മോഡിഫൈ ചെയ്ത വാഹനങ്ങൾ പിടിച്ചെടുത്ത് ആക്രിയാക്കണം; നിർദേശവുമായി ഹൈക്കോടതി
Kerala
മോഡിഫൈ ചെയ്ത വാഹനങ്ങൾ പിടിച്ചെടുത്ത് ആക്രിയാക്കണം; നിർദേശവുമായി ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th July 2024, 9:32 pm

കൊച്ചി: വാഹനങ്ങള്‍ മോഡിഫൈ വരുത്തുന്നതിനെതിരെ കടുത്ത നടപടിയുമായി ഹൈക്കോടതി. എന്‍ജിന്‍ ഉള്‍പ്പെടെ രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുവദിക്കരുതെന്നും ഇത്തരത്തില്‍ രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ പിടിച്ചെടുത്ത് ആക്രി ആക്കണമെന്നുമാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്.

ഹൈക്കോടതി ജസ്റ്റിസുമാരായ അനില്‍ കെ. സുരേന്ദ്രന്‍, ഹരിശങ്കര്‍ വി. മേനോന്‍ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഈ വിധി പുറത്തുവിട്ടത്. വാഹനങ്ങളിലെ നിയമലംഘനുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിക്കുമ്പോള്‍ ആയിരുന്നു ഇരുവരും തങ്ങളുടെ അഭിപ്രായം പറഞ്ഞത്.

വയനാട് പനമരത്ത് നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ ആകാശ് തിലങ്കേരി രൂപമാറ്റം വരുത്തിയ ജീപ്പില്‍ യാത്രചെയ്ത് പശ്ചാത്തലത്തില്‍ ആയിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ പരാമര്‍ശം. മോഡിഫൈ ചെയ്ത പിടിച്ചെടുത്ത വാഹനങ്ങള്‍ പിന്നീട് ഉടമകള്‍ക്ക് വിട്ടു നല്‍കരുതെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.

ഇതിനുമുമ്പ് തന്നെ വാഹനങ്ങളില്‍ മാറ്റം വരുത്തുന്നതിനെതിരെ ഹൈക്കോടതി കര്‍ശനമായ നിലപാടുകള്‍ സ്വീകരിച്ചിരുന്നു. വാഹനങ്ങളില്‍ വലിയ തോതില്‍ മോഡിഫൈ വരുത്തുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സുകള്‍ മോട്ടോര്‍ വാഹന നിയമം 190(2) വകുപ്പുപ്രകാരം സസ്‌പെന്‍ഡ് ചെയ്യുകയും ഇതിനെതിരെ ഉടമകള്‍ അയ്യായിരം രൂപ പിഴ അടയ്ക്കുകയും ചെയ്യണമെന്നും വാഹനങ്ങളുടെ ആര്‍.സി ബുക്ക് സസ്‌പെന്‍ഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യണമെന്നും ഹൈക്കോടതി ഇതിനുമുമ്പ് നിര്‍ദ്ദേശം പുറത്തുവിട്ടിരുന്നു.

അടുത്തിടെ സ്വന്തം വാഹനത്തില്‍ സ്വിമ്മിംഗ് പൂള്‍ ഉണ്ടാക്കുകയും അതുമായി നിരത്തിലിറങ്ങുകയും ചെയ്ത യൂട്യൂബ് സഞ്ജു ടെക്കിക്കെതിരെ ഹൈക്കോടതി സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വാഹനത്തില്‍ സ്വിമ്മിങ്ങ് പൂള്‍ ഉണ്ടാക്കിയ വീഡിയോ സഞ്ജു യൂട്യൂബില്‍ പ്രചരിപ്പിച്ചിരുന്നു. ഇതിനുപിന്നാലെ ആയിരുന്നു സഞ്ചു ടെക്കിനെതിരെ കര്‍ശനടപടി സ്വീകരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിനോട് ഹൈക്കോടതി ആവശ്യപ്പെട്ടത്.

 

Content Highlight: High Court takes action against modification of vehicles