national news
ജഡ്ജിമാർ പൊതുമധ്യത്തില്‍ വ്യക്തമാക്കേണ്ട ഒന്നല്ല മതവിശ്വാസം; സ്വകാര്യതയാണ്: മുൻ ജസ്റ്റിസ് ഹിമ കോഹ്‌ലി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Sep 18, 12:02 pm
Wednesday, 18th September 2024, 5:32 pm

ന്യൂദല്‍ഹി: പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ പരോക്ഷ വിമര്‍ശനവുമായി വിരമിച്ച സുപ്രീം കോടതി ജസ്റ്റിസ് ഹിമ കോഹ്‌ലി. പൊതുസമൂഹത്തിന് മുന്നില്‍ ജഡ്ജിമാര്‍ മതവിശ്വാസം വ്യക്തമാക്കരുതെന്ന് ഹിമ കോഹ്‌ലി പറഞ്ഞു. വിശ്വാസവും ആത്മീയതയും മനുഷ്യ ജീവിതത്തിലെ സ്വകാര്യതകളാണെന്നും ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

വിനായക ചതുര്‍ത്ഥിയുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രൂഡ് തന്റെ വസതിയില്‍ വെച്ച് നടത്തിയ ഗണേശ പൂജയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത സംഭവത്തെ ഉദ്ധരിച്ചാണ് ഹിമ കോഹ്‌ലിയുടെ വിമര്‍ശനം. ടി.എന്‍.ഐ.ഇയുടെ സുചിത്ര കല്യാണ്‍ മൊഹന്തിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മുന്‍ ജഡ്ജി വിമര്‍ശനമുന്നയിച്ചത്.

വിശ്വാസവും ആത്മീയതും മതത്തില്‍ നിന്ന് വളരെ വ്യത്യസ്തമാണെന്നാണ് താന്‍ കരുതുന്നതെന്നും ഹിമ കോഹ്‌ലി പറഞ്ഞു. ഇക്കാര്യങ്ങള്‍ തമ്മില്‍ കൃത്യമായ വേര്‍തിരിവുകള്‍ വേണമെന്നും പൊതുസമൂഹത്തിന് മുമ്പില്‍ സ്വകാര്യമായി വെക്കേണ്ട ഒന്നാണ് മതവിശ്വാസമെന്നും ഹിമ കോഹ്‌ലി ചൂണ്ടിക്കാട്ടി.

ഒരു ജഡ്ജിയുടെ വ്യക്തിപരമായ താത്പര്യങ്ങളും നിലപാടുകളും നീതിന്യായ നിര്‍വഹണത്തെ വധിക്കുമെന്ന തോന്നല്‍ ജനങ്ങളില്‍ ഉണ്ടാകരുതെന്നും ഹിമ പറഞ്ഞു. സര്‍ക്കാരുകളും ജുഡീഷ്യറിയും തമ്മില്‍ വാദിക്കുന്ന ചില സാഹചര്യങ്ങള്‍ സമൂഹത്തിലുണ്ടാകാറുണ്ട്. അതെല്ലാം നീതി നിര്‍വഹണത്തിന്റെ ഭാഗമാണെന്നും ഹിമ കോഹ്‌ലി ചൂണ്ടിക്കാട്ടി.

പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക് രാജ്യം എന്നതിനര്‍ത്ഥം സമൂഹത്തിലെ എല്ലാവരെയും അംഗീകരിക്കുക എന്നതാണെന്നും ഹിമ കോഹ്‌ലി പറഞ്ഞു. നേരത്തെ മുതിര്‍ന്ന അഭിഭാഷകരാറായ ഇന്ദിരാ ജയ്സിങ്, പ്രശാന്ത് ഭൂഷണ്‍ ഉള്‍പ്പെടെയുള്ളവര്‍ ചീഫ് ജസ്റ്റിസിനും പ്രധാനമന്ത്രിക്കുമെതിരെ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഹിമ കോഹ്‌ലിയുടെ പരാമര്‍ശം.

എക്‌സിക്യൂട്ടീവും ജുഡീഷ്യറിയും തമ്മിലുള്ള അധികാര വിഭജനത്തില്‍ ചീഫ് ജസ്റ്റിസ് വിട്ടുവീഴ്ച ചെയ്തുവെന്നാണ് ഇന്ദിര ജയ്സിങ് പ്രതികരിച്ചത്. ചീഫ് ജസ്റ്റിസിന്റെ സ്വാതന്ത്ര്യത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും ഇന്ദിര ജയ്സിങ് പറഞ്ഞിരുന്നു.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് മോദിയുമായി സ്വകാര്യമായി കൂടിക്കാഴ്ച നടത്തിയത് ഞെട്ടിപ്പിക്കുന്നതാണെന്നായിരുന്നു പ്രശാന്ത് ഭൂഷന്റെ പ്രതികരണം. ചീഫ് ജസ്റ്റിസ് ജഡ്ജിമാര്‍ക്കുള്ള പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും അദ്ദേഹം പറയുകയുണ്ടായി.

ഇവര്‍ക്ക് പുറമെ പ്രതിപക്ഷ പാര്‍ട്ടികളും നേതാക്കളും മോദിയെയും ചീഫ് ജസ്റ്റിസിനെയും വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ശിവസേന ( യു.ബി.ടി) അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ, മുന്‍ ബീഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ഉള്‍പ്പെടെയുള്ള നേതാക്കളാണ് സി.ജെ.ഐക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നത്.

Content Highlight: Hima Kohli said that judges should not declare their religious beliefs in front of the public