കൊച്ചി: സംസ്ഥാനത്തെ തെരുവ് നായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതിയുടെ പ്രത്യേക സിറ്റിങ് ഇന്ന് നടക്കും. വൈകിട്ട് മൂന്ന് മണിയ്ക്കാണ് ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, പി. ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിഷയം പരിഗണിക്കുക. തെരുവ് നായകളുടെ ആക്രമണത്തില്‍ നിന്ന് പൗരന്‍മാരെ സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാറിനുണ്ടെന്ന് ഡിവിഷന്‍ ബഞ്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
പൊതു നിരത്തുകളിലെ അക്രമകാരികളായ നായകളെ കണ്ടെത്തി ഉചിതമായ സ്ഥലങ്ങളില്‍ പാര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശം നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഇന്ന് കോടതിയെ അറിയിക്കണം. നായകളെ കൊന്ന് നിയമം കൈയ്യിലെടുക്കരുതെന്ന് ജനത്തെ ബോധവല്‍ക്കരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.
അതേസമയം, പേവിഷ പ്രതിരോധത്തിനായി അടിയന്തര കര്‍മ പദ്ധതി പ്രഖ്യാപിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ആരോഗ്യ- തദ്ദേശ- മൃഗസംരക്ഷണ വകുപ്പുകള്‍ സംയുക്തമായാണ് പദ്ധതി നടപ്പാക്കുക.
തെരുവ് നായ ശല്യം രൂക്ഷമായ ഹോട്ട്‌സ്‌പോട്ടുകളില്‍ സമ്പൂര്‍ണ വാക്‌സിനേഷന്‍ നടത്തും. സ്‌കൂള്‍ പരിസരങ്ങളും കുട്ടികള്‍ കൂടുതലുള്ള സ്ഥലങ്ങള്‍ക്കും ആയിരിക്കും വാക്‌സീനേഷന് മുന്‍ഗണന. രജിസ്‌ട്രേഷന്‍ ചെയ്യുന്ന പട്ടികള്‍ക്ക് മെറ്റല്‍ ടോക്കണ്‍ അല്ലെങ്കില്‍ കോളര്‍ ഘടിപ്പിക്കും. ഹോട്‌സ്‌പോട്ട് ഉള്ള എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും നായകള്‍ക്ക് ഷെല്‍ട്ടര്‍ ഒരുക്കും. സ്ഥിരം സംവിധാനമാകുന്നത് വരെ താല്‍ക്കാലിക ഷെല്‍ട്ടറുകള്‍ കണ്ടെത്തും.
തെരുവ് മാലിന്യം നീക്കാന്‍ അടിയന്തര നടപടി സ്വീകരിക്കും. പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചാല്‍ കടുത്ത നടപടിയുണ്ടാകും. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജനകീയ കമ്മിറ്റികള്‍ നിലവില്‍ വരും. സംസ്ഥാന തലത്തില്‍ രണ്ടാഴ്ചയിലൊരിക്കലും ജില്ലകളില്‍ എല്ലാ ആഴ്ചയും അവലോകനം നടത്തും. തദ്ദേശ സ്ഥാപനങ്ങളില്‍ ദിവസവും അവലോകനം നടത്തും. ജനങ്ങള്‍ക്ക് പുരോഗതി അറിയാന്‍ ഡാഷ് ബോര്‍ഡ് സംവിധാനം നിലവില്‍ വരും.
ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം 514ഉം മൃഗസംരക്ഷണവകുപ്പിന്റെ കണക്കില്‍ 170 ഹോട്‌സ്‌പോട്ടുകളുമാണ് സംസ്ഥാനത്തുള്ളത്. ദിവസേനയുള്ള നായ കടിയുടെ എണ്ണത്തിനനുസരിച്ച് ഇതില്‍ മാറ്റം വരാമെന്നാണ് സ്ഥിരീകരണം.
നായ കടിയേറ്റവര്‍ ചികിത്സ തേടിയ ആരോഗ്യകേന്ദ്രങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് ആരോഗ്യവകുപ്പ് ഹോട്‌സ്‌പോട്ട് തയാറാക്കിയത്. പ്രതിമാസം പത്തോ അതില്‍ കൂടുതലോ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്തെയാണ് ഹോട്‌സ്പോട്ടായി കണക്കാക്കുന്നത്. ജനുവരി മുതല്‍ ആഗസ്റ്റ് വരെ റിപ്പോര്‍ട്ട് ചെയ്തവ അനുസരിച്ചാണിത്.
തെരുവുനായ്ക്കള്‍ വളര്‍ത്തുമൃഗങ്ങളെ കടിച്ച സംഭവങ്ങളെ ആസ്പദമാക്കിയാണ് മൃഗസംരക്ഷണ വകുപ്പ് ഹോട്‌സ്‌പോട്ട് തയാറാക്കിയത്. മൃഗസംരക്ഷണ വകുപ്പിന്റ കണക്ക് പ്രകാരം തിരുവനന്തപുരം ജില്ലയിലാണ് കൂടുതല്‍ ഹോട്‌സ്പോട്ടുകള്‍. ഒരു ഹോട്‌സ്പോട്ടുള്ള ഇടുക്കിയിലാണ് ഏറ്റവും കുറവ്.
പാലക്കാട് മുനിസിപ്പാലിറ്റിയില്‍ മാത്രം 641 നായ് കടി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ കൂടുതല്‍ നായ കടിയറ്റേ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇവിടെയാണ്. അടൂര്‍, അരൂര്‍, പെര്‍ള എന്നിവിടങ്ങളില്‍ 300ല്‍ അധികം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.