Kerala News
എം.എം. ലോറന്‍സിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്‌കരിക്കണമെന്ന ഹരജി തള്ളി ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Dec 18, 05:06 am
Wednesday, 18th December 2024, 10:36 am

കൊച്ചി: സി.പി.ഐ.എം നേതാവ് എം.എം. ലോറന്‍സിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്‌കരിക്കണമെന്ന ഹരജി തള്ളി ഹൈക്കോടതി. എം.എം. ലോറന്‍സിന്റെ പെണ്‍മക്കള്‍ നല്‍കിയ ഹരജിയാണ് തള്ളിയത്.

മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജ് ഏറ്റെടുത്ത നടപടി കോടതി ശരിവെച്ചു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി.

മക്കളായ സുജാത, ആശ ലോറന്‍സ് നല്‍കിയ ഹരജിയാണ് കോടതി തള്ളിയത്. ഹൈക്കോടതി നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ആശ ലോറന്‍സ് അറിയിച്ചു. നേരത്തെ ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചും പെണ്‍മക്കളുടെ ഹരജി തള്ളിയിരുന്നു.

രണ്ട് സാക്ഷികളുടെ സാന്നിധ്യത്തില്‍ മകന്‍ എം.എം. സജീവിനോട് തന്റെ മൃതദേഹം മെഡിക്കല്‍ കോളേജിന് പഠനാവശ്യത്തിന് വിട്ടുനല്‍കണമെന്ന് ലോറന്‍സ് പറഞ്ഞിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.

എന്നാല്‍ പാര്‍ട്ടിയും മകനും ചേര്‍ന്ന് അച്ഛന്റെ കാര്യം തീരുമാനിക്കുകയാണെന്നായിരുന്നു പെണ്‍മക്കളുടെ ആരോപണം. അച്ഛന്റെ കാര്യം അവര്‍ക്ക് കൂടി തീരുമാനിക്കാന്‍ അനുവാദമുണ്ടെന്നും തങ്ങളോട് ചോദിക്കാതെയാണ് മൃതദേഹം മെഡിക്കല്‍ കോളേജിന് വിട്ടുകൊടുക്കാന്‍ തീരുമാനിച്ചതെന്നും മകള്‍ ആശ ലോറന്‍സ് ആരോപിച്ചിരുന്നു.

ഇതിനെ തുടർന്ന് സെപ്റ്റംബറില്‍ എറണാകുളം ടൗണ്‍ ഹാളില്‍ നടന്ന പൊതുദര്‍ശത്തിനിടെ നാടകീയ സംഭവങ്ങളാണ് ഉണ്ടായത്. പെണ്‍മക്കള്‍ എം.എം. ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളേജിന് വിട്ടുകൊടുക്കരുതെന്ന് ആവശ്യപ്പെട്ടതോടെ കയ്യാങ്കളി വരെ നടന്നിരുന്നു.

ഇതിനുപിന്നാലെയാണ് എം.എം. സജീവന്‍ ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കിയത്. ഇതിനെതിരെ നല്‍കിയ ഹരജിയില്‍ മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ കോടതി വിധി ഉണ്ടായിരിക്കുന്നത്.

Content Highlight: High Court rejected the plea that MM Lorance’s body should be cremated according to religious rites