ന്യൂദല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാമനവമി ദിനത്തില്‍ നടന്ന അക്രമസംഭവങ്ങളുടെ കാരണക്കാര്‍ മുസ്‌ലിം സമുദായത്തിലെ ആളുകളെന്ന് ഹിന്ദുത്വ സംഘടന. വിഷയത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഫ്രണ്ട് ഫോര്‍ ജസ്റ്റിസ് എന്ന എന്‍.ജി.ഒ സുപ്രീം കോടതിയെ സമീപിച്ചു.
രാമനവമി ആഘോഷത്തിനിടെയുള്ള ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും സ്വത്ത് വകകള്‍ നഷ്ടപ്പെടുകയും ചെയ്ത വ്യക്തികളുടെ നഷ്ടം കണക്കാക്കാന്‍ ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും മുസ്‌ലിം വിഭാഗം ആസൂത്രം ചെയ്താണ് ആക്രമണം നടത്തിയതെന്നും ഹിന്ദു ഫ്രണ്ട് സുപ്രീം കോടതിയെ സമീപിച്ച ഹരജിയില്‍ പറയുന്നു. രാമനവമി പോലെ മറ്റ് അവസരങ്ങളിലും ഹിന്ദുമത ഘോഷയാത്രകള്‍ക്ക് സംരക്ഷണം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.
‘ഈ വര്‍ഷം രാമനവമി ദിനത്തില്‍ ഹൗറ, ഉത്തര്‍ ദിനാജ്പൂര്‍ എന്നിവിടങ്ങളില്‍ മുസ്‌ലിം സമുദായത്തിലെ അംഗങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത രീതിയില്‍ വലിയ തോതിലുള്ള അക്രമം നടത്തുകയുണ്ടായി.
ബംഗാള്‍, സസാരം, നളന്ദ(ബീഹാര്‍), ഹൈദരാബാദ്(തെലങ്കാന), ഔറംഗബാദ് (മഹാരാഷ്ട്ര), വഡോദര(ഗുജറാത്ത്), ജംഷഡ്പൂര്‍(ജാര്‍ഖണ്ഡ്) എന്നിവടങ്ങളില്‍ അക്രമം നടത്തിയത്,’ അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ മുഖേനെയാണ് ഹിന്ദു ഫ്രണ്ട് ഹരജി നല്‍കിയത്.
അതേസമയം, രാമനവമി ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹിന്ദുത്വവാദികള്‍ മുസ്‌ലിം സമുദായത്തെ ലക്ഷ്യമിട്ട് വലിയ അക്രമങ്ങളാണ് അഴിച്ചുവിട്ടിരുന്നത്. ഹിന്ദുത്വവാദികള്‍ മുസ്‌ലിം പള്ളികള്‍ക്ക് മുന്നില്‍ കാവിക്കൊടി വീശി പ്രകോപനമുണ്ടാക്കുന്നതടക്കമുള്ള ദൃശ്യങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു.
ബീഹാറിലുണ്ടായ കലാപത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും പത്തിലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കലാപത്തില്‍ ബി.ജെ.പിയുടെ പങ്ക് ആരോപിച്ച് കോണ്‍ഗ്രസ് അടക്കമുള്ള രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തിയിരുന്നു. ഇതിനിടയിലാണ് കേസില്‍ മുസ്‌ലിങ്ങള്‍ക്കെതിരായി ഹിന്ദു ഫ്രണ്ടിന്റെ ഹരജി.