ഇസ്രഈലിനോട് 'സ്നേഹം പ്രകടിപ്പിച്ച്' ഹിന്ദുത്വവാദികൾ; ചാണകത്തിൽ കുളിക്കുന്നവരുടെ പിന്തുണ വേണ്ടെന്ന് ഇസ്രഈലി അക്കൗണ്ടുകൾ
World News
ഇസ്രഈലിനോട് 'സ്നേഹം പ്രകടിപ്പിച്ച്' ഹിന്ദുത്വവാദികൾ; ചാണകത്തിൽ കുളിക്കുന്നവരുടെ പിന്തുണ വേണ്ടെന്ന് ഇസ്രഈലി അക്കൗണ്ടുകൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 16th October 2023, 5:46 pm

ന്യൂദൽഹി: ഇസ്രഈൽ – ഹമാസ് യുദ്ധത്തിൽ ഇസ്രഈലിന് പിന്തുണയും ഐക്യദാർഢ്യവുമായി സമൂഹമാധ്യമങ്ങളിൽ സംഘപരിവാർ അക്കൗണ്ടുകൾ കളം നിറയുമ്പോൾ ഇസ്രഈലികൾക്ക് ഇന്ത്യയോടുള്ള നിലപാട് കാണിക്കുന്ന ട്വീറ്റ്‌ വീണ്ടും ചർച്ചയാകുന്നു.

ഇസ്രഈലി യൂട്യൂബർ ഹനാന്യ നഫ്താലി ഈ വർഷം ഏപ്രിൽ 26ന് എക്സ് അക്കൗണ്ടിൽ ഇസ്രഈലിന് 75-ാം സ്വാതന്ത്ര്യ ദിനം നേർന്നുകൊണ്ട് പങ്കുവെച്ച പോസ്റ്റിൽ ഹിന്ദുത്വ വാദിയായ വിനീത് സിങ് ആശംസകൾ നേർന്നിരുന്നു. സഹോദര രാജ്യത്തിന് സ്വാതന്ത്ര്യ ദിനാശംസകൾ എന്നതായിരുന്നു ഇയാളുടെ കമെന്റ്. എന്നാൽ ഒരു ഇസ്രഈലി അക്കൗണ്ടിൽ നിന്ന് ഇയാൾക്ക് ലഭിച്ച മറുപടി നമ്മൾ സഹോദരന്മാരല്ലെന്നും ഇന്ത്യക്കാർ ചാണകത്തിൽ മുങ്ങുന്നവരാണെന്നുമായിരുന്നു.

‘അല്ല, നമ്മൾ സഹോദരന്മാരല്ല. നമ്മൾ വ്യത്യസ്ത ജനതയാണ്. യൂറോപ്പിലെ രാജ്യങ്ങളെ പോലെയാണ് ഇസ്രഈൽ. എന്നാൽ ഇന്ത്യയോ ചാണകത്തിൽ മുങ്ങുന്നു,’ ഇസ്രഈൽ മറുപടി ലഭിച്ചു.

ഇസ്രഈൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ എക്സ് അക്കൗണ്ടിലും യുദ്ധം ആരംഭിച്ചത് മുതൽ ഹിന്ദുത്വ പ്രവർത്തകരുടെ പിന്തുണയും ഐക്യദാർഢ്യവും അറിയിച്ചുകൊണ്ടുള്ള ഹിന്ദി കമെന്റുകൾ കൊണ്ട് നിറയുകയാണ്. അതേസമയം, ഹീബ്രൂ ഭാഷയിലെ കമെന്റുകൾ നെതന്യാഹുവിന്റെ രാജി ആവശ്യപ്പെടുന്നതുമാണ്.

എന്നാൽ ഇന്ത്യൻ പിന്തുണ അറിയിച്ചുകൊണ്ടുള്ള കമെന്റുകൾക്ക് ഇസ്രഈലി അക്കൗണ്ടുകളിൽ നിന്ന് ശുഭകരമായ പ്രതികരണമല്ല ലഭിക്കുന്നത്. ഇസ്രഈലിന്റെയും ഇന്ത്യയുടെയും പതാകകൾ ഒരുമിച്ച് വെച്ച് ഇസ്രഈലിന്റെ പ്രതിച്ഛായ ഇല്ലാതാക്കരുതെന്നും ചാണകത്തിൽ കുളിക്കുകയും മൂത്രം (ഗോമൂത്രം) കുടിക്കുകയും ചെയ്യുന്നവരുടെ പിന്തുണ വേണ്ടെന്നുമുള്ള കമെന്റുകളാണ് മറുപടിയായി ലഭിക്കുന്നത്.

ഇസ്രഈൽ വംശീയവിദ്വേഷവും വർണവിവേചനവും നിറഞ്ഞ രാഷ്ട്രമാണെന്ന് ആംനസ്റ്റി ഇന്റർനാഷണൽ ഉൾപ്പെടെ ആരോപിച്ചിരുന്നു.

കഴിഞ്ഞ ദിവസം തന്റെ 1000 അനുയായികൾക്കൊപ്പം ഇസ്രഈലിൽ സ്ഥിരതാമസമാക്കണമെന്ന ആഗ്രഹവുമായി ലഖ്‌നൗവിൽ നിന്നുള്ള ക്ഷേത്ര പുരോഹിതൻ രംഗത്ത് വന്നിരുന്നു. നെതന്യാഹുവിനോട് തന്റെ ആഗ്രഹം അറിയിക്കാൻ ദൽഹിയിലെ ഇസ്രഈൽ എംബസിയെ ബന്ധപ്പെടുമെന്നും ഇയാൾ ഒരു വിഡിയോയിൽ പറഞ്ഞിരുന്നു.

Content Highlight: Hindutva accounts’ enormous support to Israel; Don’t want support of Dun bathers says Israeli profiles