D' Election 2019
ഹിന്ദുമതം കേരളത്തില്‍ സുരക്ഷിതമാണ്, മോദിയുടേയും ബി.ജെ.പിയുടെ നുണപ്രചരണങ്ങള്‍ വിശ്വസിക്കരുത്; ടി.എം. കൃഷ്ണ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Apr 22, 11:43 am
Monday, 22nd April 2019, 5:13 pm

ചെന്നൈ: കേരളം നാളെ പോളിങ്ങ് ബൂത്തിലേക്ക് പോകുമ്പോള്‍ കേരളത്തിലെ വോട്ടര്‍മാരോട് വിവേകത്തോടെ വോട്ടു ചെയ്യാന്‍ ആഹ്വാനം ചെയ്ത് പ്രശസ്ത സംഗീതജ്ഞന്‍ ടി.എം. കൃഷ്ണ. ഹിന്ദുമതവും സംസ്‌കാരങ്ങളും കേരളത്തില്‍ സുരക്ഷിതമാണെന്നും കൃഷ്ണ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

‘കേരളത്തില്‍ ഹിന്ദുമതവും സംസ്‌കാരവും പ്രതിസന്ധിയിലാണെന്ന തരത്തില്‍ മിസ്റ്റര്‍ മോദിയും ബി.ജെ.പിയും നടത്തുന്ന നുണപ്രചാരണങ്ങള്‍ ദയവു ചെയ്ത് വിശ്വസിക്കരുത്’- കൃഷ്ണ എഴുതുന്നു.

‘കേരളം നാളെ വോട്ടു ചെയ്യാന്‍ പോകും. കേരളത്തില്‍ ഹിന്ദുമതവും സംസ്‌കാരവും പ്രതിസന്ധിയിലാണെന്ന തരത്തില്‍ മിസ്റ്റര്‍ മോദിയും ബി.ജെ.പിയും നടത്തുന്ന നുണപ്രചാരണങ്ങള്‍ ദയവു ചെയ്ത് വിശ്വസിക്കരുത്. ഹിന്ദുമതം കേരളത്തില്‍ സുരക്ഷിതമാണ്. അതിനെ രക്ഷിക്കേണ്ട കാര്യമില്ല. യു.ഡി.എഫിന്റേയോ എല്‍.ഡി.എഫിന്റേയോ കീഴില്‍ ഹിന്ദു മത വിശ്വാസത്തെ ഇല്ലാതാക്കപ്പെട്ടിട്ടില്ല. ക്ഷേത്രാചാരങ്ങളും സംസ്‌കാരങ്ങളും ഇന്നും തുടര്‍ന്നു പോരുന്നു. രണ്ടു പതിറ്റാണ്ടുകള്‍ക്കിടെ സംസ്ഥാനത്തെ നിരവധി ക്ഷേത്രങ്ങളിലായി ഞാന്‍ നിരവധി സംഗീത പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. എനിക്കിത് ഉറപ്പോടെ പറയാന്‍ കഴിയും’ എന്നായിരുന്നു കൃഷ്ണയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം.

അതേസമയം കൃഷ്ണയുടെ പോസ്റ്റിന് കീഴില്‍ നിരവധി വിദ്വേഷ കമന്റുകള്‍ വന്നു നിറയുന്നുണ്ട്. ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി കൃഷ്ണയുടേത് കള്ളപ്രചരണമാണെന്ന തരത്തിലുള്ള കമന്റുകളും പോസ്റ്റിനു കീഴില്‍ വരുന്നുണ്ട്.

തീവ്ര ഹിന്ദുത്വവാദികള്‍ക്കെതിരായി നിരന്തരം സംസാരിക്കുന്ന ടി.എം. കൃഷ്ണ, കര്‍ണാടിക് സംഗീതത്തിലെ ജാതിയുടെ സാന്നിധ്യത്തെ നിരന്തരം ചോദ്യം ചെയ്തു കൊണ്ടിരുന്ന ആളാണ്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ന്യൂദല്‍ഹിയിലെ കൃഷ്ണയുടെ കച്ചേരി സംഘപരിവാര്‍ അനുകൂലികളുടെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ റദ്ദു ചെയ്തിരുന്നു. കര്‍ണാടിക് സംഗീതത്തില്‍ മുസ് ലിം, ക്രിസ്ത്യന്‍ ബിംബങ്ങളെ നിരന്തരം ഉപയോഗിക്കുന്നതിനും കൃഷ്ണയ്‌ക്കെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.