത കാലത്തായി റിലീസ് ചെയ്ത നോളന്റെ ടെനറ്റ് ഏറെ പ്രേക്ഷകശ്രദ്ധയും നിരൂപകപ്രശംസയും നേടി കഴിഞ്ഞു. ടൈം ട്രാവലിലൂടെ രണ്ടാം ലോകമഹായുദ്ധം തടയാന്‍ ശ്രമിക്കുന്ന രഹസ്യ ഏജന്റിന്റെ കഥയാണ് ടെനറ്റ് പറയുന്നത്.
ഇന്ത്യന്‍ സിനിമയില്‍ വ്യത്യസ്തമായ അഭിനയശൈലി കൊണ്ട് തന്റേതായ ഇടം നേടിയെടുത്ത ഇര്‍ഫാന്‍ ഖാന്‍ കുറഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളില്‍ സമാന്തര സിനിമകളിലും കച്ചവടസിനിമകളിലും തിരക്കേറിയ നടനായി മാറി.
ലൈഫ് ഓഫ് പൈ, ജുറാസിക് പാര്‍ക്, ന്യൂയോര്‍ക് ഐ ലവ് യു, അമേസിംഗ് സ്‌പൈഡര്‍മാന്‍ തുടങ്ങി നിരവധി ഹോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ച ഇര്‍ഫാന്‍ ഖാന്‍, ഇംഗ്ലിഷ് ചിത്രങ്ങളില്‍ വ്യത്യസ്തമായ റോളുകള്‍ കൈകാര്യം ചെയ്ത അപൂര്‍വ്വം ഇന്ത്യന്‍ അഭിനേതാക്കളില്‍ ഒരാളായിരുന്നു.
ഇക്കഴിഞ്ഞ ഏപ്രിലിലാണ് ഇര്‍ഫാന്‍ ഖാന്‍ മരണപ്പെട്ടത്. 2018ല്‍ ഇര്‍ഫാന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ ബാധിച്ചിരുന്നു. തുടര്‍ന്ന് ഇതിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ഇദ്ദേഹം വിദേശത്തായിരുന്നു. ആരോഗ്യം മെച്ചപ്പെട്ടതിനെ തുടര്‍ന്ന് തിരികെയെത്തിയ അദ്ദേഹം അഗ്രേസി മീഡിയം എന്ന ചിത്രത്തില്‍ അഭിനയിച്ചു. ഇതിനിടയില്‍ രോഗം വീണ്ടും മൂര്‍ച്ഛിക്കുകയായിരുന്നു.
അവസാന നാളുകളില്‍ വന്‍കുടലിലെ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മുംബൈയിലെ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ വെച്ചായിരുന്നു ഇര്‍ഫാന്‍ ഖാന്‍ മരിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക