ഇന്ത്യയില്‍ ജനാധിപത്യ സ്ഥാപനങ്ങള്‍ക്ക് നേരെ ഉയര്‍ന്ന ആക്രമണം: രാഹുല്‍ ഗാന്ധി
national news
ഇന്ത്യയില്‍ ജനാധിപത്യ സ്ഥാപനങ്ങള്‍ക്ക് നേരെ ഉയര്‍ന്ന ആക്രമണം: രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 9th September 2023, 8:10 am

ലണ്ടന്‍: ഇന്ത്യയിലെ ജനാധിപത്യ സ്ഥാപനങ്ങള്‍ക്ക് നേരെ ഉയര്‍ന്ന ആക്രമണമാണ് നടക്കുന്നതെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയുടെ ജനാധിപത്യ സംവിധാനങ്ങളെ ഞെരുക്കാനുള്ള ശ്രമത്തില്‍ യൂറോപ്യന്‍ യൂനിയനില്‍ ആശങ്കയുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

യൂറോപ്യന്‍ പര്യടനത്തിനിടെ ബെല്‍ജിയത്തിലെ ബ്രസല്‍സില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാഹുല്‍. യൂറോപ്പില്‍ ത്രിദിന സന്ദര്‍ശനത്തിന് എത്തിയതാണ് അദ്ദേഹം.

‘രാജ്യത്തിന്റെ ഭരണഘടന മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. ഇന്ത്യയെ ഭരിക്കുന്ന ആള്‍ക്കൂട്ടം നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യ ഘടനയെ തന്നെ ആക്രമിക്കുകയാണ്. ഞങ്ങള്‍ ജനാധിപത്യ പോരാട്ടം തുടരും. ഞങ്ങള്‍ ജനാധിപത്യം പരിപാലിക്കും. ജനാധിപത്യ സ്ഥാപനങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കും’, രാഹുല്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ റഷ്യ-ഉക്രൈന്‍ സംഘര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനോട് പ്രതിപക്ഷം യോജിക്കുകയാണെന്ന് രാഹുല്‍ പറഞ്ഞു. മണിപ്പൂര്‍ അടക്കമുള്ള വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്നാണ് റിപ്പോര്‍ട്ട്. മണിപ്പൂര്‍ കലാപത്തെക്കുറിച്ച് സ്വതന്ത്രാന്വേഷണം വേണമെന്നാവശ്യപ്പെട്ട് നേരത്തേ യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് പ്രമേയം പാസാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ചര്‍ച്ച.

ഇതിനിടെ, രാഹുല്‍ ഗാന്ധിയുടെ യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങളുമായുള്ള കൂടിക്കാഴ്ച വിജയകരമാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. കൂടിക്കാഴ്ചയ്ക്ക് ശേഷം രാഹുല്‍ സമൂഹ സംഘടനകള്‍ സംഘടിപ്പിച്ച പരിപാടിയിലും പങ്കെടുത്തു.

Content Highlights: High level of attack on democratic institutions in India, says Rahul Gandhi at Brussels