Kerala
ഇത് ഹിന്ദു രാഷ്ട്രമാണ്, ഹിന്ദുക്കള്‍ ഭൂരിപക്ഷമുള്ള ഏരിയയില്‍ കേറി കളിക്കരുത്; ഭീഷണിയുമായി ഹിന്ദു ഹെൽപ്പ് ലൈൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Jun 07, 02:09 am
Thursday, 7th June 2018, 7:39 am

തൃശ്ശൂര്‍: പെന്തകോസ്ത് മതപ്രചരണം എന്നാരോപിച്ച് മൂന്ന് യുവാക്കളെ ഹിന്ദു ഹെൽപ്പ് ലൈൻ ഭീഷണിപ്പെടുത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. കേരള ഹിന്ദു ഹെൽപ്പ് ലൈൻ എന്ന ഫേസ്ബുക്ക് പേജാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.



തൃശ്ശൂര്‍ ജില്ലയില്‍ ഗുരുവായൂരിനടുത്താണ് സംഭവം എന്ന് വീഡിയോ സൂചിപ്പിക്കുന്നു. ഇത് ഹിന്ദു രാഷ്ട്രമാണെന്നും ഹിന്ദു ഭൂരിപക്ഷമുള്ള ഏരിയയില്‍ കേറി കളിക്കണ്ടെന്നും, ഹിന്ദു ഭവനങ്ങളില്‍ കേറി മതപ്രചരണം നടത്തെണ്ടെന്നും യുവാക്കളെ ഭീഷണിപ്പെടുത്തുകയാണ് ഹിന്ദു ഹെൽപ്പ് ലൈൻ പ്രവര്‍ത്തകര്‍. ഇവരുടെ കയ്യിലുള്ള കടലാസ്സുകള്‍ കീറി കളയാന്‍ നിര്‍ബന്ധിക്കുന്നുമുണ്ട്.

ഇന്ത്യന്‍ ഭരണഘടന ആര്‍ട്ടിക്കിള്‍ 25-28 പ്രകാരം ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാനും പ്രചരിപ്പിക്കാനും ഓരോ വ്യക്തിക്കും അവകാശമുണ്ട്. ഇതിന്റെ പരസ്യമായ ലംഘനമാണ് തൃശ്ശൂര്‍ ജില്ലയിലെ ഹിന്ദു ഹെൽപ്പ് ലൈൻ പ്രവര്‍ത്തകര്‍ നടത്തിയത് മാത്രമല്ല ഇത് വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ അഭിമാനത്തോടെ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.

അക്ഷേപകരമായ കമന്റുകളാണ് വീഡിയോയുടെ താഴെ പലരും പോസ്റ്റ് ചെയ്തിരിക്കുന്നത്. ക്രിസ്റ്റ്യന്‍ ഭൂരിപക്ഷമുണ്ടായാല്‍ അവര്‍ ഹിന്ദുക്കളെ രാജ്യത്ത് നിന്ന് പുറത്താക്കുമെന്നും, മതം പ്രചരിപ്പിക്കുന്നവരെ തല്ലി കാലൊടിക്കണം എന്നൊക്കെയാണ് ഫേസ്ബുക്കിലെ കമന്റുകള്‍. ഇവരെ മര്‍ദിക്കാത്തതിലുള്ള നിരാശയും പലരും പങ്ക് വെയ്ക്കുന്നുണ്ട്.

വീഡിയോ പോസ്റ്റ് ചെയ്ത് 12 മണിക്കൂര്‍ പിന്നിടുമ്പോള്‍ 500ഓളം പേരാണ് ഇത് ഷെയര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഇനിയും നിയമ നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ല.