ആ സിനിമക്ക് ശേഷം എനിക്ക് ആഴ്ച്ചയോളം കീ ബോര്‍ഡ് തൊടാന്‍ കഴിഞ്ഞിരുന്നില്ല: ഹിഷാം അബ്ദുള്‍ വഹാബ്
Entertainment
ആ സിനിമക്ക് ശേഷം എനിക്ക് ആഴ്ച്ചയോളം കീ ബോര്‍ഡ് തൊടാന്‍ കഴിഞ്ഞിരുന്നില്ല: ഹിഷാം അബ്ദുള്‍ വഹാബ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 14th May 2024, 12:55 pm

മലയാള സിനിമ രംഗത്ത് സംഗീത സംവിധായകന്‍, സംഗീത നിര്‍മാതാവ്, ഗായകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ഹിഷാം അബ്ദുള്‍ വഹാബ്.

ഐഡിയ സ്റ്റാര്‍ സിംങ്ങര്‍ റിയാലിറ്റി ഷോയിലൂടെയാണ് താരം സംഗീത ലോകത്തേക്ക് എത്തിയത്. ഹൃദയം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ ഗായകനാണ് ഹിഷാം. ട്രാഫിക്, ഖദ്ദാമ, തിര, ഓം ശാന്തി ഓശാന, ടേക്ക് ഓഫ് എന്നിങ്ങനെ നിരവധി സിനിമകള്‍ക്ക് താരം പാടിയിട്ടുണ്ട്.

നാനിയെ നായകനാക്കി ശൗര്യവ് സംവിധാനം ചെയ്ത തെലുങ്ക് ചിത്രമായ ഹായ് നാന്നയില്‍ സംഗീത സംവിധാനം നിര്‍വഹിച്ചത് ഹിഷാമായിരുന്നു. ചിത്രത്തില്‍ മ്യൂസിക് ചെയ്ത വിശേഷങ്ങളും തന്റെ സംഗീത ലോകത്തെ അനുഭവങ്ങളും സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെക്കുകയാണ് ഹിഷാം. ഹായ് നാന്ന എന്ന ചിത്രം വളരെയധികം തന്നെ സ്വാധീനിച്ചിരുന്നെന്നും ചിത്രത്തിനു വേണ്ടി സെല്‍ഫ്‌ലെസ്സ്‌ലി വര്‍ക്ക് ചെയ്തിരുന്നെന്നും പറയുകയാണ് താരം.

‘ഹായ് നാന്ന സിനിമയുടെ പല മുഹൂര്‍ത്തങ്ങളും ചെയ്ത് കഴിഞ്ഞപ്പോള്‍ എനിക്ക് ഒരു ആഴ്ച്ചയോളം കീ ബോര്‍ഡ് തൊടാന്‍ പറ്റാത്ത അവസ്ഥകളുണ്ടായിട്ടുണ്ട്.

പ്രത്യേകിച്ച് സിനിമ കഴിഞ്ഞ് ഒരു മാസം എടുത്താണ് ഞാന്‍ സ്റ്റുഡിയോയില്‍ കേറിയത്, ഒരു മാസം എനിക്ക് അവിടെ കയറാന്‍ പറ്റിയില്ല. എന്റെ കൈ ഷിവര്‍ ചെയ്യുന്നുണ്ടായിരുന്നു, കീ ബോര്‍ഡ് തൊടാന്‍ പറ്റുന്നുണ്ടായിരുന്നില്ല കാരണം അത്രയും അധികം സ്വാധീനമാണ് ആ സിനിമ എന്നില്‍ ഉണ്ടാക്കിയത്.

അത്രയും ഞാന്‍ ആ സിനിമയ്ക്കു വേണ്ടി സെല്‍ഫ്‌ലെസ്സ്‌ലി വര്‍ക്ക് ചെയ്തിട്ടുണ്ട്, നമ്മളെ കണാന്‍ പറ്റും ആ സിനിമയിലൂടെ. ഞാന്‍ വളരെയധികം ഇന്‍വെസ്റ്റ് ചെയ്യുന്ന മ്യുസീഷനാണ്, എന്റെ ഇന്‍വെസ്റ്റ്‌മെന്റ് എന്നാല്‍ എന്റെ മുഴുവന്‍ ഇമോഷ്ണല്‍ ബാലന്‍സ് ഞാന്‍ അതില്‍ കൊടുക്കും എന്നുള്ളതാണ്’, ഹിഷാം പറഞ്ഞു.

ഷൂട്ട് കഴിഞ്ഞതിനു ശേഷം തന്നെയും സംവിധായകനെയും പടം വളരെയധികം ഇമോഷ്ണലി സ്വാധീനിച്ചിരുന്നുവെന്നും, നാനിയോട് സംസാരിക്കുമ്പോഴെല്ലാം ലൈഫിലെ ഏറ്റവും നല്ല മൊമന്റാണ് ഹായ് നാന്ന സിനിമ എന്ന് അദ്ദേഹം പറയാറുണ്ടെന്നും ഹിഷാം കൂട്ടിച്ചേര്‍ത്തു.

 

Content Highlight: Hisham Abdul Wahab Talk About Hi Nanna Movie