ജെയ്‌സ്വാളിനും ഗെയ്ക്‌വാദിനും ചരിത്രനേട്ടം; രണ്ട് ദിവസംകൊണ്ട് മാറ്റിമറിച്ചത് ഐ.പി.എല്ലിന്റെ 16 വർഷത്തെ ചരിത്രം
Cricket
ജെയ്‌സ്വാളിനും ഗെയ്ക്‌വാദിനും ചരിത്രനേട്ടം; രണ്ട് ദിവസംകൊണ്ട് മാറ്റിമറിച്ചത് ഐ.പി.എല്ലിന്റെ 16 വർഷത്തെ ചരിത്രം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 24th April 2024, 4:26 pm

ഐ.പി എല്ലിലെ 38ാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഒമ്പത് വിക്കറ്റുകളുടെ തകര്‍പ്പന്‍ വിജയം രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയിരുന്നു. രാജസ്ഥാന്റെ തട്ടകമായ മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ മുംബൈ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ 18.4 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

ഇന്ത്യന്‍ യുവ ഓപ്പണര്‍ യശ്വസി ജെയ്സ്വാളിന്റെ സെഞ്ച്വറി കരുത്തിലാണ് രാജസ്ഥാന്‍ ജയിച്ചു കയറിയത്. 60 പന്തില്‍ പുറത്താവാതെ 104 റണ്‍സ് നേടി കൊണ്ടായിരുന്നു ജെയ്സ്വാളിന്റെ തകര്‍പ്പന്‍ പ്രകടനം. ഒമ്പത് ഫോറുകളുടെയും ഏഴ് സിക്സുകളുടെയും അകമ്പടിയോടുകൂടിയായിരുന്നു ജെയ്‌സ്വാള്‍ സെഞ്ച്വറി നേട്ടത്തില്‍ എത്തിയത്. തന്റെ ഐ.പി.എല്‍ കരിയറിലെ രണ്ടാം സെഞ്ച്വറി നേട്ടമായിരുന്നു ഇത്.

തൊട്ടടുത്ത ദിവസം നടന്ന ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ചെന്നൈ സൂപ്പര്‍ കിങ്സ് മത്സരത്തില്‍ ചെന്നൈ നായകന്‍ റിതുരാജ് ഗെയ്ക്വാദ് സെഞ്ച്വറി നേടി മിന്നും പ്രകടനം നടത്തിയിരുന്നു. 60 പന്തില്‍ പുറത്താവാതെ 108 റണ്‍സ് ആയിരുന്നു ഗെയ്ക്വാദ് നേടിയത്. 12 ഫോറുകളും മൂന്ന് സിക്‌സുകളും ആണ് ചെന്നൈ നായകന്റെ ബാറ്റില്‍ നിന്നും പിറന്നത്.

മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് ആറ് വിക്കറ്റുകള്‍ക്കാണ് ചെന്നൈ സൂപ്പര്‍ കിങ്സിനെ പരാജയപ്പെടുത്തിയത്. ചെന്നൈയുടെ തട്ടകമായ ചെപ്പോക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ലഖ്‌നൗ ചെന്നൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലഖ്നൗ മൂന്ന് പന്തുകളും ആറ് വിക്കറ്റുകളും ബാക്കിനില്‍ക്കേ ലക്ഷ്യം മറികടക്കുകയായിരുന്നു.

ഈ രണ്ട് സെഞ്ച്വറികള്‍ക്ക് പിന്നാലെ ഒരു ചരിത്രനേട്ടമാണ് പിറവിയെടുത്തത്. ഐ.പി.എല്‍ ചരിത്രത്തില്‍ ഇതാദ്യമായാണ് തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ സെഞ്ച്വറി നേടുന്നത്. നീണ്ട 16 വര്‍ഷത്തെ ഐ.പി.എല്ലിന്റെ ചരിത്രമാണ് ജെയ്സ്വാളും, ഗെയ്ക്വാദും ചേര്‍ന്ന് തിരുത്തികുറിച്ചത്.

Content Highlight: This is the first time in IPL history that two Indian players scored centuries in two consecutive matches